എരുമേലി സർവസിദ്ധി വിനായകക്ഷേത്രത്തിൽ തുലാഭാരത്തട്ട് സമർപ്പിച്ചു
എരുമേലി : ശബരിമല തീർത്ഥാടന കേന്ദ്രമായ എരുമേലിയിലെ ഏക ഗണപതിക്ഷേത്രമായ സർവ്വസിദ്ധിവിനായക ക്ഷേത്രത്തിൽ തുലാഭാര തട്ട് സമർപ്പണവും ആദ്യ തുലാഭാര വഴിപാടും നടന്നു.
ഞായറാഴ്ച രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും വിശേഷാൽ പൂജയും നടന്നു. പൂജയ്ക്കു ശേഷം 9.30 ന് തുലാഭാര തട്ട് സമർപ്പണ ചടങ്ങ് നടന്നു. ക്ഷേത്ര മേൽശാന്തി മഹേഷ് ഭട്ടതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. പാറത്തോട് വെച്ചൂക്കുന്നേൽ സൗകാന്ത് വിജയനാണ് തുലഭാരതട്ട് ക്ഷേത്രത്തിന് സമർപ്പിച്ചത്. ആദ്യ തുലാഭാരവഴിപാട് ക്ഷേത്ര കമ്മിറ്റി ചെയർമാൻ v.s വിജയൻ നടത്തി.
മാന്നാർ മുരുകൻ ആചാരിയുടെ നേതൃത്വത്തിൽ മധുരയിൽ നിന്നു വന്ന ശില്പികളാണ് വ്രതനിഷ്ഠയോടെ ക്ഷേത്ര സന്നിധിയിൽ താമസിച്ച് പിച്ചള പൊതിഞ്ഞ തുലാഭാര തട്ടിന്റെ നിർമ്മാണം പൂർത്തികരിച്ചത്. തുടർന്ന് എരുമേലി ഷേർമൗണ്ട് പബ്ളിക് സ്കൂളിലെ മലയാളം അധ്യാപിക കൂടിയായ ഡോ. അനില ജി നായർ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും സംബന്ധിച്ച് ആത്മീയപ്രഭാഷണം നടത്തി. ചടങ്ങിൽ നൂറു കണക്കിന് ഭക്തജനങ്ങളും പങ്കെടുത്തു.