ആത്മീയ ഉണര്‍വ്വേകി സുവര്‍ണ്ണജൂബിലി ജപമാലറാലി; പൊടിമറ്റം ഭക്തിസാന്ദ്രമായി
കാഞ്ഞിരപ്പള്ളി: ആത്മീയ ഉണര്‍വ്വേകി ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത ജപമാലറാലി പൊടിമറ്റത്തെ ഭക്തിസാന്ദ്രമാക്കി. പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവകപ്രഖ്യാപന സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് ഒരു വർഷക്കാലമായി ഭവനങ്ങൾതോറും നടന്നുവന്നിരുന്ന മാതാവിന്റെ തിരുസ്വരൂപ പ്രദക്ഷിണമാണ് മാതൃഭക്തി വിളിച്ചോതുന്ന ജപമാലറാലിയായി മാറിയത്.
സിഎംസി പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലിലെ പ്രാര്‍ത്ഥനാശുശ്രൂഷകളോടെ ജപമാലറാലിക്ക് തുടക്കമായി. മാതാവിന്റെ തിരുസ്വരൂപം വഹിച്ച് ചെണ്ട, വാദ്യമേളങ്ങളോടെ മുത്തുക്കുടകളും കൊടികളുമേന്തി ഇടവക വിശ്വാസിസമൂഹമൊന്നാകെ ജപമാലചൊല്ലി റാലിയില്‍ പങ്കുചേര്‍ന്നു. ഇടവകയിലെ 32 കൂട്ടായ്മകളിലെ ലീഡര്‍മാരുടെ നേതൃത്വത്തിലാണ് ഇടവകാംഗങ്ങള്‍ പ്രാര്‍ത്ഥനാറാലിയില്‍ ഭക്തിപൂര്‍വ്വം അണിനിരന്നത്. ജപമാലറാലി പൊടിമറ്റം സെന്റ് മേരീസ് പള്ളി കുരിശടില്‍ എത്തിച്ചേര്‍ന്നപ്പോള്‍ വിശ്വാസിസമൂഹത്തിന്റെ പ്രാര്‍ത്ഥനകളും യാചനകളും മാതാവിന്റെ മധ്യസ്ഥതയില്‍ ദൈവസന്നിധിയിലേയ്ക്കുയരുന്നതിന്റെ പ്രതീകമായി ബലൂണില്‍ നിര്‍മ്മിച്ച ജപമാലക്കൊന്തയും അന്തരീക്ഷത്തിലേയ്ക്കുയര്‍ന്നു. തുടര്‍ന്ന് ഇടവകയില്‍ മുന്‍കാലങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്ന വികാരിമാരുടെ കാര്‍മ്മികത്വത്തില്‍ സമൂഹബലിയും അര്‍പ്പിക്കപ്പെട്ടു.
ഇന്ന് (ഞായര്‍) ഉച്ചകഴിഞ്ഞ് 2.30ന് ബിഷപ് എമിരറ്റസ് മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിക്കപ്പെടും. 4.15ന് സെന്റ് മേരീസ് പള്ളിയുടെ മുഖ്യകവാടത്തിങ്കല്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഇടവകസമൂഹം സ്വീകരിക്കുന്നതും സെന്റ് മേരീസ് ഓഡിറ്റോറിയത്തിലേയ്ക്ക് ആനയിക്കുന്നതുമാണ്. ഇടവകപ്രഖ്യാപന സുവര്‍ണ്ണജൂബിലി സമാപന സമ്മേളനം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിക്കുന്നതും ബിഷപ് മാര്‍ ജോസ് പുളിക്കല്‍ ജൂബിലി സന്ദേശം നല്‍കുന്നതുമാണ്. കാഞ്ഞിരപ്പള്ളി രൂപത വികാരിജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റം, വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, സഹവികാരി ഫാ. സിബി കുരിശുംമൂട്ടില്‍, എഫ്‌സിസി പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ അമല എഫ്‌സിസി, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര് അഡ്വ.വി.സി.സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിക്കും.