അയ്യപ്പത്തിന്തകത്തോം… പേട്ടതുള്ളി എരുമേലി
എരുമേലി ∙ മണ്ണിലും വിണ്ണിലും സ്വാമി മന്ത്രം. അയ്യപ്പത്തിന്തകത്തോം വിളിച്ച് ഭക്തർ ഒരുമനസ്സായി ഒഴുകി. മഹിഷി നിഗ്രഹ സ്മരണയിൽ അമ്പലപ്പുഴ, ആലങ്ങാട് സംഘത്തിന്റെ എരുമേലി പേട്ടതുള്ളൽ ഭക്തിസാന്ദ്രം. രാവിലെ 11 മണിയോടെ അമ്പലപ്പുഴ സംഘം കൊച്ചമ്പലത്തിൽ എത്തിച്ചേർന്നു. ആകാശത്തു ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നതോടെ ആഘോഷമായി അമ്പലപ്പുഴ സംഘം പുറപ്പെട്ടു. അമ്പലപ്പുഴ ശ്രീകൃഷ്ണന്റെ സാന്നിധ്യമായാണു കൃഷ്ണപ്പരുന്ത് എത്തുന്നതെന്നാണു വിശ്വാസം.
തിടമ്പേറ്റിയ മൂന്നാനകൾ അമ്പലപ്പുഴ സംഘത്തിനു അഴകായി കൂടെയെത്തി. സമൂഹ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിലുള്ള സംഘത്തെ ടൗൺ നൈനാർ പള്ളിയിൽ ജമാ അത്ത് പ്രസിഡന്റ് പി.എച്ച്.ഷാജഹാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. അയ്യപ്പന്റെയും വാവരുടെയും സൗഹൃദത്തിന്റെ ഓർമ പുതുക്കി അമ്പലപ്പുഴ സംഘം നൈനാർ പള്ളിക്കു വലം വച്ചു മുന്നോട്ടു നീങ്ങി.
വാവരുടെ പ്രതിനിധിയായി ഹക്കീം മാടത്താനിയും ഇവർക്കൊപ്പം നീങ്ങി. ഉച്ചയ്ക്കു മൂന്നരയോടെ ആലങ്ങാട് സംഘം ചെറിയമ്പലത്തിൽ നിന്നു പേട്ടതുള്ളൽ ആരംഭിച്ചു. ആകാശത്തു നക്ഷത്രം കണ്ടശേഷമാണ് സമൂഹ പെരിയോൻ എ.കെ.വിജയകുമാറിന്റെ നേതൃത്വത്തിൽ ഇവർ േപട്ടതുള്ളൽ തുടങ്ങിയത്. ആലങ്ങാട് സംഘം നേരെ വലിയമ്പലത്തിലേക്കു പോയി.
അമ്പലപ്പുഴ സംഘത്തിനൊപ്പം വാവർ സ്വാമി പോയി എന്ന വിശ്വാസം ഉള്ളതിനാൽ ആലങ്ങാട് സംഘം നൈനാർ പള്ളിയിൽ പ്രവേശിക്കാറില്ല. അമ്പലപ്പുഴ ആലങ്ങാട് സംഘത്തിനു വലിയമ്പലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു, അംഗം കെ.എസ്.രവി, പി.സി.ജോർജ് എംഎൽഎ, ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരി എന്നിവർ ചേർന്നു സ്വീകരണം നൽകി.