അറയാഞ്ഞിലിമണ്ണ് നടപ്പാലം പണി നിർത്തിയതിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് ; കോസ്‌വേ ഉപരോധിച്ചു.

മുക്കൂട്ടുതറ : ജനകീയ സമിതി നേതൃത്വം നൽകി ആരംഭിച്ച നടപ്പാലത്തിന്റെ നിർമ്മാണം ഒരു മാസമായി നിർത്തി വെച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ‌അറയാഞ്ഞിലിമണ്ണ് കോസ്‌വേ പാലം ഉപരോധിച്ചു. സമരക്കാരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി.

കഴിഞ്ഞ ദിവസം വൈകിട്ട് ആറിനായിരുന്നു ഉപരോധ സമരം നടത്തിയത്. നടപ്പാലം നിർമ്മിക്കുവാൻ ജനങ്ങളിൽ നിന്ന് പിരിവെടുത്തതിന്റെയും ചെലവിട്ടതിന്റെയും തുകയുടെ കണക്കുകൾ പൊതുയോഗം വിളിച്ച് അറിയിക്കണമെന്നും പണികൾ നിർത്തിയതിന്റെ കാരണം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.

അതേസമയം കണക്കുകൾ പൊതു യോഗം വിളിച്ച് അറിയിക്കുന്നതിന് ഒരുക്കമാണെന്ന് വാർഡ് അംഗം ഒ എസ് സുകുമാരൻ അറിയിച്ചു. നടപ്പാലത്തിന്റെ നിർമാണം സർക്കാർ ഏറ്റെടുക്കാമെന്ന മന്ത്രിയുടെ ഉറപ്പിലാണ് പണികൾ നിർത്തിയതെന്ന യഥാർത്ഥ വിവരം അറിയാമെന്നിരിക്കെ യൂത്ത് കോൺഗ്രസ്‌ നടത്തിയ സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് അംഗം ആരോപിച്ചു. ഉടനെ പണികൾ നടന്നില്ലെങ്കിൽ അടുത്ത കാലവർഷത്തിൽ കോസ്‌വേ പാലം മുങ്ങുമ്പോൾ നടപ്പാലമില്ലാത്തതിനാൽ നാട് ഒറ്റപ്പെടുമെന്ന് സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ച കോൺഗ്രസ്‌ നേതാവും മുൻ വാർഡ് അംഗവുമായ ജോർജ്കുട്ടി തണ്ണിപ്പുരയ്ക്കൽ പറഞ്ഞു. മന്ത്രി നൽകിയ ഉറപ്പ് നടപ്പിലാക്കാൻ വൈകിയാൽ നാട് വെള്ളത്തിലാകും. ഇഴയുന്ന സർക്കാർ നടപടികൾ കാത്തിരുന്നാൽ അടുത്ത മഴക്കാലത്ത് പോലും നടപ്പാലത്തിന്റെ നിർമാണം പൂർത്തിയാകില്ലെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച യൂത്ത് കോൺഗ്രസ്‌ വാർഡ് പ്രസിഡന്റ് ജിബിൻ അന്ത്യാങ്കുളം പറഞ്ഞു. സെബിൻ നെടുങ്ങാടിയിൽ, ജേക്കബ് ഇലന്തൂർ, റിച്ചു തണ്ണിപ്പുരക്കൽ, ബിബിൻ താഴത്തുവീട്ടിൽ, സിജി, ജോജി, ജസ്റ്റിൻ, മനു പേരകത്ത്, ജീമോൻ, സനു, ലിൻസ്, ലോപ്പസ്, എബിൻ, ജിബിൻ, ജോബിൻ, ബിജു കോട്ടക്കൽ എന്നിവർ നേതൃത്വം നൽകി. മൂന്ന് വശം ശബരിമല വനവും ഒരു വശം പമ്പാ നദിയുമായ അറയാഞ്ഞിലിമണ്ണിൽ ആകെയുള്ള ഗതാഗത മാർഗം ഇടകടത്തി വഴിയുള്ള കോസ്‌വേ പാലം മാത്രമാണ്. വർഷങ്ങൾക്ക്‌ മുമ്പ് നാട്ടുകാർ നിർമിച്ച ഉയരം കുറഞ്ഞ ഈ പാലം നദിയിൽ വെള്ളം കൂടുമ്പോൾ തന്നെ വെള്ളത്തിനടിയിലാകും. ജില്ലാ പഞ്ചായത്ത്‌ നിർമിച്ചു നൽകിയ നടപ്പാലം 2018 ലെ മഹാ പ്രളയത്തിൽ ഒലിച്ചുപോയിരുന്നു. ഇതേ സ്ഥലത്ത് വീണ്ടും നടപ്പാലത്തിന്റെ നിർമാണം നാട്ടുകാരുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ് നിർത്തി വെച്ചിരിക്കുന്നത്. നിർമാണം സർക്കാർ ഏറ്റെടുക്കാമെന്ന് കഴിഞ്ഞയിടെ സന്ദർശനം നടത്തിയ ദേവസ്വം ബോർഡ് മന്ത്രി കെ രാധാകൃഷ്ണനാണ് ഉറപ്പ് നൽകിയത്.

error: Content is protected !!