ബിജു വർഗീസിന്റെ കണ്ടുപിടിത്തത്തിന് ആറാമതും ദേശീയ ബഹുമതി
എരുമേലി: വാഹനാപകടത്തിൽ ശരീരം പാതി തളർന്ന മുക്കൂട്ടുതറ വെൺകുറിഞ്ഞി പുരയിടത്തിൽ ബിജു വർഗീസ് സ്വയം കാറോടിച്ച് രാജ്യം ചുറ്റിയതിന്റെ രഹസ്യം ഭിന്നശേഷിക്കാർക്ക് പകർന്ന് നൽകിയതിന് ആറാമതും ദേശീയതലത്തിൽ പുരസ്കാരം. ഈ ബഹുമതിയാകട്ടെ അംഗവിഹീനതയിലും നേട്ടങ്ങൾ കീഴടക്കിയ നിപുൻ മൽഹോത്ര എന്നയാൾ തന്നെപ്പോലെ അംഗവൈകല്യത്തിന്റെ ഇരകളായവരുടെ കഴിവുകൾക്ക് അംഗീകാരമായി ഏർപ്പെടുത്തിയ തുല്യതാ പുരസ്കാരമാണ്.
ആർത്രോഗ്രിപ്പോസിസ് എന്ന സന്ധി തളർച്ചാ രോഗം ജന്മനാ ബാധിച്ച് വീൽചെയറിൽ കഴിയുന്ന നിപുൻ മൽഹോത്ര ഇന്ന് രാജ്യത്തെ അറിയപ്പെടുന്ന ധനതത്വശാസ്ത്ര പ്രതിഭയും വാഗ്മിയുമാണ്. കൂടാതെ ഭിന്നശേഷിക്കാർക്കായി സ്കൂളുകളും തൊഴിൽ സംരംഭങ്ങളും വീൽചെയറുകളുടെ സൗജന്യവിതരണവും നടത്തിവരുന്നു. നിപുൻ മൽഹോത്രയുടെ നേതൃത്വത്തിലുളള നിപ്മാൻ ഫൗണ്ടേഷന്റെ തുല്യതാ അവാർഡാണ് ബിജു വർഗീസിന് ലഭിച്ചത്. കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ സഹകരണത്തോടെ 2014 മുതലാണ് നിപ്മാൻ ഫൗണ്ടേഷൻ ദേശീയ തലത്തിൽ തുല്യതാ അവാർഡ് നൽകുന്നത്. മുൻ കേന്ദ്ര തെരഞ്ഞെടുപ്പ് ചീഫ് കമ്മീഷണർ ഡോ. എസ്.വൈ. ഖുറൈശി ചെയർമാനായ ജൂറി നിരവധി പേരിൽ നിന്നാണ് ബിജുവിനെ അവാർഡിനർഹനായി തെരഞ്ഞെടുത്തത്.
സാമൂഹിക നീതി, ശാക്തീകരണ വകുപ്പ് സെക്രട്ടറി മുകേഷ് ജെയിൻ ആണ് ദില്ലിയിൽ കേന്ദ്ര എൻസിറ്റിറ്റി വൈസ് ചെയർമാൻ ഡോ. രാജീവ് കുമാർ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ ബിജുവിന് അവാർഡ് സമ്മാനിച്ചത്.
ബിജു വർഗീസ് അംഗവിഹീനനായത് 19 വർഷങ്ങൾക്ക് മുമ്പ് കൊട്ടാരക്കരയിൽ നടന്ന വാഹനാപകടത്തിലാണ്. അരയ്ക്ക് കീഴ്പോട്ട് ശരീരം തളർന്നുപോയി. എന്നാൽ വിധിയെ പഴിച്ച് വീട്ടിലിരിക്കാതെ ബിജു തന്റെ സ്റ്റെബിലൈസർ ബിസിനസുമായി പഴയതുപോലെ സ്വന്തം കാറോടിച്ച് നാടുചുറ്റി. കാറിൽ കാലുകൾ ഉപയോഗിച്ച് മാത്രം പ്രവർത്തിപ്പിക്കാനാകുന്ന ആക്സിലേറ്ററും ബ്രേക്കും ക്ലച്ചും കൈകൾ കൊണ്ട് ഉപയോഗിച്ചാണ് ബിജു വിധിയെ മറികടന്നത്. ഇതിനായി വാഹനത്തിന്റെ ഘടനയിൽ വരുത്തിയ സാങ്കേതിക മാറ്റം മറ്റ് ഭിന്ന ശേഷിക്കാർക്ക് കൂടി പകർന്നതാണ് കേന്ദ്ര-സംസ്ഥാന സാമൂഹ്യ നീതി വകുപ്പുകളുടേതടക്കം ദേശീയ ബഹുമതികൾ ഉൾപ്പടെ 50 ൽ പരം പുരസ്കാരങ്ങൾ നേടിക്കൊടുത്തത്.
മോട്ടോർ വാഹന വകുപ്പിന്റെ അനുമതിയും ലൈസൻസും ലഭിച്ചതോടെ നൂറുകണക്കിന് അംഗവിഹീനർക്കാണ് വാഹനങ്ങളിൽ ഘടനാമാറ്റം വരുത്തി കൊടുത്തുകൊണ്ടിരിക്കുന്നത്. ബിജു വീട്ടുമുറ്റത്ത് വിപുലമായ ജൈവപച്ചക്കറി തോട്ടം ആരംഭിച്ചത് ശ്രദ്ധേയമായിരുന്നു. ഇത് ഹോർട്ടിക്കൾച്ചർ ഹോപ് അവാർഡ് നേടിക്കൊടുത്തു. അപകടത്തിൽ പാതിശരീരം തളർന്ന് ആശുപത്രിയിൽ കഴിയുമ്പോൾ പരിചരിക്കാനെത്തിയ ജൂബിയാണ് പ്രണയത്തിലൂടെ ബിജുവിന്റെ ജീവിതപങ്കാളിയായത്. മൂന്നാം ക്ലാസ് വിദ്യാർഥി ജോർജുകുട്ടിയാണ് മകൻ.