ആറ് വയസുകാരി പാലത്തിൽ നിന്നും ആറ്റിലേക്ക് തെന്നി വീണു : അത്ഭുതകരമായി രക്ഷപെട്ടു
എരുമേലി : . കൈവരികൾ ഇല്ലാത്ത പാലത്തിലൂടെ അമ്മയുടെ കൈ പിടിച്ച് നടക്കുയായിരുന്ന കൊച്ചുകുട്ടി, പാലത്തിൽ നിന്നും ആറ്റിലേക്ക് തെന്നി വീണുവെങ്കിലും, പരിക്കുകൾ ഏൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു .
ശനിയാഴ്ച ഉച്ചക്ക് എരുമേലി ഓരുങ്കൽകടവിൽ പാലത്തിലാണ് അദ്‌ഭുതകരമായ രക്ഷപെടലിന്റെ ഭാഗ്യം നിറഞ്ഞ സംഭവം. പാലത്തിന് സമീപം റോഡരികിൽ പെട്ടിക്കട നടത്തുന്ന വേങ്ങശേരി നൗഷാദ് – ഫസീല ദമ്പതികളുടെ മകളാണ് അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട ഷഹാന.
പാലത്തിലൂടെ അമ്മയുടെ കൈ പിടിച്ചു നടക്കുന്നതിനിടെ കണ്ണിൽ കരട് വീണതിന്റെ വിഷമത്തിൽ പാലത്തിന്റെ അരികിലാണെന്നറിയാതെ നടന്നപ്പോൾ നദിയിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു ആറ് വയസുകാരി ഷഹാന. അപ്പുറത്തും ഇപ്പുറത്തുമുള്ള പാറക്കല്ലുകളുടെ കൂട്ടങ്ങളുടെ നടുക്കുള്ള ഇത്തിരി വെള്ളത്തിലേക്കാണ് അവൾ വീണത്. അതിനാൽ തന്നെ പരിക്കുകൾ ഒന്നും ഏൽക്കാതെ കുട്ടി രക്ഷപെട്ടു. വീഴ്ചയിൽ ഏതോ അദൃശ്യ ശക്തി കുട്ടിയെ സുരക്ഷിതമായി കൈകളിൽ ഒതുക്കി രക്ഷിച്ചതുപോലെയാണ് കണ്ടുനിന്നവർക്ക് തോന്നിയത് .
അപകടം കണ്ടുനിന്നവർ കണ്ടു നിന്നവർ ഓടിയെത്തി കുട്ടിയെ വെള്ളത്തിൽ നിന്നും പൊക്കിയെടുത്തു .
പാലത്തിന് സമീപം റോഡരികിൽ പെട്ടിക്കട നടത്തുന്ന വേങ്ങശേരി നൗഷാദ് – ഫസീല ദമ്പതികളുടെ മകളാണ് ഷഹാന. മകളുമായി എരുമേലിയിൽ പോയി ഫസീല മടങ്ങി വന്നപ്പോൾ സഹോദരൻ ഷഹനാസിനൊപ്പം കളിക്കുന്നതിനിടെ ഷഹാനയുടെ കണ്ണിൽ കരട് വീണിരുന്നു. ഇത് മൂലം കണ്ണ് പൊത്തിപ്പിടിച്ചാണ് അവൾ അമ്മയോടൊപ്പം ആശുപത്രിയിൽ പോകാനായി വന്നത്. ഇരുവരും പാലത്തിലൂടെ നടന്ന് തങ്ങളുടെ കടയിലേക്ക് വരുമ്പോഴാണ് സംഭവം. വെള്ളം കുറവായിരുന്നതിനാൽ നദിയിൽ അടിത്തട്ടിലെ പാറക്കല്ലുകൾ ധാരാളമായിരുന്നു. കല്ലുകളുടെ നടുവിൽ കുറച്ചുസ്ഥലത്തായി വെള്ളം കെട്ടിക്കിടന്ന ഭാഗത്തേക്കാണ് ഷഹാന വീണത്. ഒരല്പം മാറിയിരുന്നെങ്കിൽ പാറക്കല്ലുകളുടെ മുകളിലേക്കാണ് വീഴുക. അങ്ങനെ സംഭവിക്കാതെ കാത്ത ഭാഗ്യത്തിന്റെ അദൃശ്യ കരങ്ങൾക്ക് കണ്ണീർ തൂകി നന്ദി പറയുന്നു മാതാപിതാക്കൾ.