കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വീട്ടുമുറ്റത്തെ കോഴിവളര്‍ത്തല്‍ പദ്ധതിക്ക് തുടക്കമായി
കാഞ്ഞിരപ്പള്ളി : പഴയകാലത്തെ കൃഷിരീതിയായ അടുക്കളത്തോട്ടവും, വീട്ടുമുറ്റത്തെ കോഴിവളര്‍ത്തലും ഇന്നത്തെ കാലത്തിന്റെ ആവശ്യകതയാണെന്ന് അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അഭിപ്രായപ്പെട്ടു. കെപ്കോയുമായി സഹകരിച്ച് കാഞ്ഞിരപ്പള്ളി ബ്ലോക്കിന് കീഴിലുള്ള 7 പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും കുറഞ്ഞത് 10 മുട്ടക്കോഴിയെങ്കിലും വളര്‍ത്തുവാനുള്ള നടപടികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് നേതൃത്വം കൊടുക്കണമെന്ന് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. അഭ്യര്‍ത്ഥിച്ചു. ഇതിലൂടെ മുട്ടയില്‍പാദനത്തില്‍ സ്വയം പര്യാപ്തതയും, വിഷരഹിതമായ ഭക്ഷ്യസംസ്ക്കാരത്തിനും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മാറട്ടെയെന്നും എം.എല്‍.എ. പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന 100 കോഴിയും കൂടും പദ്ധതിയുടെ ഉദ്‌ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെപ്കോ എം.ഡി. ഡോ. പി. സെല്‍വകുമാര്‍ പദ്ധതി വിശദീകരണം നടത്തി. കെപ്കോ ഡയറക്ടര്‍ ലീനമ്മ ഉദയകുമാര്‍ ആമുഖപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജെസി ഷാജന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ റ്റി.എസ്. കൃഷ്ണകുമാര്‍, വിമല ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാജന്‍ കുന്നത്ത്, പി.കെ. പ്രദീപ്, ബി.ഡി.ഒ. ഫൈസല്‍ എസ്, ജോയിന്‍റ് ബി.ഡി.ഒ. സിയാദ് റ്റി.ഇ, കെപ്കോ കോ-ഓര്‍ഡിനേറ്റര്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കാഞ്ഞിരപ്പള്ളി വെറ്റിനറി സര്‍ജന്‍ ഡോ. ബിനു ഗോപിനാഥ് മുട്ടക്കോഴി വളര്‍ത്തലിനെക്കുറിച്ച് ശാസ്ത്രീ. പരിശീലനപരിപാടിയും നടത്തി. ബ്ലോക്ക് പരിധിയിലുള്ള തിരഞ്ഞെടുക്കപ്പെട്ട 35 കുടുംബശ്രീ യൂണിറ്റുകള്‍ക്കാണ് നാലര മാസം പ്രായമായ 3500 BV380 ഇനത്തില്‍പ്പെട്ട മുട്ടക്കോഴികളെയും 35 ഹൈടെക് കൂടുകളും കെപ്കോ കാഞ്ഞിരപ്പള്ളിയില്‍ വിതരണം നടത്തിയത്.