കാഞ്ഞിരപ്പള്ളി ഫയര്‍ സ്റ്റേഷനില്‍ സൗകര്യങ്ങള്‍ പരിമിതം

കാഞ്ഞിരപ്പള്ളി: വേനല്‍ കനത്ത് മലയോരമേഖല അഗ്നിബാധ ഭീഷണിയിലായതോടെ കാഞ്ഞിരപ്പള്ളി ഫയര്‍ സ്റ്റേഷനിലെ ജോലിക്കാരുടെ നെഞ്ചിടിപ്പ് കൂടി. 20കിലോമീറ്റര്‍ ചുറ്റളവില്‍ എവിടെ അത്യാഹിതം സംഭവിച്ചാലും ഓടിയെത്തണം, സ്റ്റേഷനിലുള്ളത് പരിമിതമായ സൗകര്യങ്ങളും. 

മുണ്ടക്കയം, കുട്ടിക്കാനം, കൊമ്പുകുത്തി, പീരുമേട്, എരുമേലി, മുക്കൂട്ടുതറ, കാളകെട്ടി, തുലാപ്പള്ളി, മണിമല, ചിറക്കടവ്, പൊന്‍കുന്നം, എലിക്കുളം, ഇളങ്ങുളം, തിടനാട് എന്നീ സ്ഥലങ്ങള്‍ കാഞ്ഞിരപ്പള്ളി ഫയര്‍ സ്റ്റേഷന്റെ പരിധിയിലാണ്.
ഔദ്യോഗിക വാഹനമില്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ സ്വകാര്യ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ആകെ 44 ജീവനക്കാരാണ് കാഞ്ഞിരപ്പള്ളിയില്‍ ജോലി ചെയ്യുന്നത്. സ്‌റ്റേഷന്‍ മാസ്റ്റര്‍ -1, അസി. സ്‌റ്റേഷന്‍ മാസ്റ്റര്‍ -1, ലീഡിങ് ഫയര്‍മാന്‍ -4, ഡ്രൈവര്‍, മെക്കാനിക് -7, ഫയര്‍മാന്‍ -24, ഹോംഗാര്‍ഡ്-7 എന്നിങ്ങനെയാണ് ജീവനക്കാരുടെ എണ്ണം.
ഒരു മിനി വാട്ടര്‍ മിസ്റ്റ്, ഒരു ആംബുലന്‍സ് എന്നിവയാണ് വാഹനങ്ങള്‍. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ കിടന്നുറങ്ങാന്‍ പോലും മതിയായ സൗകര്യമില്ല.

ഏതു സമയവും നിലംപൊത്താന്‍ സാധ്യതയുള്ള മേല്‍ക്കൂരക്കടിയിലാണ് ജീവനക്കാന്‍ വിശ്രമിക്കുന്നത്. കുടിവെള്ളത്തിനായി സമീപത്തെ വീടുകളെ ആശ്രയിക്കണം. ഇതു വരെ ജല അതോറിറ്റിയുടെ കണക്ഷന്‍ നല്‍കിയിട്ടില്ല.
പലതവണ ഫയര്‍ സ്‌റ്റേഷന്‍ കെട്ടിടം മാറ്റി സ്ഥാപിക്കുമെന്ന് അധികൃതര്‍ പ്രഖ്യാപനം നടത്തിയിട്ടും ഫലമുണ്ടായില്ല. പഞ്ചായത്ത് സ്ഥലം ഏറ്റെടുത്തു നല്‍കാന്‍ തയ്യാറാവാത്തതാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള തടസം.  

error: Content is protected !!