കുത്തിപ്പിഴിഞ്ഞ് കെഎസ്ഇബി
: വരാനിരിക്കുന്ന അധിക നിരക്കിനെ നേരിടാനുള്ള മുന്നൊരുക്കത്തിൽ ഈ മാസം ഉപഭോക്താക്കൾ ഡെപ്പോസിറ്റ് തുകയും അടയ്ക്കണം.
കഴിഞ്ഞ രണ്ടു വൈദ്യുതി ബില്ലുകൾ കൂടിയ നിരക്കിലാണെങ്കിൽ അധികതുക ഡെപ്പോസിറ്റായി വേണമെന്ന നയത്തിന്റെ ഭാഗമായാണ് ഈ മാസം ഉപഭോക്താക്കളിൽനിന്നു പണം വാങ്ങുന്നത്. ഏറ്റവും ഒടുവിലത്തെ രണ്ട് വൈദ്യുതി ബില്ലുകൾക്ക് ആനുപാതികമായ തുക ഡെപ്പോസിറ്റായി ഇല്ലെങ്കിൽ അതിന്റെ അധിക തുകകൂടി ചേർത്താണ് ഇത്തവണത്തെ ബില്ലിംഗ്.
വരുന്നത് ഇരുട്ടടി
പുതുതായി പ്രഖ്യാപിച്ച വൈദ്യുതി നിരക്ക് കെഎസ്ഇബിയുടെ കണക്കിൽ ചെറിയ തുകയാണെങ്കിലും ഉപഭോക്താവിന് ഇരുട്ടടിയാണ്.
ഇടത്തരം വീടുകളിൽ 150 രൂപയുടെ വരെ വർധന വൈദ്യുതിബില്ലിൽ ഉണ്ടാകാം.
യൂണിറ്റിന് 20 മുതൽ 60 പൈസ വരെയാണ് കൂട്ടിയത്. രണ്ടു മാസത്തെ ഉപഭോഗം 250 യൂണിറ്റാണെങ്കിൽ നിലവിൽ ഏകദേശം 1300 രൂപയാണ് ഉപഭോക്താവ് നൽകുന്നത്. ഇതിൽ നൂറു രൂപയുടെ വർധന അടുത്ത രണ്ടു മാസത്തെ ബില്ലിൽ ഉണ്ടാകും.
രണ്ടു മാസത്തെ ഉപഭോഗം 300 യൂണിറ്റിൽ ഒതുക്കിയാൽ യൂണിറ്റിന് 25 പൈസ കൂടുതൽ നൽകിയാൽ മതിയാകും. എന്നാൽ, ഉപഭോഗം പ്രതിമാസം 150 യൂണിറ്റിൽ കൂടുതലായാൽ യൂണിറ്റൊന്നിന് 40 പൈസയാകും.
ഉപഭോഗം
ഏകദേശ കണക്ക്
എസി ഒഴികെയുള്ള വൈദ്യുതോപകരണങ്ങളുള്ള മൂന്നു മുറികളുള്ള ഒരു വീട്ടിൽ സാധാരണ തോതിൽ രണ്ടുമാസം 300 – 350 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നുണ്ട്. ഇത് 350 യൂണിറ്റ് എന്നു കണക്കാക്കിയാൽ ഇപ്പോൾ നൽകേണ്ടത് 1900 രൂപയാണ്. ഇതിൽ കുറഞ്ഞത് 150 രൂപയുടെ വർധനയുണ്ടാകും
നിരക്ക് (പഴയത്)
രണ്ടുമാസം 200 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന കുടുംബത്തിന് (സിംഗിൾ ഫേസ്) പഴയ നിരക്ക് അനുസരിച്ച് ഫിക്സഡ് ചാർജ് 90 രൂപയാണ്. ഇതിൽ ഊർജനിരക്ക് 685 രൂപ, മീറ്റർ വാടക 12 രൂപ, സർക്കാർ ഡ്യൂട്ടി 68.5 രൂപ, മീറ്റർ വാടക ജിഎസ്ടി 1.08 രൂപ (കേന്ദ്രം), ജിഎസ്ടി (സംസ്ഥാനം) 1.08 രൂപ, 240 യൂണിറ്റിൽ താഴെ ഉപയോഗിക്കുന്പോൾ സംസ്ഥാന സർക്കാർ സബ്സിഡി 88 രൂപ ലഭിക്കും. എല്ലാംകൂടി കണക്കാക്കി വന്നത് 769.66 രൂപ.
പുതുക്കിയ നിരക്കിൽ
ഫിക്സഡ് ചാർജ് 110 രൂപ, ഊർജനിരക്ക് 710 രൂപ, മീറ്റർ വാടക 12 രൂപ, സർക്കാർ ഡ്യൂട്ടി 71 രൂപ, കേന്ദ്ര ജിഎസ്ടി 1.08 രൂപ, സംസ്ഥാന ജിഎസ്ടി 1.08 രൂപ, സബ്സിഡി 88 രൂപ. ബിൽതുകയായി 817.16 രൂപ കണക്കാക്കുന്നു.