റബ്ബർ കർഷകർക്ക് ആശ്വാസമേകുവാൻ ഓട്ടോമാറ്റിക് റബ്ബർ ടാപ്പിംഗ് യന്ത്രം

 March 14, 2018 

കാഞ്ഞിരപ്പള്ളി : റബ്ബർ കർഷകർ ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് നല്ല ടാപ്പിംഗ് തൊഴിലാളികളുടെ അഭാവത്തിലാണ്. എന്നാൽ ഇനി കർഷകർക്ക് വളരെ എളുപ്പം സ്വയം ടാപ്പ് ചെയ്യുവാൻ സാധിക്കുന്ന ഓട്ടോമാറ്റിക് റബ്ബർ ടാപ്പിംഗ് യന്ത്രം കാഞ്ഞിരപ്പള്ളിയിലും എത്തിക്കഴിഞ്ഞു. ചിറക്കടവ് മോഡല്‍ റബ്ബർ ഉദ്പാദക സംഘത്തില്‍ പുതിയതായി കണ്ടുപിടിച്ച ടാപ്പിംഗ് മെഷിന്റെ പ്രദർശനവും ട്രെയിനിങ്ങും നടത്തി. ( വീഡിയോ കാണുക ) 

പ്രദർശനത്തിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യൂ അറക്കല്‍ നിർവഹിച്ചു. റബ്ബർ മേഖല അഭിമുഖികരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണാന്‍ യന്ത്രവത്കൃത റബ്ബർ ടാപ്പിംഗിലൂടെ സാധ്യമാണന്ന് അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു . ടാപ്പിംഗ് തൊഴിലാളികളെ കിട്ടുവാന്‍ ഏറെ ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ടാപ്പിംഗ് പരിചയമില്ലാത്ത ആര്‍ക്കും ഈ മെഷീന്‍ ഉപയോഗിച്ച റബ്ബർ ടാപ്പു ചെയ്യുവാൻ സാധിക്കുമെന്ന് സൂചിപ്പിച്ചു. 

മൂഴൂര്‍ സ്വദേശി സക്കറിയാസ് മാത്യു മാടപ്പള്ളിമറ്റം ആണ് ടാപ്പിംഗ് മെഷീന്‍ രൂപകല്പന ചെയ്ത് നിര്‍മ്മിച്ചത്. മെഷീന്റെ അന്താരാഷ്ര്ട പേറ്റന്റ് അവകാശവും ഇദ്ദേഹത്തിന്റെ പേരില്‍ തന്നെയാണ്.

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ കണ്‍സള്‍ട്ടന്റും വിസിറ്റിംഗ് ലക്ചററുമാണദ്ദേഹം. ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ ടാപ്പിംഗിനുള്ള കര്‍ഷകരുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ കഴിയുന്ന ഒരു ടാപ്പിംഗ് യന്ത്രം വികസിപ്പിച്ചെടുക്കുവാൻ അദ്ദേഹത്തോട് നിര്‍ദ്ദേശിക്കുകയുണ്ടായി. അതനുസരിച്ചാണ് പുതിയ മെഷീന്‍ നിര്‍മ്മിക്കുവാന്‍ സക്കറിയാസ് മാത്യു മുന്നിയിട്ടിറങ്ങിയത് . കഴിഞ്ഞ ഏതാനും മാസങ്ങളിലായി കേരളത്തിലെ പല സ്ഥലങ്ങളിലും മെഷീന്‍ പരിചയപ്പെടുത്തുകയും ടാപ്പിംഗ് നടത്തുകയും ചെയ്തിരുന്നു. ഇതില്‍ നിന്ന് കര്‍ഷകരില്‍ നിന്നും തൊഴിലാളികളില്‍ നിന്നുമുള്ള അഭിപ്രായങ്ങള്‍ കേള്‍ക്കുകയും വേണ്ട മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. ഇപ്പോഴും പരീക്ഷണാടിസ്ഥാനത്തില്‍ തന്നെയാണ് ടാപ്പിംഗ് നടത്തുന്നത്. ഇന്‍ഡ്യന്‍ റബ്ബർ ഗവേഷണ കേന്ദ്രത്തിലും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു അധികൃതര്‍ ആവശ്യപ്പെട്ട മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 

ഇന്‍ബില്‍റ്റ് സെന്‍സറുകളുടെ സഹായത്തോടെ ടാപ്പിംഗ് ആഴത്തില്‍ തൊലി ചെത്തുകയും ടാപ്പിംഗ് പൂര്‍ത്തിയാക്കുകയും ചെയ്യുമ്പോൾ മരത്തിന്റെ ആയുസ് 15 വര്‍ഷം വരെ വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുമെന്ന് ഇദ്ദേഹം പറയുന്നു. മണിക്കൂറില്‍ 300 മരങ്ങള്‍ വരെയും ഈ മെഷീന്‍ ഉപയോഗിച്ച് ടാപ്പ് ചെയ്യാമെന്ന് അദ്ദേഹം അവകാശപ്പെട്ടു. 

ഇതിനോടകം സക്കറിയാസ് മാത്യു 300 ഓളം വിവിധ മെഷീനുകള്‍ രൂപകൽപന ചെയ്തിട്ടുണ്ട്. അവയില്‍ 27 മെഷീനുകള്‍ക്ക് ഇന്ത്യന്‍ അന്താരാഷ്ര്ട പേറ്റന്റ് അവകാശം നേടിയിട്ടുള്ളതാണ്. തെങ്ങുകയറ്റ റോബോര്‍ട്ട്, ആനയെ തളയ്ക്കുവാനുള്ള റിമോര്‍ട്ട് കണ്‍ട്രോള്‍ സംവിധാനം, സ്ത്രീ സുരക്ഷയ്ക്കുവേണ്ടി ജി.പി.എസ്. തുടങ്ങിയവ ശ്രദ്ധേയമാണ്. ഇന്‍ഡ്യയിലെ ഏതാനും വന്‍കിട വ്യവസായ സ്ഥാപനങ്ങളുടെ മെക്കാനിക്കല്‍ കള്‍സള്‍ട്ടന്റ് കൂടിയാണിദ്ദേഹം. ഇദ്ദേഹം നിർമ്മിച്ച തിരുപ്പതി ബാലാജി ക്ഷേത്രത്തിലെ കൊളാപ്‌സബിള്‍ ബ്രിഡ്ജും, സപ്തദരവും അദ്ദഹത്തിനു വളരെയധികം ആദരവ് നേടിക്കൊടുത്തു. 

പ്രദർശന ഉദ്ഘാടന സമ്മേളനത്തില്‍ ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ.ജയാ ശ്രീധര്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷക്കീലാ നസീര്‍, ഷാജിമോന്‍ ജോസ് ഒറ്റപ്ലാക്കല്‍, സക്കറിയാസ് മാത്യൂ, ഫാ. വര്‍ഗ്ഗീസ് പരിന്തിരി, ഫാ. ജോസ് മംഗലത്തില്‍, പഞ്ചായത്തംഗം സോമ അനീഷ്, സഹകരണ ബാങ്ക് പ്രസിഡന്റ് പി.എന്‍ ദാമോദരന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!