ബഫർ സോൺ : ആശങ്കയോടെ മലയോര മേഖല
എരുമേലി: മണ്ണിൽ പണിയെടുക്കുന്ന മലയോരത്തെ കർഷകർക്ക് ആശങ്കയൊഴിയുന്നില്ല. കൃഷിയിടങ്ങളിൽ കാട്ടുമൃഗങ്ങളുടെ ശല്യം അതിജീവിച്ച് ജീവിതം മുമ്പോട്ടു കൊണ്ടുപോകുമ്പോൾ, വനാതിർത്തിയിൽനിന്നും ഒരു കിലോമീറ്റർ ദൂരം പരിസ്ഥിതിലോല മേഖലയായി സുപ്രീംകോടതി പ്രഖ്യാപിച്ചത് പതിനായിരക്കണക്കിന് കുടുംബങ്ങളെ പരിഭ്രാന്തിയാഴ്ത്തിയിരിക്കുകയാണ്.
ബഫർസോൺ ദൂരപരിധിയിൽ ഇളവ് കിട്ടിയാലും കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി 20000-ൽപ്പരം കുടുംബങ്ങൾക്ക് അവരുടെ വീടും കൃഷിയിടവും പരിസ്ഥിതിലോല പ്രദേശത്താവും എന്നാണ് അനൗദ്യോഗിക കണക്കുകൾ.
സംരക്ഷിത വനമേഖലയായ പെരിയാർ കടുവാ സങ്കേതത്തിന്റെ അതിർത്തി പങ്കിടുന്നവയാണ് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകൾ. വനാതിർത്തിയും ജനവാസ മേഖലകളും ജണ്ട കെട്ടി വേർതിരിച്ചിട്ടുള്ള സാഹചര്യത്തിൽ, സീറോ ബഫർസോൺ ആക്കണമെന്നാണ് നാടിന്റെ ആവശ്യം. പമ്പാവാലി മേഖലയിൽ ജനകീയ സമരത്തിന് വരും ദിവസങ്ങളിൽ തുടക്കമാകും.
നിലവിലെ പ്രഖ്യാപനമനുസരിച്ച് എരുമേലി പഞ്ചായത്തിന്റെ അതിർത്തിയിലും സമീപത്തുമായി മൂന്ന് ജില്ലകളിൽ പരിസ്ഥിതിലോല പ്രദേശമാകുന്ന ജനവാസ മേഖലകൾ:
കാളകെട്ടി, അഴുത, കണമല, മൂക്കംപെട്ടി, പമ്പാവാലി, എഴുകുംമൺ, മൂലക്കയം, ആറാട്ടുകയം, കിസുമം, തുലാപ്പള്ളി, നാറാണംതോട്, ഉമ്മിക്കുപ്പ, ഇടകടത്തി, അറയാഞ്ഞിലിമൺ, കുരുമ്പൻമൂഴി, ആനക്കല്ല്, കുഴിമാവ്, കോരുത്തോട് തുടങ്ങിയ പ്രദേശങ്ങൾ…
വികസനം നടക്കുമോ…?
കാലവർഷത്തിൽ വെള്ളത്തിലാകുന്ന മൂക്കംപെട്ടി, അരയാഞ്ഞിലിമൺ കോസ്‌വേകൾ നിർദ്ദിഷ്ട ബഫർസോൺ പരിധിയിലാണ്. നിർമാണം തുടങ്ങാനിരിക്കുന്ന ഭരണിക്കാവ് -മുണ്ടക്കയം ദേശീയപാതയും ബഫർസോൺ പരിധിയിൽവരും. മൂക്കംപെട്ടി കോസ്‌വേ ഉയരംകൂട്ടാനും അരയാഞ്ഞിലിമണ്ണിലേക്കുള്ള കോസ്‌വെയ്ക്കു പകരം പുതിയ പാലം നിർമിക്കാനും അനുമതിയായി. ബഫർസോൺ പരിധിയിൽ ഇവ യാഥാർഥ്യമാകുമോ എന്ന ആശങ്കയും സ്ഥലവാസികൾക്കുണ്ട്.
പട്ടയം കിട്ടുമോ…
ഹിൽമെൻ സെറ്റിൽമെന്റ് പ്രദേശങ്ങളിലും പെരിയാർ കടുവാ സങ്കേതത്തിന്റെ അതിർത്തിയിൽ പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങളിലും പതിറ്റാണ്ടുകളായി കൃഷി ചെയ്തുവരുന്ന കർഷകരുടെ കൈവശ ഭൂമിക്ക് പട്ടയം നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഭക്ഷ്യക്ഷാമം പരിഹരിക്കാൻ 1947-48 കാലഘട്ടത്തിൽ ഗ്രോ മോർ ഫുഡ് പദ്ധതിയിൽ വിമുക്ത ഭടൻമാരെ കുടിയേറ്റിയ പ്രദേശമാണ് പമ്പാവാലി മേഖല.
അവരുടെ പിൻതലമുറക്കാരാണ് പ്രദേശത്ത് ഇന്നുള്ളത്. പ്രദേശം ബഫർസോൺ പരിധിയിൽ വന്നാൽ കൃഷിഭൂമിക്ക് പട്ടയം കിട്ടുമോ എന്നും ആശങ്ക ഉയരുന്നു.
ആദിവാസികളും ആശങ്കയിൽ…
ബഫർസോൺ യാഥാർഥ്യമാകുമെന്ന് ആശങ്ക നിലനിൽക്കെ പെരിയാർ കടുവാ സങ്കേതത്തിന്റെ അതിർത്തിയിൽ താമസിക്കുന്ന ആദിവാസി വിഭാഗവും ആശങ്കയിലാണ്.
ഊരു കോളനികളും ഊരുകൂട്ടങ്ങളുമുള്ള സെറ്റിൽമെന്റ് പ്രദേശങ്ങളിൽ പട്ടയം നൽകാൻ സർക്കാർ തീരുമാനിക്കുകയും തുടർ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. ബഫർസോൺ പ്രഖ്യാപനം വന്നതോടെ പ്രദേശങ്ങളെല്ലാം അതിന്റെ പരിധിയിലായി. പട്ടയനടപടികളും നിലച്ചമട്ടാണ്.