റബർ ടാപ്പിംഗ് നിലച്ചുതുടങ്ങി; പ്രതീക്ഷ നഷ്ടമായി കർഷകർ
വേനൽ കനത്തതോടെ റബർ ഉത്പാദനം കുത്തനെ ഇടിഞ്ഞിട്ടും റബർ വിലയിൽ മാറ്റമില്ല. ആർഎസ്എസ് നാല് ഗ്രേഡിന് കിലോയ്ക്ക് രണ്ടാഴ്ചയായി 123.50 രൂപയും അഞ്ചാം ഗ്രേഡിന് 117 രൂപയുമാണ് നിരക്ക്. ഉത്പാദനം കുറയുന്ന സാഹചര്യത്തിലും വില ഉയരാത്തത് കർഷകർക്ക് ഭീമമായ നഷ്ടമാണുണ്ടാക്കുന്നത്.
അടുത്തയാഴ്ച മുതൽ ടാപ്പിംഗ് നിലയ്ക്കും. വൻകിട തോട്ടങ്ങളിൽ 20ന് ടാപ്പിംഗ് നിറുത്തും. വൈകാതെ മുറിച്ചുമാറ്റേണ്ട സ്ലോട്ടർ ടാപ്പിംഗ് മരങ്ങളിൽ മാത്രമാണ് അവധിയില്ലാതെ ടാപ്പിംഗ് തുടരുന്നത്. പ്രധാന ടയർ കന്പനികൾ രണ്ടാഴ്ചയായി ചരക്ക് വാങ്ങാതെ വിപണി വിട്ടുനിൽക്കുന്നതും കർഷകർക്ക് തിരിച്ചടിയായി.
ആർഎസ്എസ് നാല്, അഞ്ച് ഗ്രേഡുകൾ തമ്മിൽ കിലോയ്ക്കുള്ള 6.50 രൂപയുടെ അന്തരം കർഷകർക്ക് ഭാരിച്ച നഷ്ടമുണ്ടാകുന്നു. ചെറുകിട കർഷകർ കടകളിൽ എത്തിക്കുന്ന ഷീറ്റിൽ ഒരു ഭാഗം അഞ്ചാം ഗ്രേഡിലേക്ക് തിരിഞ്ഞുമാറ്റുന്നതോടെ കിലോയ്ക്ക് എട്ടര രൂപയുടെ നഷ്ടമാണുണ്ടാകുന്നത്.
പലയിടങ്ങളിലും മാനദണ്ഡമില്ലാതെ നടത്തുന്ന തിരിവ് കർഷകരുടെ എതിർപ്പിന് ഇടയാക്കുന്നു. പ്രഖ്യാപിത വിലയേക്കാൾ കിലോയ്ക്ക് രണ്ടു രൂപകൂടി കുറച്ചാണ് എല്ലായിനം ഗ്രേഡ് ഷീറ്റുകൾക്കും കർഷകർക്ക് വ്യാപാരികൾ വില നല്കുന്നത്. അതേസമയം പ്രമുഖ ടയർ കന്പനികൾ നിലവിൽ ആർഎസ്എസ് നാല് ഗ്രേഡും നാല് എ പ്ലസ് ഗ്രേഡും മാത്രമേ വാങ്ങാൻ തയാറാകുന്നുള്ളൂവെന്നാണ് റബർ വ്യാപാരികൾ പറയുന്നത്.
ഭാവിയിൽ ആർഎസ്എസ് നാല് ഗ്രേഡിന് മാത്രമെ കാര്യമായ ഡിമാന്ഡുണ്ടാകൂ എന്നും കർഷകർ ഇത്തരം മാറ്റം വരുത്താതെ പരമാവധി വില നേടിയെടുക്കാനാവില്ലെന്നും റബർ ബോർഡ് വൃത്തങ്ങൾ പറയുന്നു.
ആർഎസ്എസ് ഒന്ന് ഗ്രേഡ് ഷീറ്റ് തയാറാക്കുന്ന ആർപിഎസുകളും എസ്റ്റേറ്റുകളും 138 രൂപയ്ക്കാണ് നിലവിൽ ഷീറ്റ് വിൽക്കുന്നത്. നിലവാരമുള്ള ക്രംബ് റബർ വേണ്ടിടത്തോളം വിദേശത്തുനിന്ന് ലഭിക്കുന്നതിനാൽ ടയർ കന്പനികൾ ഇറക്കുമതിയിലാണ് താത്പര്യം കാണിക്കുന്നത്. മേയ് വരെ ആവശ്യമുള്ള ചരക്ക് ടയർ കന്പനികൾ സ്റ്റോക്ക് ചെയ്തിട്ടുണ്ട്.
ജനുവരിയിൽ 60,000 ടണ്ണിലേറെ ഇറക്കുമതി നടന്നതായാണ് പ്രാഥമിക സൂചന.