മാർ തോമാശ്ലീഹായുടെ രക്തസാക്ഷിത്വ ജൂബിലി: പദയാത്ര നാളെ ആരംഭിക്കും
കാഞ്ഞിരപ്പള്ളി: മാർ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 ജൂബിലിയോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎമ്മിന്റെ നേതൃത്വത്തിൽ നടക്കുന്ന പദയാത്ര നാളെ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽനിന്ന് രാവിലെ അഞ്ചിന് ആരംഭിക്കും.
പദയാത്ര കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ്മണ്ണംപ്ലാക്കൽ ഫ്ളാഗ് ഓഫ് ചെയ്യും. മൂന്നിന് ദുക്റാന തിരുനാൾ ദിവസം കുമളി അട്ടപ്പള്ളം സെന്റ് തോമസ് ഫൊറോന പള്ളിയിൽ കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ ജോസ് പുളിയ്ക്കൽ പദയാത്രയെ സ്വീകരിച്ച് സമാപന സന്ദേശം നൽകും.
ക്യാപ്റ്റൻ രൂപത പ്രസിഡന്റ് ജോപ്പു ഫിലിപ്പ് നേതൃത്വം നൽകും. വൈസ് പ്രസിഡന്റ് റിന്റു മരിയ സ്കറിയ, ജനറൽ സെക്രട്ടറി ഡിലൻ കോഴിമല എന്നിവർ പതാക വഹിക്കും. ഫാ. തോമസ് പൂവത്താനിക്കുന്നേൽ, ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ, ഫാ. തോമസ് പട്ടർകാലായി, സിസ്റ്റർ റാണി മരിയ എസ്എബിഎസ്, സിസ്റ്റർ ട്രീസ എസ്എച്ച്, രൂപതാസമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.
70 കിലോമീറ്ററുള്ള പദയാത്രയിൽ ഏഴു ദിവസം നീണ്ട നോന്പ് അനുഷ്ഠിച്ച 120 യുവജനങ്ങൾ പങ്കെടുക്കും. പദയാത്രയ്ക്ക് വിവിധ ഇടവക യൂണിറ്റുകൾ സ്വീകരണം ഒരുക്കും.