കൂട്ടിക്കൽ ദുരന്തത്തിന് ഒരു വയസ്സ് .. പ്രളയ ദുരിതത്തിൽ പെട്ടവർക്ക് സർക്കാർ 7.80 കോടി രൂപയുടെ സഹായം നൽകി

കൂട്ടിക്കൽ, മണിമല, ഈരാറ്റുപേട്ട ഉൾപ്പെടെ കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ പ്രകൃതിക്ഷോഭമുണ്ടായിട്ട് ഒരു വർഷം തികയുകയാണ്.
2021 ഒക്ടോബറിലായിരുന്നു ഏവരെയും നടുക്കിയ പ്രകൃതിക്ഷോഭവും ഉരുൾപൊട്ടലുമുണ്ടായത്. നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരെ സ്മരിക്കുന്നു, പ്രണാമമർപ്പിക്കുന്നു.
ഒരുപാടു പേർക്ക് കിടപ്പാടവും ഭൂമിയും സമ്പാദ്യവുമൊക്കെ നഷ്ടപ്പെട്ടിരുന്നു. പാലങ്ങളും റോഡുകളുമടക്കം തകർന്നു. ഈ മേഖലകളെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചു.

പ്രകൃതിക്ഷോഭത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് സർക്കാർ ഇതുവരെ കൈമാറിയത് 7.80 കോടി രൂപയാണ്. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കു സ്ഥലം വാങ്ങാൻ 5.28 കോടി രൂപയും വീടു നഷ്ടപ്പെട്ടവർക്കു പുനർനിർമാണത്തിന് 2.52 കോടിയുമാണ് ഇതുവരെ കൈമാറിയത്.
വീടും സ്ഥലവും നഷ്ടപ്പെട്ട 120 പേർക്ക് വീടുവയ്ക്കാൻ സ്ഥലം വാങ്ങാൻ ആറുലക്ഷം രൂപവച്ച് 7.20 കോടി രൂപയാണ് അനുവദിച്ചത്. ഇവരിൽ 88 പേർ വസ്തു രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി പണം കൈപ്പറ്റി. മറ്റുള്ളവരുടെ രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുകയാണ്. മുഴുവൻ പേർക്കും വീടു വയ്ക്കുന്നതിനായി നാലുലക്ഷം രൂപ വച്ച് 4.80 കോടി ലഭ്യമാക്കും.
പൂർണമായും വീടു നഷ്ടപ്പെട്ട 73 അപേക്ഷകളാണ് ലഭിച്ചത്. ഇവരിൽ 63 പേർക്ക് നാലുലക്ഷം രൂപ വീതമാണ് 2.52 കോടി രൂപ കൈമാറിയത്. ഭാഗികമായി വീടിനു കേടുപാടുകൾ സംഭവിച്ച 2538 പേരിൽ 1989 പേർക്കു ധനസഹായം പൂർണമായും കൈമാറി. 433 പേർക്ക് ആദ്യഗഡുവും നൽകി. അപേക്ഷയിലേയും അക്കൗണ്ട് നമ്പറിലെയും പിഴവുകൾ മൂലമാണ് ചിലർക്ക് തുക അനുവദിക്കാൻ സാധിക്കാതിരുന്നത്. ഇവർക്ക് ഫണ്ട് കൈമാറും.
കൂട്ടിക്കൽ ഉൾപ്പെടെയുള്ള മേഖലയിലുണ്ടായ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും മരണമടഞ്ഞ 13 പേരിൽ ഏഴുപേരുടെ ആശ്രിതർക്ക് അഞ്ചുലക്ഷം രൂപവീതം ധനസഹായം കൈമാറിയിരുന്നു. ശേഷിക്കുന്ന ആറുപേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഇവരിൽ അവകാശിയെച്ചൊല്ലിയുള്ള തർക്കം പരിഹരിച്ചശേഷം തുക കൈമാറും.
🌾കൃഷി നാശം; നഷ്ടപരിഹാരമായി 41.08 ലക്ഷം
2021 ഒക്ടോബർ, നവംബർ മാസങ്ങളിലെ അപേക്ഷകളിൽ കാഞ്ഞിരപ്പള്ളി ബ്ളോക്കിനു കീഴിലുള്ള കൂട്ടിക്കൽ, കാഞ്ഞിരപ്പള്ളി, എരുമേലി, കോരുത്തോട്, മണിമല, മുണ്ടക്കയം, പാറത്തോട് കൃഷിഭവനുകൾ വഴി 41.08 ലക്ഷം രൂപയുടെ
422 അപേക്ഷകൾ ലഭിച്ചതിൽ 393 അപേക്ഷകളിൽ ധനസഹായം നൽകി. കൃഷിനാശത്തിനുള്ള ധനസഹായമാണ് വിതരണം ചെയ്തത്. സംസ്ഥാന ദുരന്തനിവാരണ നിധിയിൽനിന്നും സംസ്ഥാന സർക്കാരിൽനിന്നുമാണ് തുക അനുവദിച്ചത്.
കൂട്ടിക്കൽ കൃഷിഭവനിലെ 151 അപേക്ഷകർക്കായി 22.36 ലക്ഷം രൂപയും കാഞ്ഞിരപ്പള്ളി കൃഷിഭവനിലെ 17 അപേക്ഷകളിൽ 2.13 ലക്ഷം രൂപയും എരുമേലി കൃഷി ഭവനിലെ 61 അപേക്ഷകളിൽ 3.76 ലക്ഷം രൂപയും കോരുത്തോട് കൃഷി ഭവനിലെ 21 അപേക്ഷകളിൽ 81,618 രൂപയും മണിമല കൃഷിഭവനിലെ 27 അപേക്ഷകളിൽ 1.45 ലക്ഷം രൂപയും മുണ്ടക്കയം കൃഷിഭവനിലെ 81 അപേക്ഷകളിൽ 8.25 ലക്ഷം രൂപയും പാറത്തോട് കൃഷിഭവനിലെ 35 അപേക്ഷകളിൽ 2.28 ലക്ഷം രൂപയും ധനസഹായമായി അനുവദിച്ചു.
ഈരാറ്റുപേട്ട ബ്ളോക്കിലെ ഈരാറ്റുപേട്ട, മൂന്നിലവ്, പൂഞ്ഞാർ, പൂഞ്ഞാർ സൗത്ത്, തീക്കോയി, തലനാട്, തലപ്പലം, തിടനാട് കൃഷി ഭവനുകളിലായി 17.42 ലക്ഷം രൂപയും കൃഷിനാശത്തിനുള്ള ധനസഹായമായി അനുവദിച്ചു. 162 അപേക്ഷകളിലെ 157 എണ്ണത്തിനും ധനസഹായം അനുവദിച്ചപ്പോൾ രണ്ടെണ്ണം പുനഃപരിശോധനയ്ക്ക് അയച്ചു. പൂഞ്ഞാർ തെക്ക് കൃഷിഭവനിലെ 105 അപേക്ഷകളിൽ 15.31 ലക്ഷം രൂപ, പൂഞ്ഞാർ കൃഷി ഭവനിലെ എട്ട് അപേക്ഷകളിൽ 52,625 രൂപയും അനുവദിച്ചു. ഈരാറ്റുപേട്ട കൃഷിഭവൻ-4850 രൂപ, മൂന്നിലവ്-17750 രൂപ, തീക്കോയി 17050, തലനാട് 55987, തലപ്പലം 4765 രൂപ, തിടനാട് 58,488 രൂപയും കൃഷിനഷ്ടത്തിന് ധനസഹായം നൽകി.
2021 ഒക്ടോബർ, നവംബർ മാസത്തെ അപേക്ഷകളിൽ ജില്ലയിലെ കൃഷിവികസന ഓഫീസുകൾ വഴി 2.34 ലക്ഷം രൂപ വിള ഇൻഷുറൻസ് ഇനത്തിലും നഷ്ടപരിഹാരം നൽകി. ഈ കാലയളവിലെ 29 അപേക്ഷകളിൽ 29 എണ്ണത്തിലും ഇൻഷുറൻസ് നഷ്ടപരിഹാരം അനുവദിച്ചു.
🐄 വളർത്തു മൃഗങ്ങളെ നഷ്ടപ്പെട്ടവർക്ക് 8.46 ലക്ഷം
പ്രകൃതിക്ഷോഭത്തിൽ മൃഗസംരക്ഷണമേഖലയിൽ കർഷകർക്കുണ്ടായ നാശനഷ്ടത്തിന് ജില്ലയിൽ 8.46 ലക്ഷം രൂപ വിതരണം ചെയ്തു. പശു കിടാരി, കിടാവ്, കോഴി, താറാവ്, കാലിത്തൊഴുത്ത് എന്നീ വിഭാഗങ്ങളിലെ നാശനഷ്ടങ്ങൾക്കാണ് 175 കർഷകർക്ക് 8,46,300 രൂപ അനുവദിച്ചത്.
📇 15 പേർക്ക് റേഷൻ കാർഡ്
കൂട്ടിക്കൽ പഞ്ചായത്തിൽ പ്രളയത്തിലും ഉരുൾപൊട്ടലിലും റേഷൻകാർഡ് നഷ്ടപ്പെട്ട 15 പേർക്ക് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് വഴി ഡ്യൂപ്ലിക്കേറ്റ് റേഷൻ കാർഡുകൾ ലഭ്യമാക്കി.
🌁 നദികളിലെ തടസം നീക്കാൻ 2.43 കോടി രൂപ
2021 ഒക്ടോബറിലെ പ്രളയവുമായി ബന്ധപ്പെട്ട് മണിമലയാറ്റിൽ പാലങ്ങൾ, തടയണകൾ, കോസ് വേകൾ എന്നിവയുമായി ബന്ധപ്പെട്ട് ഒഴുക്ക് സുഗമമാക്കാനും തടസങ്ങൾ നീക്കാനുമായി 36 വെന്റ് വേ ക്ലിയറൻസ് പ്രവർത്തികൾ യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തീകരിച്ചു. 72.70 ലക്ഷം രൂപ ചെലവഴിച്ചു. ഇതുകൂടാതെ പ്രധാനനദികളിലും പോഷക തോടുകളിലും തടസങ്ങളും ചെളിയും മണ്ണും മറ്റും നീക്കം ചെയ്യുന്നതിനായി 1.71 കോടി രൂപയുടെ 221 പ്രവർത്തികളും നടപ്പാക്കി.
🌉 പാലം അറ്റകുറ്റപ്പണിക്ക് ചെലവഴിച്ചത് 1.66 കോടി;
14.77 കോടിയുടെ ഭരണാനുമതി
കൂട്ടിക്കൽ, ഈരാറ്റുപേട്ട, മണിമല എന്നിവിടങ്ങളിലെ 11 പാലങ്ങളുടെ നവീകരണം, പുനർനിർമ്മാണം, അറ്റകുറ്റപ്പണികൾക്കായി 14.77 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. പാലങ്ങളുടെ അറ്റകുറ്റപ്പണികൾക്കും മാലിന്യങ്ങൾ നീക്കാനുമായി 1.66 കോടി രൂപ ചെലവഴിച്ചു.
പ്രളയത്തിൽ ചെറുവള്ളി കോസ് വേയുടെ ഡെക് സ്ളാബ് ഒഴുകിപ്പോയിരുന്നു. ഇവിടെ പുതിയ പാലം പണിയാൻ 9.61 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇൻവെസ്റ്റിഗേഷൻ പ്രവർത്തികൾ നടക്കുകയാണ്.
പ്രളയത്തിൽ തകരാറുകൾ സംഭവിച്ച 26-ാം മൈൽ പാലം 19.60 ലക്ഷം രൂപ മുടക്കി അറ്റകുറ്റപ്പണി നടത്തി. പുതിയപാലം പണിയുന്നതിന് 2.73 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. സാങ്കേതികാനുമതിക്കുള്ള നടപടി പുരോഗമിക്കുന്നു.
വലിയന്ത-വാഗമൺ റോഡിൽ ഇളങ്കാട് ബസ് സ്റ്റാൻഡിന്റെ സമീപത്തുള്ള കലുങ്ക് നിർമിക്കുന്നതിനായി 68 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. തുടർനടപടി നടക്കുന്നു.
പ്രളയത്തിൽ തകർന്ന പഴയിടം കോസ് വേയുടെ കൈവരി പുനഃസ്ഥാപിക്കുന്നതിനും അറ്റകുറ്റപണികൾക്കുമായി 20 ലക്ഷം രൂപ അനുവദിച്ച് പ്രവൃത്തികൾ പുരോഗമിക്കുന്നു. പ്രളയങ്ങളിൽ തുടർച്ചയായി പാരപ്പറ്റിനും കൈവരികൾക്കും തകരാർ സംഭവിക്കുന്നതിനാൽ പുതിയ പാലത്തിനുള്ള ഇൻവെസ്റ്റിഗേഷൻ പ്രവർത്തികൾ പൂർത്തീകരിച്ചു.
കടവനാൽ പാലത്തിന്റെ മൂന്നു സ്പാനുകൾ തെന്നി മാറി തകരാറുകൾ സംഭവിച്ചിരുന്നു. ഇവ 63.4 ലക്ഷം രൂപ മുടക്കി പുനഃസ്ഥാപിക്കുകയും അറ്റകുറ്റപണികൾ നടത്തുകയും ചെയ്തു. നാലുലക്ഷം രൂപ ചെലവഴിച്ച് പാലത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കിയിരുന്നു.
ചിറ്റാർ-മണ്ണാർക്കയം പാലത്തിന്റെ കേടുപാട് സംഭവിച്ച കൈവരികളും പാരപ്പറ്റും നന്നാക്കുന്നതിനായി 3.58 ലക്ഷം രൂപ മുടക്കി അറ്റകുറ്റപ്പണി നടത്തി.
കുളത്തൂർ പാലത്തിൽ അടിഞ്ഞ മാലിന്യങ്ങൾ 3.18 ലക്ഷം മുടക്കി നീക്കി. മുണ്ടക്കയം കോസ് വേയുടെ തകരാർ പരിഹരിക്കാൻ അനുവദിച്ച 9.40 ലക്ഷം രൂപയിൽ 5.37 ലക്ഷത്തിന്റെ പ്രവർത്തികൾ പൂർത്തീകരിച്ചു.
മൂക്കൻപെട്ടി കോസ്വേയിൽ അടിഞ്ഞ മാലിന്യങ്ങൾ നീക്കാനും അറ്റകുറ്റപ്പണിക്കുമായി 2.64 ലക്ഷം രൂപയുടെ പ്രവർത്തികൾ പൂർത്തീകരിച്ചു. കൈവരി പുനസ്ഥാപിക്കാനും അനുബന്ധപ്രവർത്തനങ്ങൾക്കുമായി 25 ലക്ഷം അനുവദിച്ചിട്ടുണ്ട്. പ്രവർത്തികൾ പുരോഗമിക്കുന്നു. പുതിയ പാലം നിർമിക്കാനുള്ള ഇൻവെസ്റ്റിഗേഷൻ പ്രവർത്തികൾ പൂർത്തീകരിച്ചു റിപ്പോർട്ട് നൽകി.
ഊരുങ്കൽകടവ് കോസ് വേ, അപ്രോച്ച് റോഡ്, ഹാൻഡ് റെയിൽ എന്നിവയുടെ അറ്റകുറ്റപണി 11.47 ലക്ഷം രൂപ മുടക്കി പൂർത്തീകരിച്ചിട്ടുണ്ട്. 2.70 ലക്ഷം രൂപ ചെലവഴിച്ച് മാലിന്യങ്ങൾ നീക്കി.
കാവുംകടവ് പാലം,ചിറ്റാറ്റിൻകര കോസ് വേ പാലങ്ങളുടെ കൈവരികളുടെ അറ്റകുറ്റപ്പണി അഞ്ചുലക്ഷം രൂപ മുടക്കി പൂർത്തീകരിച്ചു. പുതിയ പാലം നിർമിക്കാനുള്ള ഇൻവെസ്റ്റിഗേഷൻ പ്രവർത്തികൾ പൂർത്തീകരിച്ച് റിപ്പോർട്ട് നൽകി.
🛣️ റോഡുകൾക്കായി അനുവദിച്ചത്
52.06 കോടി രൂപ
പ്രകൃതിക്ഷോഭത്തിൽ കൂട്ടിക്കലടക്കമുള്ള ജില്ലയിലെ കിഴക്കൻ മേഖലയിൽ റോഡുകൾക്കായി അനുവദിച്ചത് 52.06 കോടി രൂപ. ഇതിൽ റോഡ്, സംരക്ഷണഭിത്തി, ഡ്രെയിനേജ് പുനരുദ്ധാരണത്തിനായി മാത്രം 433.65 ലക്ഷം രൂപ അനുവദിച്ചു.
ശക്തമായ മഴയിൽ ഇടിഞ്ഞുപോയ മണിമല-പഴയിടം-ചേനപ്പാടി-എരുമേലി റോഡിന്റെ സംരക്ഷണ ഭിത്തി 16.03 ലക്ഷം രൂപ ചെലവിൽ പുനരുദ്ധരിച്ചു.
എരുമേലി പൊലീസ് സ്റ്റേഷൻ-കൊടിത്തോട്ടം പ്രൊപ്പോസ് റോഡിന് 24.99 ലക്ഷം അനുവദിച്ചു. കോൺക്രീറ്റ് ജോലികൾ പൂർത്തീകരിച്ചു. ടാറിംഗ് പുരോഗമിക്കുന്നു.
പെരുത്തോട്-തുമരുംപാറ-ഇരുമ്പൂന്നിക്കര റോഡിന് 25 ലക്ഷം രൂപ അനുവദിച്ചു. പ്രവർത്തി പൂർത്തീകരിച്ചുവരുന്നു.
കൊരട്ടി-ഓരുങ്കൽ-കരിമ്പിൻതോട് റോഡിലെ ഓരുങ്കൽ കടവ് പാലത്തിനു സമീപത്തെ കേടുപാട് സംഭവിച്ച റോഡ് 18.21 ലക്ഷം രൂപ ചെലവിൽ പുനരുദ്ധരിച്ചു.
മടുക്ക-കൊമ്പുകുത്തി ടി.ആർ. ആൻഡ് ടി-തോട്ടംകവല റോഡിന് 20.36 ലക്ഷം രൂപ അനുവദിച്ചു. പ്രവർത്തി പുരോഗമിക്കുന്നു.
മൈക്കോളജി റോഡിന്റെ പുനരുദ്ധാരണത്തിന് 20.36 ലക്ഷം രൂപ അനുവദിച്ചു. പ്രവർത്തി പുരോഗമിക്കുന്നു.
കരിനിലം-പുഞ്ചവയൽ-504 കോളനി-കുഴിമാവ് റോഡിലെ സംരക്ഷണ ഭിത്തി അറ്റകുറ്റപ്പണി 20 ലക്ഷം രൂപ ചെലവഴിച്ച് പൂർത്തീകരിച്ചു.
കൂട്ടിക്കൽ-കാവാലി-പ്ലാപ്പള്ളി-ഏന്തയാർ റോഡിന്റെ അറ്റകുറ്റപ്പണി 14.59 ലക്ഷം രൂപ ചെലവിൽ പൂർത്തീകരിച്ചു.
കാഞ്ഞിരപ്പള്ളി-ഇടക്കുന്നം റോഡിന്റെ ഡ്രെയിനേജ് പ്രവർത്തികൾ 12.04 ലക്ഷം രൂപ ചെലവിൽ പൂർത്തീകരിച്ചു.
വിഴിക്കത്തോട്-ചേനപ്പാടി റോഡിന്റെ ഡ്രെയിനേജ് പ്രവർത്തികൾ 12.92 ലക്ഷം രൂപ ചെലവിൽ പൂർത്തീകരിച്ചു.
ഡൊമനിക് തൊമ്മൻ റോഡിന്റെ ഡ്രെയിനേജ് പ്രവർത്തികൾ 14.46 ലക്ഷം രൂപ ചെലവിൽ പൂർത്തീകരിച്ചു.
ആനക്കല്ല്-വണ്ടൻപാറ-നരിവേലി-പൊടിമറ്റം റോഡിന്റെ ഡ്രെയിനേജ് പ്രവർത്തികൾ 14.55 ലക്ഷം രൂപ ചെലവിൽ പൂർത്തീകരിച്ചു.
പ്രളയത്തിൽ വിവിധ റോഡുകളിലും കലുങ്കുകളിലും അടിഞ്ഞ മണ്ണ് നീക്കാനും വൃത്തിയാക്കുന്നതിനുമുള്ള 6.49 ലക്ഷം രൂപയുടെ പ്രവർത്തികൾ പൂർത്തീകരിച്ചു.
മുണ്ടക്കയം-കൂട്ടിക്കൽ-ഇളംകാട്-വല്യേന്ത-കോലാഹലമേട്-വാഗമൺ റോഡിനായി 34.73 കോടി രൂപയുടെ പ്രവർത്തികൾ നടക്കുന്നു. പ്രളയത്തെത്തുടർന്ന് നാശനഷ്ടമുണ്ടായ റോഡിലെ സംരക്ഷണ ഭിത്തി, പ്രതലം, പാരപ്പറ്റ് എന്നിവയുടെ അടിയന്തര പ്രവൃത്തികൾ പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കി.
കൂട്ടിക്കൽ-കാവാലി-ചോലത്തടം റോഡ് നിർമാണത്തിനായി 10 കോടി രൂപ അനുവദിച്ചു. പ്രവർത്തികൾ പുരോഗമിക്കുകയാണ്.
പൂഞ്ഞാർ-കൈപ്പള്ളി-ഏന്തയാർ റോഡിൽ മൂന്നു കോടി രൂപയുടെ പ്രവർത്തികൾ പുരോഗമിക്കുന്നു. സംരക്ഷണ ഭിത്തി പുനഃനിർമിക്കുന്നതിനുള്ള 1.50 കോടി രൂപയുടെ ടെണ്ടർ നടപടി പൂർത്തീകരിച്ചു.
അടിവാരം-കൊടുങ്ങ റോഡിൽ അടിഞ്ഞ കല്ലും മണ്ണും നീക്കി. റോഡിന്റെ സംരംക്ഷണ ഭിത്തി പുനഃനിർമിക്കാൻ 10.55 ലക്ഷം അനുവദിച്ചു. ടെണ്ടർ നടപടി പൂർത്തീകരിച്ച് കരാറായി.
പെരുങ്ങുളം-ചട്ടമ്പി-കൈപ്പള്ളി റോഡിന്റെ സംരക്ഷണഭിത്തി 25 ലക്ഷം രൂപ ചെലവിൽ പുനഃനിർമിച്ചു. 24.81 ലക്ഷം രൂപയുടെ പ്രവർത്തികളും പുരോഗമിക്കുന്നു.
പൂഞ്ഞാർ-കൂട്ടിക്കൽ റോഡിന്റെ ഉപരിതല ഡ്രെയിനിന്റെ നിർമാണം മൂന്നു ലക്ഷം രൂപ ചെലവിൽ പൂർത്തീകരിച്ചു.
സർക്കാരിനൊപ്പം സാംസ്കാരിക-രാഷ്ട്രീയ-മത- സാമൂഹിക സംഘടനകളുമൊക്കെ ജനങ്ങളുടെ സഹായത്തിനായി രംഗത്തെത്തി. വിലപ്പെട്ട സഹായങ്ങൾ നൽകി. കൂട്ടിക്കലടക്കം പ്രകൃതിദുരന്തത്തിൽ വിറങ്ങലിച്ച പ്രദേശങ്ങളെ പഴയനിലയിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ തുടരുകയാണ്

error: Content is protected !!