മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നു
July 4, 2019
കാഞ്ഞിരപ്പള്ളി: പകർച്ചവ്യാധിക്ക് തടയിടാൻ നാടെങ്ങും ബോധവത്ക്കരണവുമായി അധികൃതർ ഓടി നടക്കുമ്പോൾ ഭരണ സിരാകേന്ദ്രമായ കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നു. സിവിൽ സ്റ്റേഷനിലെ വിവിധ സർക്കാർ ഓഫീസുകളിൽ നിന്നുള്ള മാലിന്യങ്ങളാണ് വളപ്പിൽ തന്നെ കൂട്ടിയിട്ടിരിക്കുന്നത്.
എസ്ബിഐ ബാങ്കിന് സമീപമുള്ള കവാടത്തിനോട് ചേർന്നാണ് മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നത്. സിവിൽ സ്റ്റേഷനിലെ വിവിധ സർക്കാർ ഓഫീസുകളിൽ നിന്നുള്ള മാലിന്യങ്ങളാണ് വളപ്പിൽ തന്നെ ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. പേപ്പറുകളും പ്ലാസ്റ്റിക്ക് കൂടുകളും ഭക്ഷണ മാലിന്യങ്ങളും എല്ലാം ഇതിലുൾപ്പെടും. ഗേറ്റിന് സമീപത്തേക്ക് മാലിന്യങ്ങൾ ചിതറി തെറിച്ചതോടെ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതു ജനം ഇവയിൽ ചവിട്ടി നടക്കേണ്ട ഗതികേടിലാണ്.
പകർച്ചവ്യാധി തടയാൻ ബോധവത്ക്കരണവുമായി അധികൃതർ ഓടി നടക്കുമ്പോഴാണ് താലൂക്കിലെ ഭരണ സിരാകേന്ദ്രമായ മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ ഇത്തരത്തിൽ അലക്ഷ്യമായി മാലിന്യങ്ങൾ തള്ളിയിരിക്കുന്നത് എന്നതാണ് വിരോധാഭാസം. ഭക്ഷണാവശിഷ്ടങ്ങൾ കിടക്കുന്നതു കാരണം തെരുവുനായ്ക്കളുടെ ശല്യവും ഇവിടെ വർധിച്ചിട്ടുണ്ട്. വില്ലേജോഫീസിനോട് ചേർന്നാണ് മാലിന്യങ്ങൾ നിക്ഷേപിച്ചിരിക്കുന്നത് എന്നതുകൊണ്ട് തന്നെ ദുർഗന്ധം സഹിച്ച് കഴിയേണ്ട ഗതികേടിലാണ് ഇവിടുത്തെ ജീവനക്കാർ.
നേരത്തെ മാലിന്യങ്ങൾ ഇവിടെ കൂട്ടിയിട്ട് കത്തിക്കുന്നത് പതിവ് സംഭവമായിരുന്നു. എന്നാൽ, ഇത് വിലക്കിയതോടെ കത്തിക്കുന്നത് നിർത്തിയെങ്കിലും മാലിന്യ നിക്ഷേപം യഥേഷ്ടം തുടർന്നു. സിവിൽ സ്റ്റേഷൻ വളപ്പിൽ മാലിന്യങ്ങൾ തള്ളുവാൻ പാടില്ലന്ന് തഹസിൽദാർ ഓരോ സ്ഥാപന മേലധികാരികൾക്കും മുന്നറിയിപ്പ് നൽകിയെങ്കിലും ഫലം കാണാത്ത സ്ഥിതിയാണ് നിലവിലുള്ളത്.