ആറ്റിൽ ചാടിയ വില്ലേജ് ഓഫീസറെ രക്ഷിക്കാന്‍ ആറ്റില്‍ ചാടിയ അന്യസംസ്ഥാന തൊഴിലാളിക്ക് അഭിനന്ദന പ്രവാഹം

മണിമല : ഷൂസും ബാഗും ID കാര്‍ഡും മണിമല വലിയപാലത്തില്‍ വച്ചിട്ട് ആറ്റിലേക്ക് ചാടിയ വില്ലേജ് ഓഫീസറെ രക്ഷിക്കാന്‍ ജീവൻ പണയപ്പെടുത്തി ആറ്റിലെ കുത്തൊഴുക്കിലേക്കു ചാടിയ അസം സ്വദേശി യാനുഷിന് അഭിനന്ദന പ്രവാഹം. മണിമലയിലെ ഇറച്ചിക്കടയിലെ ജോലിക്കാരനാണ് യാനുഷ്. നീന്തിയെത്തി വില്ലേജ് ഓഫീസർ പ്രകാശന്റെ കൈയിൽ പിടുത്തം കിട്ടിയെങ്കിലും അത് വഴുതിപ്പോയതിന്റെ ദുഃഖത്തിലാണ് ഇപ്പോൾ യാനുഷ്.

തന്റെ ആരുമില്ലാത്ത ഒരാൾ അപകടത്തിൽ പെട്ടത് കണ്ടപ്പോൾ, മറ്റൊന്നും ചിന്തിക്കാതെ, ആറ്റിലെ കുത്തൊഴുക്കിലേക്കു ചാടി, സാഹസികമായി ഒരു ജീവൻ രക്ഷിക്കുവാൻ ശ്രമിച്ച യാനുഷ് എന്ന യുവാവാണ് ഇന്നത്തെ ഹീറോ ..

തിങ്കളാഴ്ച രാവിലെ മണിമല ബ്രിട്ടീഷ് പാലത്തിലൂടെ അസം സ്വദേശികളായ യാനുഷും സുഹൃത്ത് വിജയിയും നടന്നുപോകുമ്പോഴാണ് സമീപത്തെ വലിയപാലത്തിൽനിന്ന് പ്രകാശ്‌ ആറ്റിലേക്ക് ചാടുന്നത് കണ്ടത്.

ശക്തമായ ഒഴുക്കിൽപ്പെട്ട് പ്രകാശൻ ഒഴുകിപോകുന്നത് കണ്ടപ്പോൾ യാനുഷും ആറ്റിലേക്ക് ചാടുകയായിരുന്നു. എന്നാൽ പ്രകാശിനെ രക്ഷിക്കാനുള്ള ശ്രമം വിജയിച്ചില്ല. നൂറു മീറ്ററിലേറെ നീന്തിയെത്തിയ യാനുഷിന് പ്രകാശന്റെ കൈയിൽ പിടിത്തം കിട്ടിയിരുന്നെങ്കിലും ശക്തമായ ഒഴുക്കിൽ കൈ വഴുതിപോവുകയായിരുന്നു.

അസം സ്വദേശിയായ യാനുഷ് രണ്ട് വർഷം മുമ്പാണ് മണിമലയിലെ ഇറച്ചിക്കടയിൽ ജോലിക്കെത്തുന്നത്. സുഹൃത്തായ വിജയിക്കൊപ്പം രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് ഈ സംഭവങ്ങളുണ്ടായത്.

അതേസമയം, മണിമലയാറ്റിൽ ചാടിയ സ്പെഷ്യൽ വില്ലേജ് ഓഫീസർ പ്രകാശിനെ ഇതുവരെ കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെയാണ് പ്രകാശ് മണിമല വലിയപാലത്തിൽനിന്ന് ആറ്റിലേക്ക് ചാടിയത്. ജോയിന്റ് കൗൺസിൽ നേതാവായ പത്തനാട് സ്വദേശി പ്രകാശ് ചങ്ങനാശ്ശേരി താലൂക്കിലാണ് ജോലിചെയ്തിരുന്നത്. ആത്മഹത്യ ചെയ്യാനായാണ് ആറ്റിൽ ചാടിയതെന്നാണ് പോലീസിന്റെ നിഗമനം. പ്രകാശനെ കണ്ടെത്താനായി അഗ്നിരക്ഷാസേനയും സ്കൂബ ടീം അംഗങ്ങളും ആറ്റിൽ തിരച്ചിൽ നടത്തി.

error: Content is protected !!