ഏന്തയാർ-വാഗമൺ റോഡിന്റെ സംരക്ഷണഭിത്തിയിടിഞ്ഞ് ഗതാഗതം മുടങ്ങി
മുണ്ടക്കയം: കനത്ത മഴയിൽ ഏന്തയാർ-ഉറുമ്പിക്കര-ഏലപ്പാറ റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്തെ ഇരുപതോളം താമസക്കാരുടെ ഏക യാത്രാമാർഗം അടഞ്ഞു.
കുന്നത്തൂർ ജോൺസന്റെ പുരയിടത്തിൽ നിന്നുമെത്തിയ മലവെള്ളപ്പാച്ചിലിൽ ഇരുപത് അടി ഉയരത്തിലും 25 മീറ്റർ നീളത്തിലുമുള്ള റോഡിന്റെ സംരക്ഷണഭിത്തി ഒഴുകിപ്പോയി. ഇവിടെനിന്നും പത്ത് കിലോമീറ്റർ മാത്രമുള്ള ഏലപ്പാറയിലെത്തുവാൻ അൻപത് കിലോമീറ്റർ യാത്രചെയ്യേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതിയിൽപ്പെടുത്തി നിർമിച്ച റോഡാണിത്. തേയില കർഷകർ ഏറെയുള്ള പ്രദേശമായ ഇവിടെനിന്നും പച്ചക്കൊളുന്ത് ഫാക്ടറികളിലെത്തിക്കുവാനും പറ്റാതായി.
പ്രദേശത്ത് ലൈഫ് മിഷൻ പദ്ധതിപ്രകാരം നിർമാണത്തിലിരിക്കുന്ന നിരവധി വീടുകളിലേക്ക് നിർമാണ സാമഗ്രികൾ എത്തിക്കുവാനും സാധിക്കുന്നില്ല.