321 പേർ അണിനിരന്നു; 11 കിലോമീറ്റർ കാടുതെളിച്ചു
എലിക്കുളം: ജനപ്രതിനിധികളും സന്നദ്ധപ്രവർത്തകരും ഒത്തുചേർന്ന് പാലാ-പൊൻകുന്നം റോഡിന്റെ എലിക്കുളം പഞ്ചായത്ത് പരിധിയിലെ 11 കിലോമീറ്റർ ദൂരം ഇരുവശത്തെയും കാടുതെളിച്ചു.
പരിസ്ഥിതിദിനാചരണഭാഗമായാണ് കാടുതെളിച്ച് വഴിയോരത്തെ തണൽമരങ്ങളുടെ വളർച്ചയ്ക്ക് സാഹചര്യമൊരുക്കിയത്. മിക്കയിടത്തും മൂന്നുവർഷം മുൻപ് നട്ട തണൽമരങ്ങൾ വള്ളിപ്പടർപ്പുകൾക്കിടയിൽപ്പെട്ട് വളർച്ച മുരടിച്ച് നിൽക്കുകയായിരുന്നു.
പൈക ആശുപത്രിപ്പടിമുതൽ പൊൻകുന്നം ഒന്നാംമൈൽവരെയുള്ള ശുചീകരണത്തിൽ 321 പേർ പങ്കെടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജിയുടെ നേതൃത്വത്തിൽ പഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് പദ്ധതി പ്രവർത്തകർ, വായനശാലകൾ, യുവജനസംഘടനകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, ഹരിതകർമസേന, സന്നദ്ധസംഘടനാപ്രവർത്തകർ തുടങ്ങിയവർ പങ്കാളികളായി.