നഷ്ടത്തിലായി കപ്പക്കൃഷി
പൊന്‍കുന്നം: ന്യായമായ വില ലഭിക്കാത്തതിനാല്‍ മരച്ചീനിക്കൃഷിക്കാര്ക്ക് നഷ്ടത്തിന്റെ വര്‍ഷം. മേഖലയില്‍ കര്‍ഷകര്‍ക്ക് ഇപ്പോള്‍ കിട്ടുന്നത് കിലോയ്ക്ക് പത്തു രൂപയില്‍ത്താഴെ. ഇരുപത്തഞ്ചു രൂപയില്‍നിന്ന് കടകളില്‍ പതിനഞ്ചു രൂപവരെയായി വില്‍പ്പന വില. വിളവെടുപ്പുകാലമായതോടെയാണ് വില വീണ്ടും കുറഞ്ഞത്.
മരച്ചീനി തോട്ടങ്ങളില്‍ 12 രൂപയ്ക്ക് കപ്പ പറിച്ചു നല്‍കുന്നുണ്ട്. കച്ചവടക്കാര്‍ക്ക് കൊടുത്താല്‍ കൃഷിക്കാര്‍ക്കു കിട്ടുന്നതാകട്ടെ പത്തു രൂപയില്‍ത്താഴെ. മൊത്തക്കച്ചവടക്കാര്‍ക്ക് കപ്പ നല്കുമ്പോള് നൂറു കിലോയ്ക്ക് പത്തുകിലോ വരെ അധികം തൂക്കം നല്‍കേണ്ടി വരുന്നതിന്റെയും നഷ്ടം കൃഷിക്കാര്‍ സഹിക്കണം.
മറ്റുള്ളവരുടെ കൃഷിയിടത്തില്‍ പാട്ടത്തിന് കപ്പക്കൃഷി നടത്തിയ കര്‍ഷകരാണ് വിലക്കുറവിനാല്‍ ഏറെ നഷ്ടം സഹിക്കേണ്ടി വരുന്നത്. ഉയര്‍ന്ന വിലയില്‍ പ്രതീക്ഷയര്‍പ്പിച്ചായിരുന്നു ഇത്തവണ ഏറെപ്പേരും മരച്ചീനിക്കൃഷിയിലേക്കു തിരിഞ്ഞത്. എന്നാല്‍ ഇവരെല്ലാം കടക്കെണിയിലായി ഇപ്പോള്‍.