അന്നത്തെ പ്രളയം..
July 18, 2019
മഹാപ്രളയത്തിന്റെ ഒന്നാംഘട്ടം വാർഷികവേള. വഴിയും പുഴയും നിറഞ്ഞൊഴുകിയ 2018 ജൂലൈ മൂന്നാം വാരം. രാവും പകലും പെയ്തിറങ്ങിയ തോരാമഴ. ഇടുക്കി, പന്പ, പത്തനംതിട്ട, അടുക്കം, മുക്കുളം മലകളിൽ ഉരുൾപൊട്ടൽ. റോഡും വീടും മലവെള്ളത്തിൽ ഒലിച്ചുപോയി. ജില്ലയിലെ ഏറെ പാലങ്ങളും മുങ്ങി. ചില പാലങ്ങൾ തകർന്നു. സ്കൂളുകൾക്ക് തുടരെ അവധി. പാലായും കോട്ടയത്തിന്റെ പ്രാന്തപ്രദേശങ്ങളായ നാഗന്പടവും കോടിമതയും വെള്ളക്കെട്ടിലായി. ചങ്ങനാശേരി-ആലപ്പുഴ റോഡിൽ ഒരാഴ്ച ഗതാഗതം നിലച്ചു. വൻതോതിൽ കൃഷി നശിച്ചു. ആടുമാടുകൾ ചത്തൊടുങ്ങി.
പന്പാനദി കവിഞ്ഞ് അറയാഞ്ഞിലിമണ്ണും ഏഞ്ചൽവാലിയും കണമലയും വെള്ളത്തിനടിയിലായി. പന്പയിലെ ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. കറുത്തിരുണ്ട മാനവും രാപകൽ പെയ്ത്തും ഭയാനകമായ ഓർമകളെ സമ്മാനിച്ച് ഒരു വർഷം പിന്നിടുന്പോൾ സ്ഥിതി മറ്റൊന്ന്. ഇതേവർഷം ഇതേവാരം മഴയില്ലെന്നു മാത്രമല്ല പുഴയും കിണറും നീരില്ലാതെ വലയുന്നു. കുടിവെള്ളമില്ലാത്ത ഗ്രാമങ്ങൾ നിരവധി.
അലർട്ടുകൾ വരും പോകും; മഴ പെയ്യുന്നതേയില്ല
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തുടരെ പ്രഖ്യാപിക്കുന്ന അലർട്ടുകൾ ആശങ്ക സൃഷ്ടിക്കുന്നതല്ലാതെ നാട്ടിൽ മഴയുമില്ല, വെള്ളപ്പൊക്കവുമില്ല. യെല്ലോ, ഓറഞ്ച്, റെഡ് എന്നിങ്ങനെ ജൂണ് മുതൽ ആറു തവണ വിവിധ മുന്നറിയിപ്പു നടത്തിയിട്ടും കാലാവസ്ഥ അനുകൂലമായി പ്രതികരിച്ചില്ല.
ജില്ല നിലവിൽ ഓറഞ്ച് അലർട്ടിൽ നിൽക്കുന്പോൾ ഇന്നലത്തെ പകൽച്ചൂട് 33 ഡിഗ്രി. പെയ്ത മഴ 30 മില്ലീമീറ്റർമാത്രം. ഓരോ അലർട്ടിലും റവന്യു, പോലീസ്, ഫയർ, ദുരന്തനിവാരണ വിഭാഗങ്ങൾ 24 മണിക്കൂറും ജാഗ്രത പാലിക്കേണ്ടിവരുന്നു. ചില ഓഫീസുകൾ 24 മണിക്കൂറും പ്രവർത്തിക്കേണ്ടതുമുണ്ട്.
മുന്നറിയിപ്പുകളിൽ ഏറ്റവും ആദ്യത്തേതാണു യെല്ലോ അലർട്ട്. കാലാവസ്ഥ പ്രതികൂലമായിരിക്കുന്നതിനാൽ ജനങ്ങളും വിവിധ ഓഫീസുകളും എന്തിനും തയാറായിരിക്കണം എന്ന മുന്നറിയിപ്പാണ് യെല്ലോ അലർട്ടിലൂടെ നൽകുന്നത്.
ഓറഞ്ച് അലർട്ട് ദുരിതബാധിത മേഖലകളിലെ ജനങ്ങൾക്ക് സ്വയം തയാറായിരിക്കാൻ പുറപ്പെടുവിക്കുന്ന രണ്ടാംഘട്ട മുന്നറിയിപ്പാണ്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചാൽ ഏതു സമയവും പ്രദേശം വിട്ടുപോകാൻ ആളുകൾ തയാറായിരിക്കണം. കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനുമുള്ള സാധ്യതയാണ് ഇതറിയിക്കുന്നത്. ഇത്തരമൊരു മുന്നറിയിപ്പിലാണു കോട്ടയമിപ്പോൾ.
റെഡ് അലർട്ട് കാലാവസ്ഥ പ്രതികൂലമായിരിക്കുന്പോൾ നൽകുന്ന മുന്നറിയിപ്പുകളിൽ ഏറ്റവും ഒടുവിലത്തേതാണ്. കാറ്റ്, പെരുമഴ, വെള്ളപ്പൊക്കം, മലയിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയവയൊക്കെയുണ്ടാകുമെന്ന അറിയിപ്പാണിത്.
ഇതു ലഭിച്ചാൽ ഉടൻ ദുരിതബാധിത മേഖലയിൽനിന്ന് നിർദ്ദേശിക്കപ്പെട്ട സുരക്ഷിത സ്ഥാനങ്ങളിലേക്ക് ആളുകൾ മാറേണ്ടതാണ്. റെഡ് അലർട്ട് മുന്നറിയിപ്പുണ്ടെങ്കിൽ ആശുപത്രികളും ആംബുലൻസും ഉൾപ്പെടെ സംവിധാനങ്ങൾ ഒരുങ്ങിനിൽക്കണം.
അവധിയിലുള്ള പോലീസ്, ഫയർ ഉദ്യോഗസ്ഥർ തിരികെ ഓഫീസിലെത്തണം. രാത്രികാല ഗതാഗതത്തിനു നിയന്ത്രണം വരും. കുന്നുകളിലും പാലങ്ങളിലും ജനങ്ങളെ തങ്ങാൻ അനുവദിക്കില്ല.
എന്തായാലും മഴ കാറ്റുകൊണ്ടുപോയി എന്ന അറിയിപ്പല്ലാതെ ജില്ലയിൽ മഴയില്ല. വിവിധ പ്രദേശങ്ങളിൽ കുടിവെള്ളവുമില്ല. പ്രധാന നദികളായ പന്പയും അഴുതയും മണിമലയും മീനച്ചിലും മെലിഞ്ഞൊഴുകുന്നുണ്ടെന്നു മാത്രം.