കാന്താരി വിപ്ലവത്തിന് ശേഷം “പോത്ത് ഗ്രാമം” പദ്ധതിയുമായി കണമല ബാങ്ക് വീണ്ടും ചരിത്രം കുറിക്കുന്നു ..

August 28, 2020 

കണമല : കണമല ബാങ്ക് തുടക്കം കുറിച്ച കാന്താരി വിപ്ലവം ദേശീയ അന്തർദേശീയ തലത്തിൽ വാർത്തയായതിനു ശേഷം അത്തരത്തിൽ തന്നെയുള്ള ബാങ്കിന്റെ അടുത്ത പ്രൊജക്റ്റ് ആയ “കണമല പോത്ത് ഗ്രാമം ” സംരഭത്തിന് കണമലയിൽ തുടക്കമായി. ബാങ്കിന്റെ നേതൃത്വത്തിൽ നൂറുകിലോയ്ക്കുമേൽ തൂക്കമുള്ള മുറ പോത്തിൻ കുട്ടികളെ കർഷകർക്കു വളർത്തുവാൻ വേണ്ടി വിതരണം ചെയ്തു. ബാങ്കിന്റെ കീഴിലുള്ള ഇരുപതോളം ഫാർമേഴ്‌സ് ക്ളബ്ബുകളിലൂടെ അഞ്ഞൂറോളം കുടുബങ്ങളെ പോത്തുകൃഷിയിലേക്ക് കൊണ്ടുവന്ന് കണമല ഗ്രാമം കേരളത്തിലെ പോത്ത് കൃഷിയുടെ ഹബ് ആക്കിമാറ്റുവാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്‌ 

ശരിയായി പരിപാലിച്ചാൽ രണ്ടു വർഷങ്ങൾ കൊണ്ട് അഞ്ഞൂറ് കിലോയോളം തൂക്കം വയ്ക്കുന്ന മുറ സങ്കര പോത്തുകളയാണ് കർഷകർക്ക് വളർത്തുവാൻ നൽകിയത്. ഹരിയാനയിൽ നിന്ന് ലോറികളിൽ കൊണ്ടുവന്ന 40 പോത്തിൻ കിടാരികളെയാണ് വെള്ളിയാഴ്ച കർഷകർക്ക് വിതരണം ചെയ്തത്. ഇരുനൂറ് പോത്തുകൾക്ക് നിലവിൽ ഓർഡർ ഉണ്ടെന്നും, അടുത്ത മാസം നൂറ് പോത്തുകളെക്കൂടി കൊണ്ടുവരുമെന്ന് ബാങ്ക് പ്രസിഡന്റ് അഡ്വ. ബിനോയ്‌ മങ്കന്താനം പറഞ്ഞു. 

പോത്തിനെ വാങ്ങിക്കുന്നതിന് ബാങ്ക് ഏഴു ശതമാനം പലിശയിൽ ഓരോ കർഷകർക്കും പതിനയ്യായിരം രൂപ വീതം വായ്പ കൊടുത്തു. എല്ലാ പോത്തുകളെയും ഇൻഷുർ ചെയ്താണ് നൽകിയത്. അതിനാൽ തന്നെ ഈ കൃഷിയിൽ നഷ്ടം വരുമെന്ന ആശങ്ക വേണ്ട. നന്നായി പരിപാലിച്ചാൽ മുടക്കുമുതലിന്റെ നിരവധി ഇരട്ടി തുക ലാഭം കൊയ്യുവാൻ സാധിക്കുന്ന സംരംഭമാണ് മുറ പോത്തുകൃഷി. 

പമ്പയാറിന്റെ തീരത്തു താമസിക്കുന്നവർക്ക് ആവശ്യത്തിന് വെള്ളം ലഭിക്കുമെന്ന സൗകര്യമുള്ളതിനാൽ പോത്തു വളർത്തൽ എളുപ്പമാണ്. അതിനാൽ തന്നെ അടുത്ത തവണ നിരവധി കർഷകർ പോത്തു വളർത്തൽ കൃഷി ചെയ്യുവാൻ മുന്നോട്ട് വരുമെന്നാണ് ബാങ്ക് പ്രതിനിധികൾ പ്രതീക്ഷിക്കുന്നത്. 

കണമലയിൽ പോത്തുകൃഷി ആരംഭിക്കുന്നുവെന്ന് അറിഞ്ഞ ഉടനെത്തന്നെ വിവിധ മേഖലകളിൽ നിന്നും രണ്ടു വർഷത്തിന് ശേഷം ലഭിച്ചേക്കാവുന്ന പോത്തിറച്ചിക്കു വേണ്ടി ഇറച്ചികച്ചവടക്കാർ ഇപ്പഴേ ബുക്കിംഗ് തുടങ്ങി എന്നാണ് അറിയുന്നത്. 

കണമല ഇനി കേരളത്തിന്റെ കാർഷിക ചരിത്രത്തിലെ പുതുവഴിയുടെ ഇടമായി മാറുമെന്ന് ബാങ്ക് പ്രസിഡന്റ് അഡ്വ. ബിനോയ്‌ മങ്കന്താനം പറഞ്ഞു. പോത്ത് വിതരണത്തിന് ബാങ്ക് കമ്മറ്റി അംഗങ്ങൾ എല്ലാവരും സന്നിഹിതരായിരുന്നു. 

error: Content is protected !!