തോട്ടം–പുരയിടം പ്രശ്നം; ആശങ്ക തീരുന്നില്ല
കാഞ്ഞിരപ്പള്ളി ∙ സ്വന്തം കിടപ്പാടം നഷ്ടപ്പെടുമോ എന്ന ആശങ്കയ്ക്കിടെ ഇനിയും പരിഹരിക്കാതെ തോട്ടം–പുരയിടം പ്രശ്നം. വില്ലേജ്, താലൂക്ക് ഓഫിസുകളിലേക്ക് പരാതികൾ ഒഴുകുന്നു. ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ ജനങ്ങളെ ദുരിതത്തിൽ ആക്കിയ പ്രശ്നത്തിന് സർക്കാർ തലത്തിൽ ഇനിയും പരിഹാരമായിട്ടില്ല.റീ സർവേയിലെ അപാകത മൂലം ഭൂമിയുടെ ഇനം റവന്യു റെക്കോർഡുകളിൽ തോട്ടം എന്നു രേഖപ്പെടുത്തിയത് ആണ് ഇരു താലൂക്കിലും വലിയൊരു വിഭാഗം ജനങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത്.
രേഖകളിൽ തിരുത്തൽ ആവശ്യപ്പെട്ട് ജനങ്ങൾ ഇപ്പോൾ ഓഫിസുകൾ കയറി ഇറങ്ങുന്നു. 2186 അപേക്ഷകൾ കാഞ്ഞിരപ്പള്ളി താലൂക്കിലും 500 അപേക്ഷകൾ മീനച്ചിൽ താലൂക്കിലും ഇതുവരെ ലഭിച്ചു കഴിഞ്ഞു. നടപടികളുടെ നൂലാമാലകൾ പേടിച്ച് പുറത്തു നിൽക്കുന്നവർ ഇതിൽ അധികം വരും. വേഗത്തിൽ അദാലത്ത് നടത്തി തീരുമാനം എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
1964ലെ ഭൂപരിഷ്കരണ നിയമ പ്രകാരം ഒരാൾക്കു കൈവശം വയ്ക്കാവുന്ന പരമാവധി ഭൂമി 15 ഏക്കർ ആയി നിശ്ചയിച്ചു. ഇതിൽ അധികം വരുന്ന ഭൂമി തോട്ടം ആയി സംരക്ഷിക്കണം എന്നായിരുന്നു നിയമവ്യവസ്ഥ. തോട്ട വിളകൾ കുറച്ചു കാലം സംരക്ഷിച്ചു വന്നെങ്കിലും പിന്നീട് ഈ ഗണത്തിൽപ്പെട്ട ഭൂമികൾ ചില്ലറയായി വിറ്റു തുടങ്ങി. ഇവയിൽ വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങളും നിർമിച്ചു.
ഈ ഘട്ടത്തിൽ ഒന്നും റവന്യു, റജിസ്ട്രേഷൻ, തദ്ദേശ സ്വയംഭരണം, വ്യവസായം തുടങ്ങിയ സർക്കാർ വകുപ്പുകൾ ഇവയുടെ ക്രയവിക്രയത്തിനും നിർമാണങ്ങൾക്കും നിയമ തടസ്സങ്ങൾ ഉന്നയിച്ചില്ല. ഇങ്ങനെ പല തവണ കൈമറിഞ്ഞുപോയി. ക്രയവിക്രയത്തിനു സർക്കാർ റജിസ്ട്രേഷൻ ഫീസ് ഈടാക്കുകയും, കെട്ടിട നിർമാണത്തിനു നികുതികൾ സ്വീകരിക്കുകയും ചെയ്തു.
1980കളിൽ നടന്ന റീ സർവേയിലെ അപാകതകൾ മൂലം പുരയിടങ്ങൾ ആയിരുന്ന ചില വസ്തുക്കളും തോട്ട ഗണത്തിലേക്ക് തെറ്റായി രേഖപ്പെടുത്തി. ഈ ഭൂമിയിലും ക്രയവിക്രയത്തിനു നിയന്ത്രണം ഉണ്ടായില്ല. 2016ൽ ഹൈക്കോടതിയുടെ വിധിയിൽ തോട്ടഭൂമിയിൽ നിർമാണപ്രവർത്തനങ്ങൾ നിയമ ലംഘനമാണെന്ന് കണ്ടെത്തി. ഇതേ കാലയളവിൽ പ്രാബല്യത്തിൽ വന്ന കേരള കെട്ടിട നിർമാണ ചട്ടത്തിലും തോട്ട ഭൂമിയിൽ കെട്ടിട നിർമാണം അനുവദനീയമല്ല എന്ന ചട്ടം നിലവിൽ വന്നു. ഇതോടെ ഭൂമിയുടെ ക്രയവിക്രയം പ്രതിസന്ധിയിലായി.
മീനച്ചിൽ താലൂക്കിൽ തോട്ടം–പുരയിടം പ്രശ്നം ഏറ്റവും അധികം ബാധിച്ചതു പൂവരണി, കൊണ്ടൂർ വില്ലേജ് ഓഫിസ് പരിധിയിൽ. 2 വർഷം മുൻപാണ് ഇക്കാര്യം ജനങ്ങളുടെ ശ്രദ്ധയിൽ എത്തിയത്. പരാതികൾ എത്തിയതോടെ കഴിഞ്ഞ ജൂൺ 17ന് കൊണ്ടൂർ വില്ലേജ് ഓഫിസിൽ വച്ച് കൊണ്ടൂർ, ഈരാറ്റുപേട്ട വില്ലേജുകളിലെ അപേക്ഷകർക്കായി അദാലത്ത് നടത്തി.
1800 അപേക്ഷകളാണ് അന്നു ലഭിച്ചത്. പൂവരണി വില്ലേജിൽ അദാലത്തിന് നിശ്ചയിച്ച ദിവസം പ്രദേശത്ത് വെള്ളപ്പൊക്കം ആയിരുന്നു. ഇതോടെ 3 പരാതികൾ മാത്രമാണ് ലഭിച്ചത്. 1800 പരാതികളിൽ 200 എണ്ണത്തിൽ മാത്രമാണു തീരുമാനം ആയത്. ബാക്കി പരാതികൾ ഇപ്പോഴും ഫയലിൽ വിശ്രമിക്കുന്നു. താലൂക്ക് ഓഫിസിൽ അന്വേഷിക്കുമ്പോൾ ഫയലുകൾ വില്ലേജ് ഓഫിസിലാണ് എന്ന മറുപടിയാണ് ലഭിക്കുന്നത്. ഫയലുകൾ തേടി പരാതിക്കാരുടെ നടപ്പ് തുടരുന്നു.
∙ അപേക്ഷ നൽകാനുള്ള സങ്കീർണതയാണ് കൂടുതൽ ആൾക്കാരെ പുറത്തു നിർത്തുന്നത്.
∙ അപേക്ഷ നൽകുന്ന ഭൂ ഉടമയ്ക്കു സ്വന്തം സ്ഥലം ലാൻഡ് ബോർഡിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ സംവിധാനമില്ല.
∙ അപേക്ഷയോടൊപ്പം നൽകേണ്ട സത്യവാങ്മൂലത്തിൽ ലാൻഡ് ബോർഡിൽ ഉൾപ്പെട്ട ഭൂമി ആണെങ്കിൽ സർക്കാർ ഏറ്റെടുക്കുന്നതിനു വിരോധമില്ല എന്ന് എഴുതി നൽകണം. ഇതു ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്.
∙ നിലവിലെ ആധാരം, 1970 ജനുവരി ഒന്നിലെ മുന്നാധാരം, 1970നു ശേഷം നടന്നിട്ടുള്ള ഇടപാടുകൾ എന്നിവയുടെ എല്ലാം പകർപ്പ് ആവശ്യമാണ്.
∙ സ്വന്തം നിലയിൽ അപേക്ഷ തയാറാക്കിയാൽ പോലും കുറഞ്ഞതു 600 രൂപ ചെലവ് വരും. 1970നും നിലവിലുള്ള ആധാരത്തിനും ഇടയിൽ കൂടുതൽ കൈമാറ്റങ്ങൾ നടന്നാൽ അത് അനുസരിച്ചു ചെലവു വർധിക്കും.
∙ താലൂക്കുകൾ തമ്മിൽ ഏകോപനമില്ലായ്മ വലയ്ക്കുന്നു. മീനച്ചിൽ താലൂക്കിൽ 1970നു ശേഷമുള്ള മുന്നാധാരങ്ങൾ മതി. എന്നാൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ ഇത് 1964 മുതലുള്ള രേഖകൾ വേണം.
∙ റവന്യു– റജിസ്ട്രേഷൻ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലായ്മയും പ്രശ്നം സൃഷ്ടിക്കുന്നു. വകുപ്പുകൾ തമ്മിൽ ധാരണയില്ലാതെ നടത്തുന്ന അദാലത്തുകളിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കില്ല. റവന്യു വകുപ്പിന്റെ തീർപ്പ് പിന്നീട് റജിസ്ട്രേഷൻ വകുപ്പ് എതിർത്താൽ പ്രശ്നം സങ്കീർണമാക്കും.
പ്രധാന പ്രശ്ന ബാധിത വില്ലേജുകളും പരാതികളും
∙കാഞ്ഞിരപ്പള്ളി താലൂക്ക് (2186)- ഇടക്കുന്നം 925, മുണ്ടക്കയം 674, കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫിസ് 493, എരുമേലി തെക്ക് 53, കൂവപ്പള്ളി 29, കൂട്ടിക്കൽ 10, കാഞ്ഞിരപ്പള്ളി വില്ലേജ് ഓഫിസ് 2
∙ മീനച്ചിൽ താലൂക്ക് (500)- കൊണ്ടൂർ 240, മീനച്ചിൽ താലൂക്ക് ഓഫിസ് 120, പൂവരണി 140