സംശയരോഗം : ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിൽ ആയിരുന്ന യുവതി മരിച്ചു

പൊൻകുന്നം ∙ ഭർത്താവ് കറിക്കത്തി ഉപയോഗിച്ച് കഴുത്തറുത്തതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു. എലിക്കുളം മല്ലികശേരി കണ്ണമുണ്ടയിൽ ബിനോയ് ജോസഫാണ് (48) ഭാര്യ സിനിയെ (44) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കഴുത്തിൽ ഗുരുതര മുറിവേറ്റ സിനി പാലാ മെഡിസിറ്റി ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ മരിച്ചു. അറസ്റ്റിലായ ബിനോയ് റിമാൻഡിലാണ്.

കഴിഞ്ഞ 9നു രാത്രിയാണ് ബിനോയ് കറിക്കത്തി ഉപയോഗിച്ച് സിനിയുടെ കഴുത്തറുത്തത്. അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന 18, 15 വയസ്സുള്ള ആൺമക്കൾ അമ്മയുടെ നിലവിളി കേട്ട് ഉണർന്ന് അയൽവാസികളെ വിളിച്ചുകൂട്ടിയാണു സിനിയെ ആശുപത്രിയിലെത്തിച്ചത്. വിവരം അറിഞ്ഞെത്തിയ എസ്എച്ച്ഒ സജിൻ ലൂയിസിന്റെ നേതൃത്വത്തിൽ പൊലീസ് ബിനോയിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സംശയരോഗത്തെ തുടർന്ന് ബിനോയ് ഭാര്യ സിനിയുമായി മിക്കവാറും വഴക്കുണ്ടാക്കുകയും മർദിക്കുകയും ചെയ്യുമായിരുന്നെന്നു പൊലീസ് പറഞ്ഞു. വെച്ചൂച്ചിറ കല്ലൂക്കുളങ്ങര കുടുംബാംഗമാണ് സിനി. മക്കൾ: ലിയോ, ലിതിൻ . മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം ഇന്നു 10ന് മല്ലികശ്ശേരി സെന്റ് തോമസ് പള്ളി സിമിത്തേരിയിൽ.

കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എൻ .ബാബുക്കുട്ടൻ , പൊൻകുന്നം പോലീസ് എസ്.എച്ച്.ഒ. സജിൻ ലൂയിസ്, എസ്.ഐ. ടി.ജി.രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

error: Content is protected !!