രാത്രിയിൽ പാലായിൽ എത്തുന്നവർ സൂക്ഷിക്കുക : രാത്രിയിലെ തെരുവുനായ് ശല്യം പകൽപോലെ സത്യം

പാലാ ∙ മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി. നായ്ക്കളുടെ ആക്രമണം മൂലം ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.  രാത്രി കാലങ്ങളിലും   അതിരാവിലെയും പ്രധാന റോഡുകളിൽ എത്തുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ടൗണുകളിൽ മാലിന്യം കിടക്കുന്നിടത്താണ് നായ്ക്കൾ ഏറെയുള്ളത്. രാത്രി കാലങ്ങളിൽ ബസുകളിലെത്തി ടൗണിലൂടെ നടന്നു പോകുന്നവർ നായ്ക്കളുടെ ആക്രമണത്തിന് ഇരയാകാറുണ്ട്. 

ചെത്തിമറ്റം, കടപ്പാട്ടൂർ, റിവർവ്യൂ റോഡ്, ടൗൺ ‍ഹാൾ പരിസരം, കൊട്ടാരമറ്റം, വലവൂർ, പാലയ്ക്കാട്ടുമല, ഇടമറ്റം, പൈക, കൊല്ലപ്പള്ളി, കിടങ്ങൂർ, ഭരണങ്ങാനം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നായ്ക്കളുടെ ശല്യം രൂക്ഷമാണ്.  മീനച്ചിലാറിന്റെ തീരങ്ങളിലും നായ്ക്കളുടെ ശല്യം ഏറെയാണ്. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതും ഇവ പെരുകുന്നതിന് ഇടയാക്കുന്നുണ്ട്. രാവിലെ നടക്കാൻ എത്തുന്നവരെ നായ്ക്കൾ ആക്രമിക്കുന്ന സംഭവവുമുണ്ട്. 

സ്റ്റേഡിയത്തിനുള്ളിലും നഗരസഭ‍ കോംപ്ലക്‌സിന്റെ പിൻഭാഗങ്ങളിലും പകൽ സമയത്തും നായ്ക്കളുടെ ശല്യമുണ്ട്. പരസ്പരം കടിപിടി കൂടുന്നതും കാൽനടക്കാർക്ക് നേരെ കുരച്ച് ചാടുന്നതും നിത്യസംഭവമാണ്. ആട്, കോഴി എന്നിവയെ ആക്രമിക്കുന്നതും കൊല്ലുന്നതും പതിവായിട്ടുണ്ട്.

ഡോഗ് പാർക്ക്  ഉണ്ട് ; പക്ഷേ നശിച്ചു 

വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെയും പലപ്പോഴും നായ്ക്കൾ ആക്രമിക്കാറുണ്ട്. ഇരുചക്ര വാഹനങ്ങളുടെ പിന്നാലെ നായ്ക്കൾ ഓടുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നു. നായ്ക്കളെ മുട്ടി ബൈക്കുകൾ മറിയുന്ന സംഭവങ്ങളുമുണ്ട്. അതേസമയം, തെരുവു നായ്ക്കളെ സംരക്ഷിക്കാൻ ലക്ഷങ്ങൾ മുടക്കി നഗരസഭ നിർമിച്ച ഡോഗ് പാർക്ക് കാടു പിടിച്ചും തുരുമ്പെടുത്തും നശിക്കുകയാണ്. 

ഇരുചക്ര വാഹന യാത്രക്കാർക്കും കാൽനടക്കാർക്കും സുരക്ഷിതമായി സഞ്ചരിക്കാൻ ആവശ്യമായ നടപടി‍ സ്വീകരിക്കണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. സെക്രട്ടറി ജോയി കളരിക്കൽ, ബാലകൃഷ്ണൻ മേവട, ടെന്നി കിഴപറയാർ, ജോബി കടനാട്, ബിനു കൊല്ലപ്പള്ളി എന്നിവർ പ്രസംഗിച്ചു. 

error: Content is protected !!