വോട്ട് കച്ചവടം ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ എതിർ ഗ്രൂപ്പ്

ജില്ലയിൽ ബിജെപിക്ക് വൻതോതിൽ വോട്ട് കുറഞ്ഞ സാഹചര്യത്തിൽ ജില്ലാ പ്രസിഡന്റിനെ മാറ്റിയേക്കും. എതിർ ഗ്രൂപ്പുകാർ ജില്ലാ പ്രസിഡന്റ് നോബിൾമാത്യുവിനെതിരെ പടനീക്കം തുടങ്ങി. ഒരു ലക്ഷത്തോളം വോട്ട്  വിവിധ മണ്ഡലങ്ങളിൽ കുറവ് വരാൻ കാരണം കച്ചവടം നടത്തിയതുകൊണ്ടാണെന്ന് ഒരുവിഭാഗം ആരോപിച്ചു. നിലവിലുള്ള പ്രസിഡന്റിനെതിരെ കൃഷ്ണദാസ് പക്ഷക്കാരാണ് നിലയുറപ്പിച്ചിട്ടുള്ളത്.

മുൻ ജില്ലാ പ്രസിഡന്റ് എൻ ഹരിയും നിലവിലുള്ള ജില്ലാ നേതൃത്വത്തിന് എതിരാണ്. അതേ സമയം എൻ ഹരി മത്സരിച്ച പുതുപ്പള്ളിയിലും അയ്യായിരത്തോളം വോട്ടിന്റെ കുറവ് വന്നത് എന്തുകൊണ്ടാണെന്ന് മറുവിഭാഗം തിരിച്ചടിക്കുന്നു. ഉമ്മൻചാണ്ടി ഇത്തവണ ജയിക്കാനുള്ള പ്രധാന കാരണം ബിജെപി വോട്ട് കച്ചവടമാണെന്ന് പൊതുവേ ആരോപണം ഉയർന്നിരുന്നു. 2016ൽ ജോർജ് കുര്യന് 15993 വോട്ട് ലഭിച്ചിരുന്നു. എന്നാൽ അതിനു ശേഷം പാർടി കൂടുതൽ വളർന്നു എന്ന് അവകാശപ്പെട്ടിട്ടും ഇത്തവണ എൻ ഹരിക്ക് ലഭിച്ചത് 11,694 വോട്ടുകൾ മാത്രം. ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷമാവട്ടെ’9044 വോട്ടും .വോട്ടുകച്ചവടം പുതുപ്പള്ളിയിൽ ഒതുങ്ങാതെ പാലാ, കോട്ടയം, കാഞ്ഞിരപ്പള്ളി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലും ഉണ്ടായതായി കാട്ടി സ്ഥാനാർഥികളും, ജില്ലാ, മണ്ഡലം ഭാരവാഹികളും സംസ്ഥാന – കേന്ദ്ര നേതൃത്വങ്ങൾക്ക് പരാതിയും നൽകിയിട്ടുണ്ട്. ബിജെപി വോട്ട് വാങ്ങിയില്ലായിരുന്നെങ്കിൽ യുഡിഎഫിന് പാലാ, കോട്ടയം, കടുത്തുരുത്തി എന്നിവിടങ്ങളിലും ജയിക്കാനാവുമായിരുന്നില്ലെന്ന് വിലയിരുത്തുന്നവരും ബിജെപിയിലുണ്ട്. കേന്ദ്ര നേതൃത്വം നേരിട്ട് അൽഫോൻസ് കണ്ണന്താനത്തെ കഞ്ഞിരപ്പള്ളിയിൽ ഇറക്കി എ ക്ലാസ് മണ്ഡലമായ് കരുതി അമിത് ഷായെ കൊണ്ടു വന്നിട്ടും സംഘടനയുടെ പോലും വോട്ട് ലഭിച്ചില്ല. ഇത് ചൂണ്ടിക്കാട്ടി കണ്ണന്താനം തന്നെ നേതൃത്വത്തിന് പരാതി നൽകിയിരുന്നു. പരാതികളുടെ പശ്ചാത്തലത്തിൽ ജില്ലാ പ്രസിഡന്റിനെ ഔദ്യോഗിക നേതൃത്വം മാറ്റേണ്ടി വരുമെന്ന നിഗമനത്തിലാണ് എതിർ ചേരി. കൂടുതൽ വോട്ട് കുറവുള്ള ജില്ലകളിലെ പ്രസിഡൻറുമാരെ മാറ്റാൻ സംസ്ഥാന നേതൃത്വത്തിനു മേൽ അതത് മണ്ഡലം ഭാരവാഹികളുടേയും സമ്മർദ്ദം ഉണ്ട്.

error: Content is protected !!