പൊൻകുന്നം-പുനലൂർ ഹൈവേപരാതികളുടെ പെരുമഴ
:ചിറക്കടവ് അമ്പലത്തിന് സമീപം റോഡ് ചെളിപുതഞ്ഞ് ഏറെ അപകടാവസ്ഥയിലായി. പ്രദേശത്ത് ഇരുചക്രവാഹനങ്ങൾ കടന്നുപോകുമ്പോൾ പാളി അപകടങ്ങൾ പതിവായി. കാൽനടയാത്രക്കാർക്ക് റോഡിലൂടെ നടക്കാനാവില്ല. അടിച്ചുമാക്കൽ പാലത്തിന്റെ പുനർനിർമാണം നടക്കുന്ന ഇവിടെ കനത്തമഴയിൽ വെള്ളം തോട്ടിലേക്ക് ഒഴുകാതെ റോഡിലൂടെയെത്തുന്നതാണ് ഇത്രയേറെ ദുരിതമായത്.
പൊൻകുന്നം: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പൊൻകുന്നം-പുനലൂർ റോഡിലെ പ്ലാച്ചേരി-പൊൻകുന്നം റീച്ചിലെ നിർമാണത്തെക്കുറിച്ച് പരാതികളുമായി ജനപ്രതിനിധികൾ. ഏറ്റെടുത്ത സ്ഥലം പൂർണമായും വിനിയോഗിച്ചില്ല, നിർമാണത്തിലിരിക്കുന്ന കൽക്കെട്ടുകൾ ഇടിഞ്ഞുവീഴുന്നു, ഇടറോഡുകളുടെ സുരക്ഷിതത്വമില്ലായ്മ തുടങ്ങി വിവിധ ആക്ഷേപങ്ങളാണ് ഉയരുന്നത്.
മണിമലയാറിന്റെ തീരം ഇപ്പോൾതന്നെ ഇടിയുകയാണ്. മൂലേപ്ലാവ് എസ്.സി.ടി.എം.സ്‌കൂൾ പരിസരത്ത് പൊതുകിണർ ഇടിഞ്ഞുനശിച്ചു. ഓട നിർമാണത്തിലെ അപാകംമൂലം വെള്ളം റോഡിലൂടെ കുത്തിയൊലിക്കുകയാണ്. പ്രധാനകേന്ദ്രങ്ങളെ ഒഴിവാക്കിയാണ് ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ. കൂടാതെ ഒരുവശത്തുമാത്രം കാത്തിരിപ്പുകേന്ദ്രം നിർമിക്കുന്നതിനാൽ ബസിൽ കയറാൻ ആൾക്കാർ കുറുകെ കടക്കേണ്ടിവരും. ഇത് തിരക്കേറിയ പാതയിൽ അപകടകാരണമാണ്.
വളവ് നിവരാതെ തെക്കേത്തുകവല
:പൊൻകുന്നത്തിനും മണിമലയ്ക്കും ഇടയിലെ തിരക്കുള്ള പ്രദേശമായ തെക്കേത്തുകവലയിൽ ഹൈവേ നിർമാണത്തിലൂടെ വളവ് കൂടുകയാണെന്ന് പ്രദേശവാസികളും ജനപ്രതിനിധികളും പറയുന്നു. നേരത്തെ യൂടേൺ രീതിയിലുണ്ടായിരുന്ന പ്രദേശത്ത് ഇപ്പോൾ 90 ഡിഗ്രി വളവായി അപകടസാധ്യത കൂടി. ഇടറോഡുകളിൽനിന്ന് ഹൈവേയിലേക്ക് കടക്കുന്നിടം വീതിയില്ല. കുപ്പിക്കഴുത്തുപോലെയാണ് നിർമാണം കഴിയുമ്പോൾ.
ഇതുസംബന്ധിച്ച് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.എൻ.ഗിരീഷ്‌കുമാർ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നൽകി. മന്ത്രി സ്ഥലം സന്ദർശിച്ച് സത്യസ്ഥിതി ബോധ്യപ്പെടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സംയുക്തപരിശോധനയ്ക്ക് തീരുമാനമെടുത്ത് പഞ്ചായത്ത്
:ഹൈവേ നിർമാണത്തിലെ അപാകങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ ചിറക്കടവ് പഞ്ചായത്ത് മുൻകൈയെടുത്ത് യോഗം ചേർന്നു. ഡോ.എൻ.ജയരാജ് എം.എൽ.എ.പങ്കെടുത്തു. കെ.എസ്.ടി.പി.അധികൃതരും കരാർ കമ്പനി പ്രതിനിധികളുമുണ്ടായിരുന്നു.
വിവിധ ഭാഗങ്ങളിൽ ജനങ്ങൾ ഉന്നയിച്ച പരാതികൾ എം.എൽ.എ.യും പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാറും അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി. എല്ലാ ബസ് സ്റ്റോപ്പുകളിലും ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടു. നിർമാണത്തെക്കുറിച്ചുള്ള പരാതികൾ മനസ്സിലാക്കാൻ ചൊവ്വാഴ്ച പഞ്ചായത്ത്, കെ.എസ്.ടി.പി.അധികൃതരും കമ്പനി പ്രതിനിധികളും ചേർന്ന് പ്രശ്‌നമേഖലകളിൽ പരിശോധന നടത്തും.