ഇത്തവണ പേട്ടതുള്ളലിന് അമ്പലപ്പുഴ സമൂഹ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ എത്തുകയില്ല

എരുമേലി : വാവരുടെ പ്രതിനിധിയെ വലം കൈയ്യിൽ ചേർത്ത് മതമൈത്രിയും അയ്യപ്പ ചരിത്രവും ഒത്തുചേരുന്ന പ്രസിദ്ധമായ എരുമേലി പേട്ടതുള്ളലിന് നായക്ത്വം വഹിക്കാൻ അമ്പലപ്പുഴ സമൂഹ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ ഇത്തവണ എത്തില്ല. 21 വർഷമായി പേട്ടതുള്ളലിന്റെ നായക സ്ഥാനം വഹിക്കുന്ന ചന്ദ്രശേഖരൻ നായർക്ക് ഇതാദ്യമായാണ് പേട്ടതുള്ളലിൽ നിന്നും വിട്ടുനിൽക്കേണ്ടിവരുന്നത്. ഇന്നലെ മനസില്ലാ മനസോടെ അമ്പലപ്പുഴ പേട്ടതുള്ളൽ സംഘത്തിനെ അദ്ദേഹം യാത്രയാക്കി.

ഓർമ വെച്ച നാൾ മുതൽ 85 കാരനായ ചന്ദ്രശേഖരൻ നായരുടെ മനസിൽ പേട്ടതുള്ളലുണ്ട്. ഇത്തവണ കോവിഡ് ആശങ്ക മൂലം ഡോക്ടറുടെ നിർദേശപ്രകാരമാണ് വിട്ടുനിൽക്കുന്നത്. ഇരുപതാമത്തെ വയസിലാണ് ചന്ദ്രശേഖരൻ നായർ ആദ്യമായി ശബരിമല ദർശനം നടത്തിയത്. അതിന് ശേഷം എല്ലാ മാസവും മുടങ്ങാതെ സന്നിധാനത്തെത്തും.ആറര പതിറ്റാണ്ട് എല്ലാ മാസവും മുടങ്ങാതെ സന്നിധാനത്തെത്തി കൺകുളിർക്കെ അയ്യപ്പ ദർശനം നടത്തുന്ന കളത്തിൽ ചന്ദ്രശേഖരൻ നായർ ഇതിനോടകം 350 ലേറെ തവണയാണ് ശബരിമല ദർശനം നടത്തിയത്.

വർഷങ്ങളോളം എരുമേലിയിൽ വാവരുടെ പ്രതിനിധിയായി താഴത്തുവീട്ടിൽ ഹസൻ റാവുത്തർ ആണ് ചന്ദ്രശേഖരൻ നായർക്കൊപ്പം പങ്കെടുത്തിരുന്നത്. സ്വാതന്ത്ര്യസമര സേനാനി കൂടിയായിരുന്ന റാവുത്തറുടെ മരണശേഷം വാവരുടെ പ്രതിനിധി ആയ എം എം യൂസഫ് ലബ്ബ തന്റെ മരണം വരെയും ആ സ്ഥാനത്ത് ചന്ദ്രശേഖരൻ നായരുടെ കൈ പിടിച്ചു. നൈനാർ മസ്ജിദ് ഇമാം ടി എസ് അബ്ദുൽ കരീം മൗലവിയെ ആദരിച്ച ചടങ്ങിലും അന്നത്തെ കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാർ മാത്യു അറയ്ക്കലിന് ഒപ്പം ചന്ദ്രശേഖരൻ നായരും പങ്കെടുത്തിരുന്നു.

പേട്ടതുള്ളലിന്റെ തലേ രാത്രിയിൽ ചന്ദ്രശേഖരൻ നായരെയും സംഘത്തെയും എരുമേലിയിൽ നൈനാർ മസ്ജിദ് കമ്മറ്റിയിലേക്ക് പ്രത്യേകം ക്ഷണിച്ചു വരുത്തി ആദരിക്കുന്ന ചടങ്ങുമുണ്ട്. പിറ്റേന്ന് പേട്ടതുള്ളൽ കൊച്ചമ്പലത്തിൽ നിന്ന് ആരംഭിച്ച് നേർ അഭിമുഖമായ നൈനാർ മസ്ജിദിൽ പ്രവേശിക്കുമ്പോൾ പൂക്കൾ വാരി വിതറിയും പച്ച ഷാളുകൾ അണിയിച്ചുമാണ് ജമാഅത്ത് ഭാരവാഹികൾ സ്വീകരിക്കുക. തുടർന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ സ്വർണ തിടമ്പേന്തിയ ആനയുമായി ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിൽ നൈനാർ മസ്ജിദിനെ വലം ചുറ്റി വാവരുടെ പ്രതിനിധിയെ കൂട്ടിക്കൊണ്ട് പേട്ടതുള്ളൽ തുടരുന്നത്.

തിന്മക്കെതിരെ നന്മ നേടിയ വിജയമായ മഹിഷീ നിഗ്രഹത്തിനൊപ്പം മത സൗഹൃദത്തിന്റെ അയ്യപ്പ – വാവർ ചരിത്രവും പുതുക്കുന്ന പേട്ടതുള്ളലിൽ ആയിരങ്ങളാണ് പങ്കെടുക്കുന്നത്. എന്നാൽ ഇത്തവണ കോവിഡ് വ്യാപനം ഒഴിവാക്കുന്നതിന് 50 പേർക്ക് മാത്രമാണ് പേട്ടതുള്ളലിന് അനുമതിയുള്ളത്. അമ്പത് പേരെയും കഴിഞ്ഞ ദിവസം നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്ത് ദേവസ്വം ബോർഡ് അനുമതി നൽകിയത്. ഇവരുടെ കോവിഡ് ടെസ്റ്റിന്റെ നെഗറ്റീവ് റിസൽട്ട് ലഭിച്ചതോടെ ഇന്നലെ പ്രത്യേകം ചടങ്ങുകൾക്കും പൂജകൾക്കും ശേഷം ഇവർ എരുമേലിക്ക് യാത്ര തിരിച്ചു. യാത്രയാക്കാൻ കളത്തിൽ ചന്ദ്രശേഖരൻ നായരും എത്തിയിരുന്നു.

സമൂഹ പെരിയോൻ ആയി ഏറ്റവും മുതിർന്ന കര പെരിയോൻ ആയ ഗോപാലകൃഷ്ണൻ നായരെ ആണ് തെരഞ്ഞെടുത്തിരിക്കുന്നത്. കോവിഡ് നിയമം മുൻനിർത്തി രഥ ഘോഷയാത്ര ഒഴിവാക്കിയാണ് സംഘം എരുമേലിക്ക് എത്തുന്നത്. ഇന്നലെ മണിമല ക്കാവ് ക്ഷേത്രത്തിൽ തങ്ങിയ സംഘം പടുക്ക വെയ്ക്കൽ, ആഴി പൂജ ചടങ്ങുകൾ പൂർത്തിയാക്കിയാണ് എരുമേലിയിൽ എത്തുക.11 നാണ് പേട്ടതുള്ളൽ.

error: Content is protected !!