എലിക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ ജോജോ ചീരാംകുഴി നിര്യാതനായി
പൊൻകുന്നം: കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നതിനാൽ പഞ്ചായത്തംഗമായി സത്യപ്രതിജ്ഞ ചെയ്യാനാവാതെ പോയ എലിക്കുളം പഞ്ചായത്ത് 14-ാം വാർഡിലെ വിജയി ജോജോ ചീരാംകുഴി(ജിയോ ജോസ്-58) നിര്യാതനായി.
തിരഞ്ഞെടുപ്പിന് ശേഷമാണ് കോവിഡ് പോസിറ്റീവായി ജോജോയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞയാഴ്ച കോവിഡ് നെഗറ്റീവായെങ്കിലും മറ്റ് ശാരീരികപ്രശ്‌നങ്ങളുണ്ടായിരുന്നതിനാൽ ജോജോ ചികിത്സയിൽ തുടരുകയായിരുന്നു. എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്.
കോൺഗ്രസിലെ സ്ഥാനങ്ങൾ രാജിവെച്ച് മുന്നണികൾക്കെതിരെ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചതാണ് ജോജോ. മുൻപ് എലിക്കുളം പഞ്ചായത്തംഗമായിരുന്നു. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇളങ്ങുളം പബ്ലിക് ലൈബ്രറി പ്രസിഡന്റ്, ഇളങ്ങുളം നോർത്ത് ക്ഷീരോത്പാദക സംഘം പ്രസിഡന്റ്, ഇളങ്ങുളം നോർത്ത് ആർ.പി.എസ്. വൈസ്പ്രസിഡന്റ്, ഇളങ്ങുളം നാളികേരോത്പാദക സംഘം പ്രസിഡന്റ്, ഇന്ദിരാജി കൾച്ചറൽ ഫോറം ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
എലിക്കുളം പഞ്ചായത്ത് മുൻവൈസ്പ്രസിഡന്റും ചെങ്ങളം സെന്റ് ആന്റണിസ് ഹൈസ്‌കൂളിലെ റിട്ട.പ്രഥമാധ്യാപകനുമായ സി.വി.ജോസഫ് ചീരാംകുഴിയുടെയും കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഹൈസ്‌കൂളിലെ റിട്ട.പ്രഥമാധ്യാപിക ത്രേസ്യാമ്മ ജോസഫിന്റെയും മകനാണ്. ഭാര്യ: മറിയമ്മ(അധ്യാപിക, നസ്രത്ത് പബ്ലിക്‌സ്‌കൂൾ, നെയ്യാട്ടുശേരി), മിത്രക്കരി പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മകൾ: ഡോ.ടെസ്‌ല മരിയ ജിയോ. ശവസംസ്‌കാരം തിങ്കളാഴ്ച 2.30-ന് ഇളങ്ങുളം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.