പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പ്ലാച്ചേരി-പൊന്‍കുന്നം റീച്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു
പൊന്‍കുന്നം: ആധുനീക രീതിയില്‍ നിര്‍മ്മിച്ച പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ പ്ലാച്ചേരി മുതല്‍ പൊന്‍കുന്നം വരെയുള്ള റോഡിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച രാവിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പൊന്‍കുന്നം രാജേന്ദ്ര മൈതാനത്ത് നിര്‍വ്വഹിച്ചു . ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ആന്റോ ആന്റണി എം പി, പ്രമോദ് നാരായണന്‍ എം എല്‍ എ, മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലൂടെ കടന്നു പോകുന്ന പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാത മൂന്ന് റീച്ചുകളിലായി 82.17 കിലോ മീറ്റര്‍ ദൂരം 798 കോടി രൂപ ചെലവഴിച്ചാണ് നവീകരിക്കുന്നത്. ഇതില്‍ പ്ലാച്ചേരി – പൊന്‍കുന്നം റോഡ് പ്രവൃത്തിയാണ് പൂര്‍ത്തീകരിച്ചത്.
ലോക ബാങ്കിന്റെ ധനസഹായത്തോടുകൂടി 3 ഘട്ടങ്ങളായാണ് നവീകരണം നടപ്പിലാക്കുന്നത്. 738 കോടി അടങ്കല്‍ തുക കണക്കാക്കുന്ന എന്‍ജിനീയറിംഗ് പ്രൊക്യുയര്‍മെന്റ് ആന്റ് കണ്‍സ്ട്രക്ഷന്‍ മാതൃകയില്‍ നിര്‍മ്മിക്കുന്ന 82.17 കി.മീ. ദൂരമുള്ള ഈ റോഡ് 3 റീച്ചുകളായി തിരിച്ചാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. ഈ റോഡിന്റെ 29.84 കി.മീ നീളമുള്ള പുനലൂര്‍-കോന്നി ഒന്നാം റീച്ചിന്റെ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുളളതും, 30.16 കി.മീ ദൈര്‍ഘ്യമുളള കോന്നി-പ്ലാച്ചേരി രണ്ടാം റീച്ചിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 95 ശതമാനത്തോളം പൂര്‍ത്തീകരിച്ചിട്ടുളളതുമാണ്.നിര്‍മ്മാണം പൂര്‍ത്തീകരിച്ച പ്ലാച്ചേരി മുതല്‍ പൊന്‍കുന്നം വരെ 22.179 കി.മീ ദൈര്‍ഘ്യമുള്ള 3-ാം റീച്ച് റോഡിന്റെ ഉദ്ഘാടനമാണ് നടന്നത്. ഇതോടൊപ്പം 10 കോടി രൂപ അനുവദിച്ചു പുനര്‍നിര്‍മ്മിക്കുന്ന കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ നെടുമണ്‍-കുളത്തൂര്‍ റോഡിന്റെ നിര്‍മ്മാണോദ്ഘാടനവും പൊതുമരാമത്ത് വകുപ്പ് മന്ത്രി നിര്‍വ്വഹിച്ചു. നൂതന സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തി ഇ.പി.സി മോഡില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച റോഡാണിത്. അപകടകരമായ വളവുകളും കയറ്റങ്ങളും ലഘുകരിച്ച് റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിനുളള നിര്‍മ്മാണങ്ങള്‍ ഈ പദ്ധതിയില്‍ നടപ്പിലാക്കിയിട്ടുണ്ട്. പുതിയ 8 കലുങ്കുകളുടെ നിര്‍മ്മാണം, 3 ചെറിയ പാലങ്ങള്‍, 73 കലുങ്കുകളുടെ പുനര്‍നിര്‍മ്മാണം, 36 ജംഗ്ഷനുകളുടെ നവീകരണം എന്നിവ നടപ്പിലാക്കിയിട്ടുണ്ട്. 6.606 കി.മീറ്റര്‍ നീളത്തില്‍ ടൈല്‍ പാകിയ നടപ്പാതയും 14.6 കി.മീ. നീളത്തില്‍ കവര്‍സ്ലാബോട് കൂടിയ ഓടയും, 6.18 കി.മീ. സംരക്ഷണഭിത്തിയും 13.126 കി.മീ. ക്രാഷ് ബാരിയറും, 3.314 കി.മീ. ഗാര്‍ഡ് റെയിലും നിര്‍മ്മിച്ചിട്ടുണ്ട്. മൂലേപ്ലാവില്‍ നിലവിലെ പാലത്തിന് സമാന്തരമായി ഒരു പുതിയ പാലത്തിന്റേയും, പ്രധാന ബസ്റ്റോപ്പുകളില്‍ ബസ് ഷെല്‍ട്ടറോടു കൂടിയുള്ള 16 ബസ് ബേകളും നിര്‍മ്മിച്ചിട്ടുണ്ട്. 5 വര്‍ഷ മെയിന്റനന്‍സ് കരാറോടുകൂടി നിര്‍മ്മിച്ച ഈ റോഡില്‍ ഭാവിയില്‍ ആവശ്യമായി വരുന്ന ക്രോസ്‌കട്ടിംഗ് ഒഴിവാക്കുന്നതിലേക്കായി നഗരഭാഗങ്ങളില്‍ 200 മീറ്റര്‍ ഇടവിട്ടും ഗ്രാമപ്രദേശങ്ങളില്‍ 500 മീറ്റര്‍ ഇടവിട്ടും യൂട്ടിലിറ്റി ക്രോസ് ഡക്റ്റുകളും നിര്‍മ്മിച്ചിട്ടുണ്ട്. പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ കിഴക്കന്‍ മേഖലകളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തലസ്ഥാന നഗരിയിലേക്കുള്ള ഒരു സമാന്തര പാത തുറന്നുകിട്ടുന്നതിനാല്‍ എം.സി റോഡിലെ തിരക്ക് കുറയ്ക്കുവാന്‍ സാധിക്കും.