ജൂവലറി കവർച്ച : സമീപത്തെ ലോഡ്ജിൽ താമസിച്ചവരുടെ വിവരങ്ങളെടുക്കും
കാഞ്ഞിരപ്പള്ളി: കവർച്ച നടന്ന ജൂവലറിക്ക് സമീപം പ്രവർത്തിക്കുന്ന ലോഡ്ജിൽ താമസിച്ചിരുന്നവരുടെ വിവരങ്ങൾ പോലീസ് ശേഖരിക്കും. ആറ് മാസം മുൻപുവരെ താമസിച്ചവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്.
ലോഡ്ജിൽനിന്ന് നോക്കിയാൽ ജൂവലറിയുടെ പിൻഭാഗം വ്യക്തമായി കാണാൻ സാധിക്കും. മുൻപ് സമാനമായ കേസുകളിൽ പ്രതിയായിട്ടുള്ളവരെയും ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരെ സംബന്ധിച്ചും പോലീസ് പരിശോധന നടത്തും.
ഈരാറ്റുപേട്ട റോഡ്, പേട്ടക്കവല, ദേശീയപാത 183 തുടങ്ങിയ ഇടങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസ് പരിശോധിക്കും. ജൂവലറിക്ക് സമീപത്തെ വ്യാപാരികൾ, പ്രദേശവാസികൾ എന്നിവരിൽനിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചു.
ഡിവൈ.എസ്.പി. എൻ.സി.രാജ്‌മോഹന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി എസ്.ഐ. എൽദോ പോൾ അന്വേഷണ ഉദ്യോഗസ്ഥനായിട്ടുള്ള പത്ത് പേരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ ലക്ഷ്മി ജൂവലറിൽനിന്ന് നാല് പവൻ സ്വർണവും രണ്ട് കിലോ വെള്ളിയുമാണ് മോഷണം പോയത്. പിൻഭാഗത്തെ ഭിത്തി തുരന്ന് അകത്ത് കയറിയായിരുന്നു മോഷണം.