പൊലീസുകാരന്റെ മാമ്പഴമോഷണം അനുകരിച്ച് കുട്ടിയുടെ ഫാൻസിഡ്രസ്; ഖേദം പ്രകടിപ്പിച്ച് സ്കൂളധികൃതർ

സ്‌കൂളിനും പൊലീസ് സേനയ്ക്കും ഒരുപോലെ അപമാനമായ വീഡിയോ പിന്‍വലിക്കാന്‍ രക്ഷിതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയില്‍ മാമ്പഴം മോഷ്ടിച്ച പൊലീസുകാരനെ അനുകരിച്ച് എല്‍കെജി വിദ്യാര്‍ത്ഥി ചെയ്ത ഫാന്‍സി ഡ്രസ് വീഡിയോ പ്രചരിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂള്‍. ഒരു രക്ഷിതാവ് നടത്തിയ പ്രവര്‍ത്തി മൂലം കേരള പൊലീസിനുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ഖേദം പ്രകടിപ്പിക്കുന്നുവെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

സോഷ്യൽ മാധ്യമത്തില്‍ വീഡിയോ പ്രചരിക്കുന്നതില്‍ യാതൊരു സഹായവും പിന്തുണയും രക്ഷിതാവിന് നല്‍കിയിട്ടില്ലെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു. സ്‌കൂളിനും പൊലീസ് സേനയ്ക്കും ഒരുപോലെ അപമാനമായ വീഡിയോ പിന്‍വലിക്കാന്‍ രക്ഷിതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

‘വീഡിയോ സ്കൂളില്‍ നിന്നും ഔദ്യോഗികമായി എടുത്തിട്ടുള്ളതല്ല. മത്സരത്തില്‍ പങ്കെടുത്ത കുട്ടിയുടെ പിതാവ് മൊബൈല്‍ ഫോണില്‍ എടുത്ത് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിട്ടുള്ളതാണ്. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ രക്ഷിതാവിനെ വിളിക്കുകയും അദ്ദേഹത്തിന്റെ നടപടി മൂലം പലര്‍ക്കും വൈഷമ്യം ഉണ്ടായിട്ടുള്ള പോസ്റ്റ് പിന്‍വലിക്കണമെന്നും പറഞ്ഞിരുന്നു. വിവിധ സാമൂഹിക മാധ്യമങ്ങളുടെ ഓഫീസില്‍ ബന്ധപ്പെട്ട് സൈറ്റില്‍ നിന്നും പോസ്റ്റ് നീക്കം ചെയ്യണമെന്നും ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്.’ – പ്രസ്താവനയില്‍ പറയുന്നു.

സ്കൂളിലെ ഫാന്‍സി ഡ്രസ് മത്സരത്തില്‍ എല്‍കെജി വിദ്യാര്‍ത്ഥിയാണ് പൊലീസുകാരന്റെ മോഷണത്തെ അവതരിപ്പിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. മാങ്ങ മോഷണം നടന്നിട്ട് രണ്ടാഴ്ച്ച പിന്നിട്ടിട്ടും പ്രതിയായ പൊലീസ് ഒളിവില്‍ കഴിയവെയാണ് കുട്ടിയുടെ വീഡിയോ. സ്റ്റേജില്‍ തന്നെ ഒരുക്കിയ ബോക്‌സില്‍ നിന്നും മാങ്ങയുമെടുത്ത് നടന്ന് നീങ്ങുന്ന പൊലീസുകാരനെയാണ് വിദ്യാര്‍ത്ഥി ഫാന്‍സി ഡ്രസിലൂടെ അവതരിപ്പിച്ചത്.

അതേസമയം, പൊലീസ് സേനയ്ക്കുള്ളില്‍ നിന്നും മോഷണക്കേസിൽ പ്രതിയായ ഷിഹാബിന് സഹായം ലഭിക്കുന്നുണ്ടെന്ന ആക്ഷേപം ശക്തമാണ്. മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിലും പ്രതിയാണ് ഷിഹാബ് എന്ന സിപിഒ. കഴിഞ്ഞ മാസം മുപ്പതിനാണ് ഇടുക്കി എആര്‍ ക്യാംപിലെ പൊലീസുകാരനായ പി വി ഷിഹാബ് കാഞ്ഞിരപ്പള്ളിയില്‍ വഴിയരികിലെ പഴക്കടയില്‍ നിന്ന് 600 രൂപ വില വരുന്ന 10 കിലോ മാമ്പഴം മോഷ്ടിച്ചത്. പരാതിയുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ ഷിഹാബിനെതിരെ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തിരുന്നു.

error: Content is protected !!