ഇൻഫാമിന്റെ ബഫർസോൺ മോചന സമരപ്രഖ്യാപനം ആയിരങ്ങളെ സാക്ഷിനിർത്തി ..

കാഞ്ഞിരപ്പള്ളി : വന്യജീവി സങ്കേതങ്ങളുടെ അതിർത്തി പുനർനിർണയിക്കാനുള്ള അവകാശം കേരള സർക്കാരിന് ഉണ്ടെന്നിരിക്കെ ബഫർ സോൺ വിഷയത്തിൽ സർക്കാർ ആത്മാർത്ഥമായി ഇടപെടണമെന്ന് ഇൻഫാം ആവശ്യപെട്ടു. സർക്കാരിന്റെ അധികാരം ഉപയോഗിച്ച്, വനാതിർത്തി, ജനവാസ മേഖലയിൽ നിന്നും വനത്തിന്റെ ഒരു കിലോമീറ്റർ ഉള്ളിലേക്ക് മാറ്റി നിർണയിച്ചാൽ കുടിയിറക്ക് ഭീഷണി നേരിടുന്ന ജനങ്ങളെ രക്ഷപ്പെടുത്താം എന്നും ഇൻഫാം വിലയിരുത്തി. ആയിരങ്ങൾ പങ്കെടുത്ത ഇൻഫാമിന്റെ ബഫർസോൺ മോചന സമരപ്രഖ്യാപനം എരുമേലിയിലും, മുണ്ടക്കയത്തും കട്ടപ്പനയിലും നടന്നു.

ബഫർസോൺ വിഷയത്തിൽ മാറിമാറിവരുന്ന സർക്കാരുകൾ കേരളത്തിന്റെ സാഹചര്യം കേന്ദ്രത്തിലും സുപ്രീംകോടതിയിലും വേണ്ടവിധം ധരിപ്പിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. ഇൻഫാം നേതൃസംഗമവും ബഫർസോൺ മോചന സമര പ്രഖ്യാപനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഡോ. കുര്യൻ താമരശേരി അധ്യക്ഷതവഹിച്ചു. ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ല ജോ. ഡയറക്ടർ ഫാ. ജോസഫ് പുൽത്തകിടിയേൽ ആമുഖപ്രഭാഷണം നടത്തി

വെളിച്ചിയാനി കാർഷിക താലൂക്ക് പ്രസിഡന്റ് ഷാബോച്ചൻ മുളങ്ങാശേരി, മുണ്ടക്കയം കാർഷിക താലൂക്ക് പ്രസിഡന്റ് സണ്ണി എബ്രഹാം വെട്ടുകല്ലേൽ, പെരുവന്താനം കാർഷിക താലൂക്ക് പ്രതിനിധി അലക്‌സ് പവ്വത്ത് എന്നിവർ പ്രസംഗിച്ചു.

എരുമേലിയിൽനടന്ന സമരപ്രഖ്യാപനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ഉദ്ഘാടനംചെയ്തു. ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ല ജോ. ഡയറക്ടർ ഫാ. ജിൻസ് കിഴക്കേൽ അധ്യക്ഷതവഹിച്ചു. കാർഷിക ജില്ലാ പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലിൽ ആമുഖപ്രഭാഷണം നടത്തി.

എരുമേലി ഫൊറോന വികാരി ഫാ. വർഗീസ് പുതുപ്പറമ്പിൽ, എരുമേലി താലൂക്ക് പ്രസിഡന്റ് ജോസഫ് കെ.ജെ. കരിക്കുന്നേൽ, കാഞ്ഞിരപ്പള്ളി കാർഷിക ജില്ല എക്‌സിക്യൂട്ടീവ് മെംബർ കുരുവിള ചാക്കോ താഴത്തുപീടികയിൽ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!