വയോധികരുടെ എടിഎം കാർഡ് മോഷ്ടിച്ച്, ഹെൽമറ്റും മാസ്കും ധരിച്ച് എടിഎമ്മിൽ നിന്നും പണം തട്ടി; പോലിസ് അന്വേഷണം ഊർജിതമാക്കി .. .പോലീസ് ക്യാമറകകണ്ണുകളിൽ പ്രതീക്ഷ വച്ച് പണം നഷ്ട്ടപെട്ട വയോധികർ ..
എരുമേലി : വയോധിക ദമ്പതികളുടെ നഷ്‌ടപ്പെട്ട എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ച അജ്ഞാതനെ തേടി എരുമേലി പോലിസ് ഊർജിത അന്വേഷണം ആരംഭിച്ചു. പ്രതിയുടേതെന്ന് സംശയിക്കുന്ന സിസി ക്യാമറയിലെ ദൃശ്യങ്ങൾ പോലിസ് പരിശോധിച്ച് വരികയാണ്.
ജൂൺ 17 നാണ് എരുമേലി ടൗണിലെ രണ്ട് ബാങ്കുകളുടെ എടിഎം കൗണ്ടറുകളിൽ നിന്നും നഷ്‌ടപ്പെട്ട എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കപ്പെട്ടത്. പമ്പാവാലി സ്വദേശികളായ വയോധിക ദമ്പതികളുടെ എടിഎം കാർഡ് ആണ് നഷ്‌ടപ്പെട്ടത്. യാത്രയ്ക്കിടെ കാറിൽ നിന്നും എടിഎം കാർഡ് നഷ്‌ടപ്പെടുകയായിരുന്നു. തുടർന്ന് ഇക്കാര്യം ബാങ്ക് അധികൃതരെ അറിയിച്ചപ്പോഴാണ് അക്കൗണ്ടിൽ അവശേഷിച്ചിരുന്ന 15,500 രൂപ പിൻവലിച്ചതായി അറിഞ്ഞത്. തുടർന്ന് ദമ്പതികൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
എടിഎം കാർഡിന്റെ രഹസ്യ പിൻ നമ്പർ അറിയാവുന്ന ആരോ കാർഡ് മോഷ്ടിച്ചതാകാമെന്നാണ് പോലിസ് സംശയിക്കുന്നത്. സ്റ്റേഷൻ ഹൗസ് ഓഫിസർ എ ഫിറോസിന്റെ നേതൃത്വത്തിൽ എടിഎം കൗണ്ടർ പരിശോധിക്കുകയും സിസി ക്യാമറാ ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തു. ഹെൽമെറ്റും മാസ്കും ധരിച്ച ഒരു യുവാവ് ആണ് പണം പിൻവലിക്കുന്നതായി ദൃശ്യങ്ങളിൽ ഉള്ളത്. കൂടുതൽ ദൃശ്യങ്ങൾ തെളിവിനായി ശേഖരിക്കുന്നതിന് വേണ്ടി ദൃശ്യങ്ങളുടെ പകർപ്പുകൾ ഹാജരാക്കാൻ ബാങ്ക് അധികൃതർക്ക് പോലിസ് നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ ദൃശ്യങ്ങൾ ലഭിക്കുന്നതോടെ പ്രതിയെ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലിസ്. വിദേശത്തുള്ള മക്കൾ വീട്ടുചെലവിനായി അയക്കുന്ന പണം ദമ്പതികൾ എടിഎം മുഖേനെയാണ് എടുത്തിരുന്നത്.
എരുമേലി ടൗണിന്റെ മുക്കിലും മൂലയിലും സ്ഥാപിച്ചിരിക്കുന്ന നിരവധി സിസി ടിവി ക്യാമറകളാൽ സദാസമയവും നിരീക്ഷണം നടത്തി നിരവധി കേസുകളിലെ പ്രതികളെ പിടികൂടിയ എരുമേലി പൊലീസിലെ സമർത്ഥരായ ഉദ്യോഗസ്ഥർ എടിഎം കാർഡ് മോഷ്ടാവിനെ ഉടൻ പിടികൂടുമെന്ന പ്രതീക്ഷയിലാണ് പണം നഷ്ട്ടപെട്ട വയോധികർ ..