തോൽക്കില്ല ഈ കൂവപ്പള്ളിക്കാരൻ…. നട്ടെല്ല് തളർന്നിട്ടും ലിജു ഓടുന്നു… അംഗവിഹീനർക്കായി

നാല് വർഷം മുമ്പ് ഓട്ടോറിക്ഷയിൽ വരുത്തിയ മാറ്റം അംഗവിഹീനരായ പലർക്കും തുണയായതോടെ ഇപ്പോൾ ലിജുവിന് ജോലിത്തിരക്ക് ഏറിയിരിക്കുകയാണ്. കൂവപ്പള്ളി തുരുത്തിപടവ് പയ്യമ്പള്ളി വീട്ടിൽ ഫിലിപ്പിന്റെയും സാറാമ്മയുടെയും മൂന്ന് മക്കളിൽ ആദ്യത്തെ മകനായ ലിജുവിന് 19 വയസ് ഉള്ളപ്പോഴാണ് വാഹനാപകടം കാലുകളുടെ ചലനശേഷി നഷ്‌ടമാക്കിയത്. 1995 ജൂലൈ 23 ന് ജീപ്പ് ഓടിച്ചു കന്യാകുമാരിക്ക്‌ പോകുമ്പോൾ തിരുവനന്തപുരം കരമനയിൽ വെച്ചായിരുന്നു അപകടം. നട്ടെല്ലിനേറ്റ ഗുരുതരമായ പരിക്ക് മൂലം കാലുകളുടെ ചലനശേഷി നഷ്‌ടപ്പെടുകയായിരുന്നു
ആശുപത്രിയിലും വീട്ടിലുമായി കിടക്കയിൽ ഏറെ നാൾ കഴിഞ്ഞപ്പോൾ ഇലക്ട്രോണിക്സ് റിപ്പയറിങ് ജോലികൾ ചെയ്യാൻ തുടങ്ങി. അത് വലിയ പ്രചോദനമായിരുന്നെന്ന് ലിജു പറയുന്നു. ടി വി, മിക്സി, ഫാൻ, തുടങ്ങിയവ നന്നാക്കി നൽകിയിരുന്ന ലിജു സ്റ്റെപ് അപ്, സ്റ്റെബിലൈസർ എന്നിവ നിർമിക്കാനും ഇലക്ട്രിക്കൽ സർവീസും ആരംഭിച്ചു. തുടർന്നാണ് കാറിൽ സ്വയം ഡ്രൈവ് ചെയ്യാൻ രൂപമാറ്റം വരുത്തിയത്. വികലാംഗർക്ക് സർക്കാർ നൽകുന്ന മുച്ചക്ര വാഹനങ്ങൾ സുരക്ഷിതമല്ലെന്ന ചിന്തയിലാണ് ഓട്ടോറിക്ഷയിൽ മാറ്റം വരുത്തണമെന്ന് തോന്നിയതെന്ന് ലിജു പറഞ്ഞു. മുച്ചക്ര സ്കൂട്ടറുകൾക്ക് റിവേഴ്‌സ് ഗിയറില്ല. പുറകോട്ട് ഒന്ന് നീക്കണമെങ്കിൽ വികലാംഗരായതിനാൽ സ്കൂട്ടറിൽ നിന്നിറങ്ങി തള്ളാൻ കഴിയില്ല.
കൂടാതെ മഴയും വെയിലുമേൽക്കണം. വലിയ റോഡുകളിൽ ഒട്ടും സുരക്ഷയുമില്ല. ഓട്ടോറിക്ഷയാകുമ്പോൾ വലിയ പണച്ചെലവില്ലെന്ന് മാത്രമല്ല ഈ പോരായ്മകളൊന്നുമില്ല. കാൽ കൊണ്ടുപയോഗിക്കുന്ന ബ്രേക്ക്‌ മാത്രം ഹാന്റിലിനോട് ഘടിപ്പിക്കുന്നതോടെ ഡ്രൈവിംഗ് സാധ്യമാകും. ഒട്ടേറെ പേർക്ക് ലിജു ഇങ്ങനെ മാറ്റം വരുത്തി നൽകി. സുഹൃത്തും മുക്കൂട്ടുതറ എയ്ഞ്ചൽ വർക്ക്‌ ഷോപ്പുടമയുമായ പാറയിൽ ബിനുവാണ് പ്രധാന സഹായവും പിന്തുണയും. കഴിഞ്ഞ വർഷം ആലപ്പുഴയിൽ നടന്ന അംഗ വിഹീനരുടെ ഭാരോദ്വഹന മത്സരത്തിലാണ് ലിജു രണ്ടാം സമ്മാനം നേടിയത്. അപകടത്തിൽ തളർന്ന് കിടക്കയിലായ സമയത്ത് തന്നേക്കാളേറെ വേദനയും കഷ്‌ടപ്പാടുമായി ആശുപത്രിയിൽ അംഗവിഹീനരായ പലരെയും കണ്ടപ്പോഴാണ് ജീവിതത്തോട് പൊരുതാൻ തോന്നിയതെന്ന് ലിജു പറയുന്നു. അംഗവിഹീനർക്ക് സൗജന്യനിരക്കിൽ ഉടൻ തന്നെ കൂവപ്പള്ളി ടൗണിൽ തന്റെ കട ആരംഭിക്കുമെന്നും ലിജു പറഞ്ഞു. ലിജുവിന്റെ മൊബൈൽ നമ്പർ – 9747175952

error: Content is protected !!