കുന്നത്ത് വീട്ടിലെ നാല് കുഞ്ഞുങ്ങളുടെ വിഷുകൈനീട്ടം മുഖ്യമന്ത്രിയുടെ കോവിഡ് വാക്‌സിൻ ചലഞ്ചിലേക്ക് നൽകി.
പൊൻകുന്നം : കോവിഡ് മഹാമാരിയുടെ അവലോകനം നടത്തിക്കൊണ്ട് മുഖ്യമന്ത്രി നടത്തുന്ന വാർത്താ സമ്മേളനം പതിവായി കാണുന്നതുകൊണ്ടാണ് ഒൻപതു വയസ്സുകാരനായ കുന്നത്ത് വീട്ടിലെ അഭിനവ് ദേവിന് നാടിന് വേണ്ടി തന്നെക്കൊണ്ട് ആവുന്നതുപോലെ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ഉണ്ടായത്. തനിക്കും ഇളയ സഹോദരങ്ങൾക്കും ഇത്തവണ ലഭിച്ച വിഷു കൈനീട്ടം വാക്‌സീൻ ചലഞ്ചിന് നല്കണമെന്ന ആഗ്രഹം അവൻ മുത്തച്ഛനായ മുരളിയോട് പങ്കുവയ്ക്കുകയായിരുന്നു.
അങ്ങനെ കുന്നത്തുവീട്ടിൽ നിന്ന് 1110 രൂപ മുഖ്യമന്ത്രിയുടെ കോവിഡ് വാക്‌സിൻ ചലഞ്ചിലേക്ക്. ചെറുതെങ്കിലും കുന്നത്തുവീട്ടിലെ കുഞ്ഞുങ്ങളുടെ വലിയൊരു തുകയാണിത്. ഇവർക്ക് അച്ഛനമ്മമാർ നൽകിയ വിഷുക്കൈനീട്ടമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
ചിറക്കടവ് പഞ്ചായത്തിലെ 19-ാം വാർഡിലെ കുന്നത്ത് വീട്ടിലെ നാല് കുഞ്ഞു മക്കളുടെ വിഷുകൈനീട്ടം മുഖ്യമന്ത്രിയുടെ കോവിഡ് വാക്‌സിൻ ചലഞ്ചിലേക്ക് നൽകി. കുന്നത്ത് അഭിലാഷ് വിമല ദമ്പതികളുടെ മക്കളായ അഭിനവ് ദേവ് (9), ഇരട്ടക്കുട്ടികളായ അഭിനിമ, അഭിനിയ (4 വയസ്) , അഭിലാഷിന്റെ സഹോദരനായ അനൂപ് അശ്വതി ദമ്പതികളുടെ മകൻ ആയൺഷ് (രണ്ടു വയസ്) എന്നിവരാണ് തങ്ങൾക്ക് കിട്ടിയ വിഷു കൈനീട്ടം മുഖ്യമന്ത്രിയുടെ കോവിഡ് വാക്‌സിൻ ഫണ്ടിലേയ്ക്ക് നൽകിയത്.
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം പതിവായി കാണുന്ന മൂത്തവനായ അഭിനവ് ദേവാണ്, തനിക്കും സഹോദരങ്ങൾക്കും ലഭിച്ച വിഷു കൈനീട്ടം വാക്‌സീൻ ചലഞ്ചിന് നല്കണമെന്ന ആഗ്രഹം മുത്തച്ഛനായ മുരളിയോട് പങ്കുവച്ചത്. തുടർന്ന് നാലുപേരുടേയും വിഷു കൈനീട്ടം ചേർത്ത് 1110 രൂപ മുഖ്യമന്ത്രിയുടെ വാക്‌സിൻ ഫണ്ടിലേക്ക് നല്കുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി. ആർ. ശ്രീകുമാറിനെ ഏൽപ്പിച്ചു.