കൂട്ടിക്കൽ ദുരന്തം : സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ കുറ്റപത്രവുമായി അഡ്വ ഷോൺ ജോർജ് :

കൂട്ടിക്കൽ ദുരന്തമുണ്ടായി ഒരു വർഷം തികഞ്ഞിട്ടും ദുരന്തഭൂമിയിലെ ജനങ്ങൾക്ക് പൂർണമായ സമാശ്വാസം എത്തിക്കുവാൻ സർക്കാരിനോ ജനപ്രതിനിധികൾക്കോ കഴിഞ്ഞിട്ടില്ല എന്നാരോപിച്ചു കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും കേരള ജനപക്ഷം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ അഡ്വ. ഷോൺ ജോർജ് കുറ്റപത്രം പുറപ്പെടുവിച്ചു.

പ്ര​ള​യ​ത്തെ​ത്തു​ടർ​ന്നു കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ 229 വീ​ടു​ക​ളാ​ണ് താ​മ​സ​യോ​ഗ്യ​മ​ല്ലാ​താ​യ​ത്. . 200 ഏ​ക്ക​റി​ല​ധി​കം കൃ​ഷി ഭൂ​മി​യാ​ണ് ഉ​രു​ൾ ​പൊ​ട്ട​ലി​ൽ ഒ​ലി​ച്ചു​പോ​യ​ത്. പ്ര​ള​യ​ത്തി​ൽ നി​ര​വ​ധി പാ​ല​ങ്ങ​ളാ​ണ് ത​ക​ർ​ന്ന​ത്. ദു​ര​ന്ത​മു​ണ്ടാ​യി ഒ​രു വ​ർ​ഷം തി​ക​ഞ്ഞി​ട്ടും ഇതിനൊന്നും പരിഹാരം കണ്ടെത്തുവാൻ സർക്കാരിനോ ജനപ്രതിനിധികൾക്കോ സാധിച്ചിട്ടില്ല എന്ന് അദ്ദേഹം കുറ്റപത്രത്തിലൂടെ ആരോപിക്കുന്നു..

അഡ്വ ഷോൺ ജോർജ് സോഷ്യൽ മീഡിയയിലൂടെ പ്രസിദ്ധീകരിച്ച കുറ്റപത്രത്തിന്റെ പൂർണരൂപം :

കൂട്ടിക്കൽ ദുരന്തമുണ്ടായി ഒരു വർഷം തികഞ്ഞിട്ടും ഈ നാടിനുവേണ്ടി ഒന്നും ചെയ്യാത്ത സംസ്ഥാന സർക്കാരിനും ജനപ്രതിനിധികൾക്കും എതിരായി കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും കേരള ജനപക്ഷം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ അഡ്വ. ഷോൺ ജോർജ് നൽകുന്ന കുറ്റപത്രം.

2021 ഒക്ടോബർ മാസം പതിനാറാം തീയതി കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ പ്രളയദുരന്തം ഉണ്ടായ കൂട്ടിക്കൽ പഞ്ചായത്തിൽ കഴിഞ്ഞ ഒരു വർഷക്കാലമായി സംസ്ഥാനം ഭരിക്കുന്ന ഭരണകൂടവും ജനപ്രതിനിധികളും ചെയ്ത കുറ്റങ്ങൾ ചുവടെ ചേർക്കുന്നു.

  1. പ്രളയത്തെ തുടർന്ന് കൂട്ടിക്കൽ പഞ്ചായത്തിൽ 229 വീടുകളാണ് താമസ യോഗ്യമല്ലാതായി തീർന്നത്. ഇതിൽ ഒരു വീടിന്റെ പോലും നിർമ്മാണം പൂർത്തീകരിക്കുവാൻ ത്രിതല പഞ്ചായത്തുകൾക്കോ സംസ്ഥാന സർക്കാറിനോ സാധിച്ചിട്ടില്ല.
  2. സാധാരണക്കാരുടെയും ഇടത്തരക്കാരായ കർഷകരുടെയും 200 ഏക്കറിലധികം കൃഷിഭൂമിയാണ് ഉരുൾപൊട്ടലിൽ ഒലിച്ചു പോയത്. നാളിതുവരെയും ഒരു രൂപ പോലും നഷ്ടപരിഹാരം നൽകാനോ അവർ എങ്ങനെ ജീവിക്കണമെന്ന് പറയാനോ സർക്കാർ തയ്യാറായിട്ടില്ല.

3.പ്രളയത്തിൽ നിരവധി പാലങ്ങളാണ് ഈ പ്രദേശത്ത് തകർന്നത്. ഇത് പുനർ നിർമ്മിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇതുമൂലം ഗതാഗത സൗകര്യം ഇല്ലാതെ നിരവധി പ്രദേശങ്ങളാണ് ഒറ്റപ്പെട്ട് കഴിയുന്നത്..

കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുക്കുളം പാലം,ഇളംകാട് – മ്ലാക്കര പാലം,കൊടുങ്ങ ജംഗ്ഷൻ പാലം, മൂപ്പൻപാലം, ഇളംകാടിനും മുക്കുളത്തിനും ഇടയിൽ പുല്ലകയാറിന് കുറുകെയുള്ള പത്തോളം നടപ്പാലങ്ങൾ എന്നിവയാണ് പ്രളയത്തിൽ തകർന്നത്. ഇതുമൂലം നിരവധി ബസ് സർവീസ് ഉൾപ്പെടെ ഈ പ്രദേശങ്ങളിലേയ്ക്ക് ഇല്ലാതായി യാത്ര ദുരിതം വർധിച്ചു.

  1. പ്രളയത്തിൽ തകർന്ന റോഡുകളുടെ അവസ്ഥയും പരിതാപകരമാണ്. റോഡുകൾ പുനർ നിർമ്മിക്കുന്നതിന് പ്രഖ്യാപനങ്ങൾക്ക് അപ്പുറത്ത് യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നത് ഗുരുതര വീഴ്ച തന്നെയാണ്. പഞ്ചായത്തിലെ ഏറ്റവും പ്രധാന പാതയായ മുണ്ടക്കയം – ഇളംങ്കാട് – വാഗമൺ റോഡ് നിർമ്മാണം നിലവിൽ വല്യന്ത കൊണ്ട് അവസാനിപ്പിച്ച സ്ഥിതിയാണ്.
    എന്തയാർ – കൈപ്പള്ളി – പൂഞ്ഞാർ റോഡ് നിർമാണം ആരംഭിചെങ്കിലും എവിടെയും എത്താത്ത അവസ്ഥയാണ്. കെഎസ്ആർടിസി എട്ടിലധികം സർവീസുകൾ നടത്തിയിരുന്ന റോഡിന്റെ നിലവിലെ അവസ്ഥ പരിതാപകരമാണ്.. ഇളംകാട് – അടിവാരം- പൂഞ്ഞാർ റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്തെ മണ്ണ് നീക്കം ചെയ്യാൻ പോലും ഒരു വർഷമായിട്ടും അധികാരി വർഗ്ഗത്തിന് സാധിച്ചിട്ടില്ല.. എന്തയാർ – പ്ലാപ്പള്ളി- കുന്നോന്നി, ഇളംങ്കാട്-മ്ലാക്കര റോഡ്, ഇളംങ്കാട്-കുന്നാട് റോഡ്, എന്തയാർ – മുണ്ടപ്പള്ളി റോഡുകളും തകർന്ന് ഗതാഗതയോഗ്യമല്ലാതായികിടക്കുകയാണ്.

5.പുല്ലകയ്യാറിന്റെ കിലോമീറ്റർ കണക്കിന് തീരങ്ങൾ ഇടിഞ്ഞു കൃഷിഭൂമിയും, നിരവധി വീടുകളുമാണ് ഒലിച്ചു പോയത്. കൃഷി ഭൂമി നഷ്ടപ്പെട്ടവർക്ക് പകരം ഭൂമിയോ നഷ്ടപരിഹാരമോ നൽകാൻ ഇതുവരെ സാധിച്ചിട്ടില്ല.

സംരക്ഷണഭിത്തി തകർന്നതും, മലവെള്ളപാച്ചിലിൽ ഭാഗികമായി തകർന്നതുമായ ഏകദേശം 400 -ൽ അധികം വീടുകളാണ് ഉള്ളത്.ഇവയ്ക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നതിനും ഇതുവരെ സാധിച്ചിട്ടില്ല. എന്തിന് ഏറെ പറയുന്നു ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പോലും വീട് നിർമ്മിച്ചു നൽകാൻ ഇതുവരെ നമ്മുടെ സർക്കാരിന് കഴിഞ്ഞിട്ടില്ല.

  1. പുഴയിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണും കല്ലും ചെളിയും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഞാൻ തന്നെ ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആരെയോ ബോധ്യപ്പെടുത്താൻ വേണ്ടി മാത്രം പുല്ലക്കയ്യാറ്റിൽ നിന്നും കല്ലും,മണ്ണും വാരി കരയ്ക്ക് വെച്ചു എന്നല്ലാതെ മറ്റൊന്നും ചെയ്യാത്ത ഒരു സർക്കാർ.. ഇത്രയും വലിയ ദുരന്തം നേരിട്ടൊരു പഞ്ചായത്ത് സന്ദർശിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താൻ നമ്മുടെ മുഖ്യമന്ത്രിക്ക് സമയമില്ല. എന്നാൽ പാർട്ടി സമ്മേളനങ്ങൾക്കും മറ്റു ആവശ്യങ്ങൾക്കുമായി നിരവധി തവണയാണ് മുഖ്യമന്ത്രി മുണ്ടക്കയം വഴി കടന്നുപോയത്. ഇത്രയേറെ ആളുകൾ മരണപ്പെട്ട ഒരു ദുരന്ത ഭൂമി സന്ദർശിക്കാൻ മുഖ്യമന്ത്രി ഒരു ദിവസം പോലും മാറ്റി വയ്ക്കാത്തത് മരണമടഞ്ഞവരോടും അവരുടെ കുടുംബങ്ങളോടുമുള്ള അനാദരവായി മാത്രമേ കാണാൻ കഴിയൂ. ഇതിന് മുമ്പ് പ്രകൃതി ദുരന്തം ഉണ്ടായ മുഴുവൻ സ്ഥലങ്ങളിലും സർക്കാർ പാക്കേജുകൾ പ്രഖ്യാപിച്ചിട്ടും കൂട്ടിക്കലിന്റെ പുനരുദ്ധാരണത്തിന് വേണ്ടി ഒരു പാക്കേജ് പ്രഖ്യാപിപ്പിക്കുവാൻ കഴിയാത്തത് ഈ മേഖലയെ പ്രതിനിധികരിക്കുന്ന ജനപ്രതിനിധിയുടെ കഴിവുകേടായി മാത്രമേ കണക്കാക്കാൻ കഴിയൂ…
  2. സംസ്ഥാന സർക്കാർ എൽ.ഡി.എഫ്
    എംഎൽഎ എൽ.ഡി.എഫ്
    ജില്ലാ പഞ്ചായത്ത്‌ എൽ.ഡി.എഫ്
    ബ്ലോക്ക്‌ പഞ്ചായത്ത്‌ എൽ.ഡി.എഫ്
    ഗ്രാമ പഞ്ചായത്ത്‌ എൽ.ഡി.എഫ്.
    അപ്പോൾ മറുപടി പറയേണ്ടതും എൽ.ഡി.എഫ്. തന്നെയാണ്…
error: Content is protected !!