പൊന്‍കുന്നം – പാലാ-തൊടുപുഴ റോഡില്‍ സോളാര്‍ലൈറ്റുകള്‍ കത്തുന്നില്ല

പൊൻകുന്നം : പൊന്‍കുന്നം – പാലാ-തൊടുപുഴ റോഡ്‌ നവീകരണവുമായി ബന്ധപ്പെട്ട്‌ സംസ്‌ഥാനത്തുതന്നെ പരീക്ഷണാടിസ്‌ഥാനത്തില്‍ കോടികള്‍ മുടക്കി സ്‌ഥാപിച്ച സോളാര്‍ലൈറ്റുകള്‍ തെളിയാതായതോടെ രാത്രി യാത്രക്കാരും റോഡ്‌ കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങളും ഒരുപോലെ ബുദ്ധിമുട്ടുന്നു. 

പത്തുകോടി രൂപയോളം ചിലവിട്ടാണ്‌ കെ.എസ്‌.ടി.പി. സോളാര്‍ലൈറ്റുകള്‍ നാല്‍പത്‌ മീറ്റര്‍ ഇടവിട്ട്‌ റോഡില്‍ സ്‌ഥാപിച്ചത്‌. റോഡ്‌ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ സോളാര്‍ ലൈറ്റുകള്‍ റോഡിനെ പകല്‍പോലെ പ്രകാശപൂരിതമാക്കി മാറ്റിയിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. സോളാര്‍ലൈറ്റിന്റെ അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്താത്തതുമൂലം ചില ലൈറ്റുകള്‍ അര്‍ദ്ധരാത്രിയാകുമ്പോള്‍ അണഞ്ഞുപോകുന്ന സ്‌ഥിതിയായി. 

പിന്നീട്‌ ഓരോ ദിവസം കഴിയുന്തോറും കേടാവുന്നതിന്റെ എണ്ണം കൂടിക്കൂടിവന്നെന്നു മാത്രമല്ല വാഹനാപകടങ്ങളില്‍ സോളാര്‍ തൂണുകള്‍ പലതും തകര്‍ക്കപ്പെട്ടുകയും ചെയ്‌തു. വാഹന ഉടമകളില്‍നിന്ന്‌ ഒരു ലക്ഷം രൂപയ്‌ക്കു മുകളില്‍ നഷ്‌ടപരിഹാരം വാങ്ങിക്കുന്നുണ്ടെങ്കിലും മൂന്ന്‌ വര്‍ഷത്തിനിടയില്‍ ഒന്നുപോലും പുനഃസ്‌ഥാപിച്ചില്ല. തകര്‍ന്നു പോയവ ഒന്നിച്ച്‌ ടെന്‍ഡര്‍ ചെയ്‌ത്‌ പുനഃസ്‌ഥാപിക്കുമെന്ന സ്‌ഥിരം പല്ലവിയാണ്‌ കെ.എസ്‌.ടി.പി. ഓഫീസില്‍ അനേ്വഷിച്ചാല്‍ ലഭിക്കുന്നത്‌.

എന്നാല്‍ കെ.എസ്‌.ടി.പി. റോഡില്‍ നിലവിലുള്ള സോളാര്‍ ലൈറ്റുകള്‍ സ്‌ഥാപിച്ച കമ്പനിയുടെ ഉപകരണങ്ങള്‍ നിലവാരം കുറഞ്ഞതാണെന്ന്‌ മൂന്നുവര്‍ഷം മുന്‍പ്‌ ടെന്‍ഡര്‍ വിളിച്ചപ്പോള്‍ അറിയിച്ചെങ്കിലും ബന്ധപ്പെട്ടവര്‍ അന്ന്‌ ചെവിക്കൊള്ളാന്‍ തയാറായില്ല. പൊന്‍കുന്നം-പാലാ-തൊടുപുഴ റോഡില്‍ വാഹനങ്ങളിടിച്ചുതകര്‍ത്ത നൂറോളം സോളാര്‍ ലൈറ്റുകളാണ്‌ അപകടാരമായ നിലയില്‍ റോഡരുകില്‍ കിടക്കുന്നത്‌. ഇവ നീക്കംചെയ്യാന്‍ പോലും കെ.എസ്‌.ടി.പി. നടപടിയെടുത്തില്ല. പാലാ-തൊടുപുഴ കെ.എസ്‌.ടി.പി. റോഡില്‍ സോളാര്‍ലൈറ്റില്‍ ഇടിച്ചും വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചും കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനിടയില്‍ മുപ്പതിനു മുകളില്‍ ജീവനാണ്‌ പൊലിഞ്ഞത്‌. സ്‌പീഡ്‌ നിയന്ത്രിക്കുവാനായി പല സ്‌ഥലത്തും ക്യാമറകള്‍ സ്‌ഥാപിക്കുവാനുള്ള നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. 

പല പഞ്ചായത്തുകളും സോളാര്‍ലൈറ്റ്‌ വന്നതോടെ ഈ റൂട്ടുകളിലുള്ള തെരുവു വിളക്കുകള്‍ ഒഴിവാക്കി. ഈ സ്‌ഥലങ്ങളില്‍ ഇപ്പോള്‍ സോളാര്‍ലൈറ്റും തെരുവു വിളക്കുമില്ലാതെ ജനം വലയുകയാണ്‌. കടനാട്‌ പഞ്ചായത്ത്‌ നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഇതുവരെ ഫലപ്രദമായ നടപടികള്‍ കെ.എസ്‌.ടി.പി. സ്വീകരിച്ചിട്ടില്ല. ഇതുസംബന്ധിച്ച്‌ പൊതുമരാമത്ത്‌ മന്ത്രി ജി. സുധാകരന്‌ കടനാട്‌ പഞ്ചായത്തധികൃതര്‍ നിവേദനം നല്‍കി.

error: Content is protected !!