പൊൻകുന്നത്ത് കടകളിൽ തീപിടിത്തം, ലക്ഷങ്ങളുടെ നാശനഷ്ടം ..
പൊൻകുന്നം : കെ.വി.എം.എസ്.റോഡിലെ കോംപ്ലക്‌സിൽ തീപടർന്ന് നാലുഷട്ടറിലായുള്ള രണ്ട് കടകൾ കത്തിനശിച്ചു. ഒരു സ്പെയർപാർട്‌സ് കടയും മൂന്നുഷട്ടറിനുള്ളിലായി പ്രവർത്തിക്കുന്ന എണ്ണക്കടയുമാണ് പൂർണമായി കത്തിപ്പോയത്. കടകൾക്കുള്ളിലെ സാമഗ്രികൾ മുഴുവൻ കത്തിയമർന്നു.
പൊൻകുന്നം ഞള്ളത്തിൽ രാജാലയം അശോക് കുമാറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് തിങ്കളാഴ്ച വൈകീട്ട് 7.15-ന് തീപിടിത്തമുണ്ടായത്. ചിറക്കടവ് പഞ്ചായത്ത് ഓഫീസ് വളവുകഴിഞ്ഞുള്ള കെട്ടിടമാണിത്. രണ്ട് അഗ്നിരക്ഷാ യൂണിറ്റുകൾ രണ്ടുമണിക്കൂർ ശ്രമിച്ചാണ് തീയണച്ചത്.
കെട്ടിടഉടമയായ അശോക് കുമാറിന്റെ സ്റ്റാർ ഓട്ടോ സ്പെയേഴ്‌സ് എന്ന സ്പെയർപാർട്‌സ് കടയിലാണ് ആദ്യം തീപടർന്നത്. കടയടച്ച് അശോക് കുമാർ വീട്ടിലേക്ക് പോയിരുന്നു. ഇതിനുള്ളിൽ നിന്ന് പുറത്തേക്ക് തീപടർന്ന് സമീപത്തെ ഷട്ടറുകളിലേക്കും വ്യാപിക്കുകയായിരുന്നു.
കുന്നുംഭാഗം മുണ്ടുവേലിക്കുന്നേൽ ബിനോയ് മാത്യുവിന്റെ എണ്ണവില്പനക്കടയാണ് മൂന്നുഷട്ടറിലായുള്ളത്. ഈ സ്ഥാപനം പൂർണമായും നശിച്ചു. തൊട്ടടുത്ത് ഇദ്ദേഹത്തിന്റെതന്നെ ഏയ്ഞ്ചൽ ഓട്ടോപാർട്‌സിലേക്ക് തീപടർന്നില്ല. തീപിടിത്തം കണ്ട് ബിനോയ് മാത്യു കുഴഞ്ഞുവീണു. ഇദ്ദേഹത്തെ പൊൻകുന്നം അരവിന്ദ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാഞ്ഞിരപ്പള്ളി, പാമ്പാടി എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷായൂണിറ്റുകളാണ് രക്ഷാപ്രവർത്തനം നടത്തിയത്. തീപിടിത്തമുണ്ടായ കെട്ടിടത്തിന്റെ മുകൾനില ഓയിൽകടയുടെ സംഭരണശാലയാണ്. ഇവിടേക്ക് തീപടർന്നാൽ സമീപത്തെ മറ്റുകടകൾക്കും നാശമുണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ആവശ്യമായ മുന്നൊരുക്കങ്ങൾ അഗ്നിരക്ഷാസേന നടത്തി. സമീപകെട്ടിടങ്ങളിലെ വൈദ്യുതിബന്ധം ആദ്യംതന്നെ വിച്ഛേദിച്ചു.
ഓയിൽ, റബ്ബർ പാർട്‌സ് എന്നിവയിൽ തീ പടർന്നതോടെ പെട്ടെന്ന് പരിസരമാകെ തീയും പുകയും നിറഞ്ഞു. ഓയിൽ ഉൾപ്പെടെയുള്ളവയിൽ തീപടർന്ന് സ്ഫോടന ശബ്ദത്തോടെ കത്തിപ്പടർന്നപ്പോൾ തീയണയ്ക്കുന്നത് ശ്രമകരമായിരുന്നു.