പുല്ലുപാറയ്ക്ക് സമീപം ബ്രേക്ക് നഷ്ട്ടപെട്ട KSRTC ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചു.
മുണ്ടക്കയം : ദേശീയപാതയിൽ കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ പുല്ലുപാറയ്ക്ക് സമീപം KSRTC ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
മാവേലിക്കരയിൽ നിന്ന് തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയി തിരികെവരികയായിരുന്ന സംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തിൽ പെട്ടത്. 34 യാത്രക്കാരും രണ്ട് ഡ്രൈവർമാരും ഒരു കണ്ടക്ടറുമാണ് ബസ്സിലുണ്ടായിരുന്നത്. ഞായറാഴ്ച പുലർച്ചെ മാവേലിക്കര ഡിപ്പോയിൽ നിന്ന് യാത്ര പുറപ്പെട്ട KL 15 A 1366 നമ്പറിലുള്ള കെ.എസ്.ആർ.ടി.സിയുടെ സൂപ്പർ ഡീലക്സ് എയർ ബസ്സാണ് അപകടത്തിൽ പെട്ടത്.
തിങ്കളാഴ്ച രാവിലെ 6.15 ഓടെയാണ് സംഭവം.30 അടി താഴ്‌ചയിലേക്കാണ് ബസ് മറിഞ്ഞത്. മരങ്ങളിൽ തട്ടിനിന്നതിനാലാണ് വലിയ അത്യാഹിതം ഒഴിവായത്.. അരുണ്‍ ഹരി (55), രമ മോഹന്‍ (40), സംഗീത് (45), ബിന്ദു (59) എന്നിവരാണ് മരിച്ചത്. ഇവര്‍ മാവേലിക്കര സ്വദേശികളാണ് എന്നാണ് വിവരം. പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പാലാ മെഡിസിറ്റിയിലുമായി പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ബസ്സിന്റെ ബ്രേക്ക് നഷ്‌ടപ്പെട്ടതാണ് അപകടകാരണമെന്ന് യാത്രക്കാർ പറഞ്ഞു. ബ്രേക്ക് നഷ്ടപ്പെട്ട വിവരം ഡ്രൈവർ പറഞ്ഞ ഉടൻ ബസ് മറിയുകയായിരുന്നുവെന്നും രക്ഷപെട്ട യാത്രക്കാർ പറയുന്നു.
പീരുമേടിൽ നിന്നും മുണ്ടക്കയത്ത് നിന്നും ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഒപ്പം പോലീസ് സംഘവും മോട്ടോർ വാഹന വകുപ്പിന്റെ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.