ലാറ്റക്സ് ഇറക്കുമതി ചുങ്കം ഒഴിവാക്കരുത് : കത്തോലിക്ക കോൺഗ്രസ്

കാഞ്ഞിരപ്പള്ളി: ലാറ്റക്സ് ഇറക്കുമതി ചുങ്കം പൂർണ്ണമായും ഒഴിവാക്കണമെന്ന വ്യവസായികളുടെ ആവശ്യം പരിഗണിക്കുവാനുള്ള കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ആസൂത്രിത നീക്കം അവസാനിപ്പിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതി യോഗം ആവശ്യപ്പെട്ടു.

ജനീവയിൽ നടക്കുന്ന ലോക വ്യാപാര സംഘടനയുടെ 12-ാം സമ്മേളനത്തിന് തൊട്ടുമുമ്പാണ് ലാറ്റക്സ് വിഷയം ഉന്നയിക്കുന്നത് എന്നത് ആശങ്കാജനകമാണ്. ലാറ്റക്സ് വ്യവസായം അസംസ്കൃത വസ്തുക്കളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ നിലവിൽ 70 ശതമാനമാണ് ഇറക്കുമതി ചുങ്കം.രാജ്യത്തെ കർഷകർക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഏർപ്പെടുത്തിയ ഉയർന്ന ചുങ്കം ഒഴിവാക്കിയാൽ കുറഞ്ഞ ചെലവിൽ വൻതോതിൽ ലാറ്റക്സ് ഇറക്കുമതി ചെയ്യാൻ വ്യവസായികൾക്ക് സാധിക്കും.ഇത് വിലയിടിവിനും വർഷങ്ങളായി ദുരിതം അനുഭവിക്കുന്ന റബ്ബർ കർഷകരെ പൂർണ്ണമായും നാശത്തിലേക്ക് തള്ളിവിടുന്നതിനും കാരണമാവും. ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയംഗം സണ്ണിക്കുട്ടി അഴകംപ്രായിലിന്റെ അദ്ധ്യക്ഷതയിൽ രൂപത ഡയറക്ടർ റവ.ഡോ. മാത്യു പാലക്കുടി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ജോസഫ് പണ്ടാരക്കളം, ജോജോ തെക്കുംചേരിക്കുന്നേൽ, ടെസി ബിജു പാഴിയാങ്കൽ, റെജി കൊച്ചുകരിപ്പാപ്പറമ്പിൽ, ജാൻസി മാത്യു തുണ്ടത്തിൽ, മിനി സണ്ണി മണ്ണംപ്ലാക്കൽ, സിനി ജിബു നീറനാക്കുന്നേൽ, ആൻസമ്മ തോമസ് മടുക്കക്കുഴി എന്നിവർ സംസാരിച്ചു.

error: Content is protected !!