പാതിരാത്രി വീട്ടിൽ കയറി അറസ്റ്റ്; പിന്നിൽ സിപിഎം ഉന്നതനെന്നു കോൺഗ്രസ്
കോട്ടയം: സിപിഎം നിർദേശമോ? യൂത്ത് കോണ്ഗ്രസ് പ്രവർത്തകരുടെ വീട്ടിൽ പാതിരാത്രിയിലെത്തി പോലീസിന്റെ അറസ്റ്റ്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തതിൽ പ്രതിഷേധിച്ചു യൂത്ത് കോണ്ഗ്രസ് കോട്ടയത്തു നടത്തിയ പ്രതിഷേധം സിപിഎമ്മുകാരുമായുള്ള സംഘർഷത്തിൽ കലാശിച്ചിരുന്നു.
യുഡിഎഫിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്കു നടത്തിയ മാർച്ച് അക്രമാസക്തമായതിനു പിന്നാലെയാണ് പോലീസ് നടപടി കടുപ്പിച്ചത്. എന്നാൽ, പകൽ സമയത്തൊന്നും അറസ്റ്റിനു മുതിരാതെ രാത്രിയിലാണ് യൂത്ത് കോൺഗ്രസുകാരെ തേടി ഇറങ്ങുന്നതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
ഭീകരാന്തരീക്ഷം
രാത്രിയിൽ നിരവധി പോലീസ് വാഹനങ്ങളുടെ അകന്പടിയോടെ പ്രവർത്തകരുടെ വീടുകളിലെത്തുന്ന പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇവരെ അറസ്റ്റ് ചെയ്യുന്നതു പതിവായിരിക്കുകയാണെന്നാണ് യൂത്ത് കോണ്ഗ്രസ് നേതൃത്വത്തിന്റെ ആക്ഷേപം. കഴിഞ്ഞ ദിവസം രാത്രിയിൽ 12നു ശേഷം ഒരു യൂത്ത് കോണ്ഗ്രസ് പ്രവർത്തകനെ പോലീസ് വീട്ടിലെത്തി കോട്ടയം വെസ്റ്റ് സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടു പോയി. അക്രമങ്ങളിലെ ദൃശ്യങ്ങൾ പരിശോധിച്ചു.
ദൃശ്യങ്ങളിലുള്ള ആളല്ലെന്നു മനസിലായിക്കഴിഞ്ഞപ്പോൾ തിരികെ പൊയ്ക്കോളാൻ പോലീസ് പറഞ്ഞു.
എന്നാൽ, പാതിരാത്രിയിൽ വീട്ടിലേക്കു തിരികെപോകാൻ വാഹനം ലഭിച്ചില്ല. വീടുകളിൽനിന്നു രാത്രിയിൽ വിളിച്ചുകൊണ്ടുപോകുന്നവരെ തിരികെ വീടുകളിലെത്തിക്കേണ്ട പോലും മര്യാദ പോലും പോലീസ് കാണിക്കുന്നില്ലെന്നും അവർ ആരോപിക്കുന്നു.
പിന്നിൽ ആര്?
സംഘർഷത്തിൽ ഉൾപ്പെടാത്ത പലരെയുമാണ് പോലീസ് കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തതെന്നും ആരോപണമുണ്ട്. ഗൗരി ശങ്കർ, പ്രശാന്ത് പ്രകാശ്, അനൂപ് അബൂബക്കർ എന്നിവരെ ഇന്നലെ പുലർച്ചെ പോലീസെത്തി അറസ്റ്റു ചെയ്തു കൊണ്ടുപോയി.
ഇവർ ഇപ്പോൾ റിമാൻഡിലാണ്. ജില്ലയിലെ ചില ഉന്നത സിപിഎം നേതാക്കളുടെ നിർദേശം അനുസരിച്ചാണ് പോലീസ് അർധ രാത്രിയിൽ ഇത്തരം പ്രവൃത്തികൾക്കു മുതിരുന്നതെന്നും ഇടതുപക്ഷ സഹയാത്രികനായ ഒരു ഉയർന്ന ഉദ്യോഗസ്ഥനാണ് പ്രതികാര മനോഭാവത്തോടെയുള്ള ഇത്തരത്തിലുള്ള അന്വേഷണത്തിനു നേതൃത്വം നൽകുന്നതെന്നും യൂത്ത് കോണ്ഗ്രസ് നേതൃത്വം ആരോപിക്കുന്നു.
രാത്രിയിൽ വീടുകളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന പോലീസിന്റെ നടപടിക്കെതിരെ പരാതി നൽകാനൊരുങ്ങുകയാണ് പ്രവർത്തകരും വീട്ടുകാരും.