60 പിന്നിട്ട മുതിർന്ന നേതാക്കൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കരുത്: യൂത്ത് കോൺഗ്രസ്

 മുതിർന്ന നേതാക്കൾക്കെതിരെ കടുത്ത നിലപാടെടുത്ത യൂത്ത് കോൺഗ്രസ് ജില്ലയിൽ ഉന്നം വയ്ക്കുന്നത് 2016ൽ കേരള കോൺഗ്രസ് (എം) മത്സരിച്ച ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി നിയമസഭാ സീറ്റുകൾ. ഈ സീറ്റുകൾ ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രമേയം പാസാക്കും.മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയെയും തിരുവഞ്ചൂർ രാധാകൃഷ്ണനെയും പിണക്കാതെയാണ് യൂത്ത് കോൺഗ്രസിന്റെ നീക്കം. 60 പിന്നിട്ട മുതിർന്ന നേതാക്കൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ പാലക്കാട് പ്രമേയം. എന്നാൽ ഉമ്മൻചാണ്ടി മത്സരിക്കുന്നത് സംസ്ഥാന കമ്മിറ്റി അനുകൂലിച്ചിട്ടുണ്ട്. ശനിയാഴ്ച കോട്ടയത്തു ചേരുന്ന യൂത്ത് കോൺഗ്രസ് ജില്ലാ പൊതുയോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ മത്സരിക്കുന്നത് അനുകൂലിച്ചും പ്രമേയം പാസാക്കിയേക്കും.

കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങൾക്കു പുറമേ വൈക്കം മാത്രമാണ് കോൺഗ്രസ് ഇതുവരെ മത്സരിച്ചത്. ഏറ്റുമാനൂർ, ചങ്ങനാശേരി, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, പാലാ, കടുത്തുരുത്തി എന്നിവിടങ്ങളിൽ കേരള കോൺഗ്രസ് എമ്മും. ഇതിൽ ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പാലാ, പൂഞ്ഞാർ മണ്ഡലങ്ങൾ കോൺഗ്രസ് ഏറ്റെടുക്കാൻ ഒരുങ്ങുന്നുണ്ട്. ഇവിടെ മത്സരിക്കാൻ മുതിർന്ന നേതാക്കൾ ചരടുവലികളും ആരംഭിച്ചു.ലതികാ സുഭാഷ്, ടോമി കല്ലാനി, ജോഷി ഫിലിപ്, ഫിലിപ് ജോസഫ്, ഡോ. പി.ആർ. സോന, ജോസഫ് വാഴയ്ക്കൻ, നാട്ടകം സുരേഷ്, ജി. ഗോപകുമാർ എന്നിവരുടെ പേരുകളാണ് കോൺഗ്രസ് ക്യാംപിൽ ചർച്ചയിൽ. കെ.സി.ജോസഫ് എംഎൽഎ ഇരിക്കൂർ വിട്ടു ചങ്ങനാശേരിയിൽ മത്സരിക്കാൻ ആലോചിക്കുന്നുണ്ടെന്നും അഭ്യൂഹമുണ്ട്

ചാണ്ടി ഉമ്മൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി, സംസ്ഥാന സെക്രട്ടറിമാരായ ടോം കോര അ‍ഞ്ചേരിൽ, ടിജോ ജോസഫ്, ജോബിൻ ജേക്കബ്, മുൻ ജില്ലാ പ്രസിഡന്റ് ജോബി അഗസ്റ്റിൻ എന്നിവരുടെ പേരുകളാണ് യൂത്ത് കോൺഗ്രസ് മുന്നോട്ടു വയ്ക്കുന്നത്.തദ്ദേശ തിരഞ്ഞെടുപ്പിൽ 51 സീറ്റുകളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മത്സരിച്ചു. ഇതിൽ 36 പേരും ജയിച്ചു. കടുത്തുരുത്തി, പൂഞ്ഞാർ ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോൺഗ്രസ് നൽകിയില്ല. രണ്ടു സീറ്റിലും യുഡിഎഫ് തോറ്റു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!