പ്ലാച്ചേരിയിൽ വീണ്ടും അപകടം : ഓട്ടോയും മിനി ബസും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്.

എരുമേലി : പ്ലാച്ചേരി ഭാഗത്ത് കുറെ നാളുകളായി അപകടങ്ങൾ തുടർകഥയാവുകയാണ് . കഴിഞ്ഞ ദിവസങ്ങളിൽ അപകടങ്ങളുണ്ടായ എരുമേലി റാന്നി റോഡിൽ പ്ലാച്ചേരിക്കും മുക്കടയ്ക്കും മധ്യേ ആണ് വീണ്ടും ഇന്ന് അപകടം ഉണ്ടായത്. മിനി ബസും ഓട്ടോറിക്ഷയും തമ്മിലിടിക്കുകയായിരുന്നു. ഓട്ടോയിൽ സഞ്ചരിച്ച കോരുത്തോട് പനയ്ക്കച്ചിറ സ്വദേശികളായ ഉണ്ണി, ഷിജോ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.

ഉണ്ണിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ഷിജോയെ കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് അപകടം. വിവാഹ ഓട്ടം കഴിഞ്ഞ് പത്തനംതിട്ടയിലേക്ക്‌ പോവുകയായിരുന്ന മിനി ട്രാവലർ ബസും എതിരെ മുക്കടയിലേക്ക്‌ വരികയായിരുന്ന ഓട്ടോറിക്ഷയും തമ്മിൽ ഇടിയ്ക്കുകയായിരുന്നു. ബസിന്റെ മുൻഭാഗത്തേക്ക് ഇടിച്ചു കയറിയ ഓട്ടോ പൂർണമായും തകർന്ന നിലയിലാണ്.

മണിമല പോലിസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു. കഴിഞ്ഞ ദിവസം ഇതേ ഭാഗത്ത് കാർ നിയന്ത്രണം തെറ്റി മറിഞ്ഞ് യുവാവായ ഡ്രൈവർ മരണപ്പെട്ടിരുന്നു. തുടർച്ചയായി ഇവിടെ അപകടങ്ങൾ ആവർത്തിക്കുകയാണ്. വേഗതാ നിയന്ത്രണ സംവിധാനങ്ങൾ ഉൾപ്പടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ സ്ഥാപിച്ച് അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.

error: Content is protected !!