മാസപ്പിറവി ദൃശ്യമായി; ഇനി നോമ്പിന്റെ പുണ്യമാസം : കേരളത്തില്‍ ഞായറാഴ്ച റംസാൻ വ്രതാരംഭം
കാഞ്ഞിരപ്പള്ളി : കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മാസപ്പിറവി ദൃശ്യമായത്തോടെ, കേരളത്തിലെ ഇസ്ലാം മത വിശ്വാസികൾക്ക് ഒരു മാസം നീളുന്ന റംസാൻ വൃതാനുഷ്‌ടാനത്തിന് ഞായറാഴ്ച തുടക്കമാകുന്നു.
പുണ്യങ്ങളുടെ പെരുമഴക്കാലമാണ് വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ മാസം. ജീവിതകാലത്ത് ചെയ്ത എല്ലാ തിന്മകളെയും കരിച്ചു കളയാൻ റമദാനിലെ ആരാധനാ കർമങ്ങൾക്ക് സാധിക്കുമെന്നാണ് ഇസ്‌ലാം വിശ്വാസികളുടെ പ്രതീക്ഷ. നരകവാതിൽ കൊട്ടിയടക്കപ്പെടുകയും സ്വർഗ്ഗവാതിൽ തുറക്കപ്പെടുകയും പിശാച് ബന്ധനസ്ഥനാക്കപ്പെടുകയും ചെയ്യുന്നു ഈ മാസത്തിൽ. ശാരീരികമായും ആത്മീയമായുമുള്ള ശുദ്ധീകരണമാണ് നോമ്പ് മൂലം ലക്ഷ്യമിടുന്നത്. ആഹാര നിയന്ത്രണമാണ് നോമ്പിന്റെ ഭൗതിക ഗുണങ്ങളിൽ ഏറ്റവും പ്രധാനം.
നോമ്പ് തുടങ്ങി ഒരു മാസം ഉദയം മുതൽ അസ്തമയം വരെ അന്നപാനീയങ്ങളും മറ്റു ആസക്തികളും പരിത്യജിച്ച്, ആത്മീയതയുടെ നിർവൃതിയിൽ വിശ്വാസികൾ കഴിച്ചു കൂട്ടും. ആരാധനാ കർമങ്ങളിലും പ്രാർഥനകളിലും മുഴുകും. ഖുർആൻ പഠനത്തിനും പാരായണത്തിനും കൂടുതൽ സമയം നീക്കി വയ്ക്കും. നിർബന്ധവും ഐച്ഛികവുമായ ദാനധർമങ്ങൾ റംസാൻ കാലത്ത് സജീവമാക്കും.
വിശുദ്ധിയും ദൈവഭക്തിയും അച്ചടക്കവും സഹജീവി സ്നേഹവും പരോപകാരപ്രിയവും ഉള്ള വിശ്വാസി സമൂഹത്തെ രൂപപ്പെടുത്താനുള്ള പരിശീലനകാലം കൂടിയാണ് റമദാൻ. യഥാർഥ മുസ്‌ലിം എങ്ങനെയാകണമെന്നാണോ സൃഷ്ടാവ് ആഗ്രഹിക്കുന്നത്, അതിലേയ്ക്ക് മനസിനെയും ശരീരത്തെയും പാകപ്പെടുത്താൻ ഈ പരിശീലനം വിശ്വാസിയെ പ്രാപ്തനാക്കും എന്ന് കരുതപ്പെടുന്നു.
റംസാൻ വിപണികളും ഉണർന്നു. മുസ്ലിം വീടുകളിലും പള്ളികളിലും ഒരുക്കങ്ങൾ നേരത്തെ ആരംഭിച്ചിരുന്നു. പള്ളികളിൽ രാത്രിയിൽ പ്രത്യേകമായി നടത്തുന്ന തറാവീഹ് നമസ്കാരവും ആരംഭിച്ചു.
ഈ ഒരു മാസക്കാലം പ്രഭാതം മുതൽ സന്ധ്യ വരെ ഭക്ഷണ പാനീയങ്ങൾ ഉപേക്ഷിച്ച് മനസും ശരീരവും പ്രാർത്ഥനകൾക്കായി അർപ്പിക്കും. മസ്ജിദുകളിൽ സന്ധ്യാ നമസ്കാരത്തോടെ വിശ്വാസികൾ ഒരുമിച്ചാണ് നോമ്പ് തുറക്കുക.
പള്ളികൾ കൂടാതെ സമൂഹ നോമ്പ് തുറ വേദികൾ പലയിടത്തും തയ്യാറായിക്കഴിഞ്ഞു. കാരയ്ക്ക, കഞ്ഞി മുതലായവയാണ് നോമ്പ് വിഭവങ്ങളിൽ പതിവായുണ്ടാവുക. നോമ്പ് കാലത്ത് ദാനം നൽകൽ കൂടുതൽ പുണ്യം പകരുമെന്നതിനാൽ സാധുക്കളെ സഹായിക്കുന്നത് ഉൾപ്പടെ സേവനങ്ങളുമുണ്ടാകും. ഒരു മാസം നീളുന്ന റംസാൻ അവസാനിക്കുന്നത് മാസപ്പിറവി ദൃശ്യമാകുന്നതോടെയാണ്. പിറ്റേന്ന് പള്ളികളിൽ ചെറിയ പെരുന്നാൾ നമസ്കാരത്തോടെയാണ് റംസാൻ മാസത്തിന് വിട നൽകുക. പ്രളയവും കോവിഡ് നിയമങ്ങളും മൂലം നിയന്ത്രണങ്ങളിൽ ഒതുങ്ങിയിരുന്നു കഴിഞ്ഞ റംസാൻ കാലങ്ങൾ. ഇത്തവണ നിയന്ത്രണങ്ങൾ ഒഴിഞ്ഞത് ഏറെ ആശ്വാസം പകരുകയാണ്.