അനധികൃത പാർക്കിങ്: കാഞ്ഞിരപ്പള്ളി ഗതാഗതക്കുരുക്കിൽ
കാഞ്ഞിരപ്പള്ളി: നഗരത്തിലെ പാർക്കിങ് തോന്നിയ പടി. ഗതാഗതക്കുരുക്കിൽ വാഹനങ്ങൾ കുടുങ്ങുന്നത് മണിക്കൂറുകൾ. ബസ്‌സ്റ്റാൻഡിൽനിന്ന് ഇറങ്ങിപ്പോകുന്ന ഭാഗത്തും പ്രവേശന കവാടത്തിലും വാഹനങ്ങൾ അനധികൃതമായി നിർത്തിയിടുന്നതിനാൽ സ്റ്റാൻഡിലേക്ക് ബസ് കയറുന്നതിനും ഇറങ്ങുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതിനാൽ ബസ്‌സ്റ്റാൻഡിൽ ബസുകൾ കൂടുന്നതോടെ ദേശീയപാതയിലേക്ക് കുരുക്ക് നീളും.
ബസ്‌സ്റ്റാൻഡിലേക്ക് കയറുന്ന റോഡിൽ വൺവേ ട്രാഫിക് മാത്രമാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ, പുത്തനങ്ങാടി ഭാഗത്തുനിന്ന് വാഹനങ്ങൾ ഇറങ്ങി വരുന്നതും ഗതാഗതക്കുരുക്കിന് ഇടയാക്കും. ദേശീയപാതയിൽ പേട്ടക്കവല മുതൽ കുരിശുങ്കൽവരെ വലതുവശത്ത് മാത്രമാണ് പാർക്കിങ് അനുവദിച്ചിട്ടുള്ളത്. എന്നാൽ, തിരക്കുള്ള സമയത്തും ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്കു ചെയ്യുന്നത് പതിവാണ്.
കാൽനടക്കാർക്കും സുരക്ഷയില്ല
ദേശീയപാതയോരത്തെ നടപ്പാതകളിലും വാഹനങ്ങൾ നിർത്തിയിടുന്നുണ്ട്. ഇതിനാൽ കാൽനടക്കാർ റോഡിലൂടെ ഇറങ്ങി നടക്കേണ്ട സ്ഥിതിയാണുള്ളത്. പാതയോരത്തെ വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങൾ പലയിടത്തും നടപ്പാതകളിലേക്ക് ഇറക്കിവെച്ച നിലയിലാണ്. ബസ്‌സ്റ്റാൻഡിൽനിന്ന് ഇറങ്ങിവരുന്ന ഭാഗത്ത് മറ്റ് വാഹനങ്ങൾ നിർത്തിയിടുന്നതിനാൽ ബസ് കടന്നുപോകാൻ ബുദ്ധിമുട്ടാണ്.
ഗതാഗത പരിഷ്‌കരണം നടപ്പായില്ല
പട്ടണത്തിലെ തിരക്ക് കുറയ്ക്കുന്നതിന് കഴിഞ്ഞ സെപ്റ്റംബറിൽ പഞ്ചായത്ത് ട്രാഫിക് കമ്മിറ്റിയിൽ തീരുമാനമെടുത്തിരുന്നു. കുരുക്ക് ഒഴിവാക്കാൻ പേട്ടക്കവലയിലെ ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കണമെന്നായിരുന്നു പ്രധാന തീരുമാനം. ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നലും കിഴക്കോട്ടുള്ള യാത്രക്കാർക്കായി പണിത ബസ് കാത്തിരുപ്പുകേന്ദ്രവും അടുത്തടുത്തുവന്നത് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുമെന്ന പരാതിയെത്തുടർന്നായിരുന്നു തീരുമാനം.
നിലവിൽ കോട്ടയം ഭാഗത്തേക്കും കിഴക്കോട്ടുമുള്ള ബസുകൾ നിറുത്തുന്നത് ഒരേസ്ഥലത്താണ്. ഇതുമൂലം മറ്റ് വാഹനങ്ങൾ കടന്നുപോകുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. എന്നാൽ, കമ്മിറ്റിയിൽ തീരുമാനമെടുത്തിട്ട് 11മാസം കഴിഞ്ഞിട്ടും ട്രാഫിക് പരിഷ്‌കരണം നടപ്പാക്കിയില്ല. ഗതാഗതക്കുരുക്കിന് കാരണമാകുന്നുവെന്ന് ആരോപിച്ച് ട്രാഫിക് സിഗ്നൽ സംവിധാനം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.