കോവിഡ് കാരണം ബോട്ടിങ് മുടങ്ങി; ബോട്ടുകൾ കാടുമൂടി
മുണ്ടക്കയം ഈസ്റ്റ് ∙ മണിക്കൽ പാർക്ക് ആൻഡ് ലേക്ക് വിനോദ സഞ്ചാര പദ്ധതിയുടെ ഫൈബർ ബോട്ടുകൾ കരയിൽ കിടന്ന് കാടുകയറുന്നു. മണിക്കൽ ആറ്റിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചെക്ക് ഡാം നിർമിച്ചത്. ആറ്റിൽ ജലനിരപ്പ് ഉയരുകയും കോവിഡ് വ്യാപനം ഉണ്ടാകുകയും ചെയ്തതോടെ രണ്ട് പെഡൽ ബോട്ടുകളും ഒരു കുട്ട വഞ്ചിയും സമീപത്തെ റബർ ഫാക്ടറിയുടെ പരിസരത്തേക്കു മാറ്റി. ഇപ്പോൾ ഇതിനു മുകളിൽ കാടുകൾ വളർന്നു.
പെരുവന്താനം പഞ്ചായത്തിൽ മണിക്കല്ലിൽ ചെക്ക് ഡാമിൽ വിനോദ സഞ്ചാര പദ്ധതി ആരംഭിച്ചതോടെ ഇടുക്കിയിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രധാന ഇടത്താവളമായിരുന്നു ഇവിടെ. ബോട്ടിങ്ങായിരുന്നു പ്രധാന ആകർഷണം. കോവിഡ് ഇളവുകൾ വരുന്നത് അനുസരിച്ച് പാർക്ക് ആൻഡ് ലേക്ക് വീണ്ടും പഴയ രീതിയിൽ പ്രവർത്തിക്കുമെന്നാണു പഞ്ചായത്ത് അധികൃതർ പറയുന്നത്. എന്നാൽ അതു വരെ ഫൈബർ ബോട്ടുകൾ സുരക്ഷിത സ്ഥാനത്തേക്കു നീക്കണം എന്നാണ് ആവശ്യം.