വരുമാനം മെച്ചം ; സൗകര്യം തുച്ഛം
പൊൻകുന്നം ∙ വരുമാനം മെച്ചമെങ്കിലും സൗകര്യങ്ങൾ അത്ര മെച്ചമല്ല 100% വരുമാനം നേടി മാതൃക ഡിപ്പോയായി തിരഞ്ഞെടുത്ത പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോയിൽ. മലയോര മേഖലയിലെ ആദ്യ കെഎസ്ആർടിസി ഡിപ്പോ കെ.നാരായണകുറുപ്പ് ഗതാഗത മന്ത്രിയായിരിക്കുമ്പോൾ 1979 ലാണ് സ്ഥാപിച്ചത്. പാലാ – പൊൻകുന്നം റോഡിനോട് ചേർന്ന് 2 ഏക്കർ സ്ഥലം ഉണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ കുറവാണ്.
മെക്കാനിക് മഴപ്പേടിയിൽ
കാലപ്പഴക്കം ചെന്ന ഗാരിജ് ഒട്ടുമുക്കാലും ചോർന്നൊലിക്കുന്നതാണ് മെക്കാനിക്കുകളെ അലട്ടുന്ന പ്രധാന പ്രശ്നം. മഴ തുടങ്ങുന്നതോടെ ഇവരുടെ ദുരിതം ഇരട്ടിക്കും. സിംഗിൾ ഡ്യൂട്ടി മാറ്റം വന്നതോടെ ഓട്ടം കഴിഞ്ഞെത്തുന്ന ബസുകൾ ഉച്ചമുതൽ ഗാരിജിൽ എത്താൻ തുടങ്ങും. ഡിപ്പോ സ്ഥാപിച്ച കാലത്ത് നിർമിച്ച ചുറ്റുമതിൽ മിക്കയിടത്തും ഇടിഞ്ഞ് നശിച്ചു. 5 ശുചിമുറിയിൽ മിക്കതും നിറഞ്ഞു കിടക്കുകയാണ്. ഇതു മൂലം വനിത ജീവനക്കാരാണ് ബുദ്ധിമുട്ടുന്നത്.സ്വന്തമായി കുഴൽ കിണർ ഉണ്ടെങ്കിലും മോട്ടർ ഇല്ലാത്തതിനാൽ പാട്ടുപാറയിലെ കുളത്തിൽ നിന്നു പൈപ്പ് വഴി വെള്ളമെത്തിക്കുകയാണ്.
17 ഡ്രൈവർമാർ കുറവ്
240 സ്ഥിരം ജീവനക്കാരും 90 ദിവസ വേതനക്കാരും അടങ്ങുന്ന ഡിപ്പോയിൽ നിന്നു 36 സർവീസുകളാണ് ദിവസേനയുള്ളത്. ഇതിൽ 10 ഫാസ്റ്റും ഒരു സൂപ്പർ ഫാസ്റ്റും ഉൾപ്പെടും. 17 ഡ്രൈവർമാരുടെ കുറവുള്ളതിനാൽ 36 സർവീസ് എന്നത് 32 ആയി ചുരുങ്ങിയിരിക്കുകയാണ്. ദീർഘദൂര സർവീസുകളാണ് വരുമാനം നേടിത്തരുന്നത്. ഇതിനൊപ്പം മുണ്ടക്കയം – പാലാ, പൊൻകുന്നം – പുനലൂർ ചെയിൻ സർവീസുകളും മികച്ച വരുമാനം നൽകുന്നുണ്ട്.
ഡിപ്പോ നവീകരണത്തിന് വർഷങ്ങൾ മുൻപ് 40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് നൽകിയത് മാത്രമാണ് ഇതുവരെയുള്ള വികസന നീക്കം. ഡിപ്പോയുടെ മുൻപിലെ പമ്പ് പിന്നിലേക്ക് മാറ്റി ബഹുനില വ്യാപാര സമുച്ചയം നിർമിക്കുകയും നിലവിലെ ഗാരിജ് നവീകരിച്ച് അതിന് മുകളിൽ ബഹുനില മന്ദിരം നിർമിക്കുകയും ചെയ്യുന്നതോടെ ഡിപ്പോയുടെ വരുമാനവും സൗകര്യവും ഇരട്ടിക്കുമെന്നു ജീവനക്കാർ പറയുന്നു.