KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പഴയിടം ഇരട്ടക്കൊല: പ്രതി കുറ്റക്കാരൻ, വിധി 22-ന്

മണിമല പഴയിടത്ത് പിതൃസഹോദരിയെയും ഭർത്താവിനെയും ചുറ്റികകൊണ്ടടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ശിക്ഷ 22-ന് വിധിക്കും. 2013 സെപ്റ്റംബർ 28-ന് തീമ്പനാൽ വീട്ടിൽ തങ്കമ്മ (68), ഭർത്താവ് ഭാസ്കരൻ നായർ (71) എന്നിവരെ കൊലപ്പെടുത്തിയ അരുൺ ശശി(31)ക്കെതിരേയാണ് വിധി. ഭവനഭേദനം, കൊലപാതകം, കവർച്ച എന്നീ കുറ്റങ്ങൾ തെളിഞ്ഞെന്ന് കോട്ടയം അഡീഷണൽ സെഷൻസ് കോടതി രണ്ട് ജഡ്ജ് ജെ.നാസർ നിരീക്ഷിച്ചു.

പണം മോഹിച്ചാണ്, അടുത്ത ബന്ധുക്കളെ 21 വയസ്സുകാരൻ കൊലപ്പെടുത്തിയത്. പൊതുമരാമത്ത് സൂപ്രണ്ടായിരുന്ന ഭാസ്കരൻ നായരുടെയും കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥയായിരുന്ന തങ്കമ്മയുടെയും കൈവശം പണവും സ്വർണവും ധാരാളമുണ്ടാകുമെന്ന് പ്രതി കരുതിയിരുന്നു. പഴയൊരു കാർ അപകടത്തിൽപ്പെട്ട് മോശമായതിനാൽ പുതിയതിന് അരുൺ ബുക്കുചെയ്തു. ഇതിന് പണം കണ്ടെത്താൻ ഭാസ്കരൻ നായരെ സമീപിച്ചെങ്കിലും കൊടുത്തില്ല.

സെപ്റ്റംബർ 28-ന് ദമ്പതിമാർ ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് പോയി മടങ്ങിയെത്തിയപ്പോൾ അരുൺ ചുറ്റിക ശരീരത്തിലൊളിപ്പിച്ച് ഇവരുടെ വീട്ടിലെത്തി. ഇരുവരെയും തലയ്ക്കടിച്ചുവീഴ്ത്തി. ഭാസ്കരൻ നായരെ തലയണകൊണ്ട് ശ്വാസംമുട്ടിക്കുകയും ചെയ്തു. ഒന്നിലേറെപ്പേർ കൃത്യത്തിനുണ്ടെന്ന് തോന്നിക്കാൻ വാക്കത്തിയും കോടാലിയും സംഭവസ്ഥലത്ത് ഉപേക്ഷിച്ചു. കൊലചെയ്യാനുപയോഗിച്ച ചുറ്റിക സ്വന്തം വീട്ടിൽ ഒളിപ്പിക്കുകയുംചെയ്തു.

തെളിവ് നശിപ്പിക്കാൻ മൃതദേഹങ്ങൾക്കുസമീപം മഞ്ഞൾപ്പൊടി വിതറി.

തങ്കമ്മയുടെ ആഭരണം വിറ്റുകിട്ടിയ രണ്ടുലക്ഷം രൂപ കാറിന് തികയാത്തതിനാൽ മോഷണം നടത്തി അധികപണം കണ്ടെത്താൻ തീരുമാനിച്ചു. ഭാസ്കരൻ നായരുടെയും തങ്കമ്മയുടെയും കൊലപാതകികളെ കണ്ടെത്താൻ ആവശ്യപ്പെട്ടുള്ള ആക്ഷൻ കൗൺസിലും അരുണിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു. വീട്ടിലെ സാഹചര്യംവെച്ച് പോലീസ് അടുത്ത ബന്ധുക്കളെ സംശയിച്ചെങ്കിലും, അരുണിലേക്ക് അന്വേഷണമെത്തിയില്ല. ഒക്ടോബർ 19-ന് കോട്ടയം റബ്ബർ ബോർഡിനുസമീപം സ്ത്രീയുടെ മാല പൊട്ടിച്ചോടിയ അരുണിനെ നാട്ടുകാർ പിടികൂടി ഇൗസ്റ്റ് പോലീസിൽ ഏല്പിച്ചത് വഴിത്തിരിവായി.

ചോദ്യംചെയ്തപ്പോൾ, മണിമലയിലേതടക്കം പല മോഷണക്കേസുകളും ഇയാൾ ഏറ്റെടുത്തു. മണിമല പോലീസ് ഇയാളെ ചോദ്യംചെയ്തപ്പോൾ പഴയിടം കൊലപാതകവും സമ്മതിച്ചു. 2014-ൽ ജാമ്യം നേടി പുറത്തിറങ്ങി ഒളിവിൽപ്പോയി.

2016-ൽ ഒരു മാളിലെ മോഷണത്തിൽ തമിഴ്നാട് പോലീസ് പിടിച്ചപ്പോഴാണ് നാട്ടിൽ പിടികിട്ടാപ്പുള്ളിയാണെന്നറിഞ്ഞത്. തമിഴ്നാട് പോലീസ് പിന്നീട് ഇയാളെ കേരള പോലീസിന് കൈമാറി. ഏഴുവർഷമായി ജയിലിലാണ്. ബിനു ഭാസ്കർ, ബിന്ദു ഭാസ്കർ എന്നിവരാണ് ഭാസ്കരൻ നായർ-തങ്കമ്മ ദമ്പതിമാരുടെ മക്കൾ.

ദൃക്‌സാക്ഷിയില്ല, ശാസ്ത്രീയ തെളിവ് സഹായം
പിതൃസഹോദരിയെയും ഭർത്താവിനെയും കൊലപ്പെടുത്തിയ കേസിൽ ദൃക്‌സാക്ഷികളില്ലെങ്കിലും ശാസ്ത്രീയപരിശോധനകൾ ഗുണമായെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ജിതേഷ് പറഞ്ഞു. മരിച്ചവരുടെ രക്തത്തിന്റെ അംശം അരുണിന്റെ വീട്ടിലെ വാതിലിൽ കണ്ടെത്തി.

കൊലപാതകം കഴിഞ്ഞ് കുളിക്കാനെത്തിയപ്പോൾ പറ്റിപ്പിടിച്ചതാണിത്. കൊലപാതകസമയത്ത് ധരിച്ചിരുന്ന വസ്ത്രം മണിമലയാറ്റിൽ ഒഴുക്കിക്കളഞ്ഞിരുന്നു. ഉൗരിയെടുത്ത ബെൽറ്റിൽ ഭാസ്കരൻ നായരുടെ രക്തത്തിന്റെ അംശം കണ്ടെത്തി.

പ്രതിയുടെ വീട്ടിൽനിന്ന് തങ്കമ്മയുടെ വരവുവളയും കൊലയ്ക്കുപയോഗിച്ച ചുറ്റികയും കണ്ടെടുത്തു.

ഭാസ്കരൻ നായരുടെ വീട്ടിലെ ബൾബ് കൊലപാതകത്തിനുമുമ്പ് ഇയാൾ ഉൗരിമാറ്റിയിരുന്നു. അതിൽ അരുണിന്റെ വിരലടയാളം കണ്ടെത്തി.

പല സംസ്ഥാനങ്ങളിലും സഞ്ചരിച്ച് ഋഷിവാലി എന്ന മറ്റൊരു പേര് സ്വീകരിച്ച് പുതിയ ആധാർ പ്രതി സ്വന്തമാക്കിയിരുന്നു.

error: Content is protected !!