പിടപിടയ്ക്കുന്ന മീനുകളുമായി കാപ്പുകയം ഫിഷ് ഫാമിൽ വിളവ് നൂറുമേനി.. മൽസ്യ വിളവെടുപ്പ് ഉത്സവമാക്കി നാട്ടുകാർ ..

March 7, 2020 

പിടപിടയ്ക്കുന്ന മീനുകളുമായി കാപ്പുകയം ഫിഷ് ഫാമിൽ വിളവ് നൂറുമേനി.. മൽസ്യ വിളവെടുപ്പ് ഉത്സവമാക്കി നാട്ടുകാർ ..

എലിക്കുളത്തിനു സമീപത്തുള്ള കാപ്പുകയം കാരകുളം T D ഫിഷ് ഫാമിൽ നടന്ന ഫ്രഷ് മൽസ്യ വിളവെടുപ്പ് കാണുവാനും, ജീവനുള്ളതും 100% വിഷരഹിതവുമായ മീനുകളെ കുളത്തിൽ നിന്നും നേരിട്ടു വാങ്ങുവാനും നിരവധി പേർ സ്ഥലത്ത് എത്തിയിരുന്നു. ടി ഡി ജോസ് തെക്കേക്കുറ്റ് ആണ് 90 അടി നീളത്തിലും, 7 അടി വീതിയിലും നിർമ്മിച്ച കുളത്തിൽ മൽസ്യ വിസ്മയം ഒരുക്കിയിരിക്കുന്നത് . മലേഷ്യൻ വാള, കരിമീനിനു തുല്യമായ ഗിഫ്റ്റ് തിലോപ്പിയ മുതലായ മീനുകളായിരുന്നു കുളത്തിൽ കൃഷി ചെയ്തിരുന്നത് . 

പുരയിടത്തിലെ വയലിൽ ആഴത്തിൽ കുഴിച്ചാണ് ജോസ് കുളം നിർമ്മിച്ചത് . പതിനഞ്ചടിയോളം താഴ്ന്നപ്പോഴേക്കും നിറയെ വെള്ളം ലഭിച്ചു. അതിനാൽ ജൈവ മൽസ്യ കൃഷിയാണ് പരീക്ഷിച്ചത്. മീനുകളെ പ്രകൃതിദത്തമായ വെള്ളത്തിൽ തന്നെ വളർത്തുവാൻ സാധിച്ചു. സമ്മിശ്രമത്സ്യ കൃഷിരീതിയാണ് ജോസ് നടത്തുന്നത്. സമ്മിശ്രമത്സ്യ കൃഷിയെന്നാല്‍ കുളത്തില്‍ അനുയോജ്യമായ ഒന്നില്‍ കൂടുതല്‍ മത്സ്യങ്ങളെ ഒന്നിച്ച് വളര്‍ത്തുന്ന രീതിയാണിത്. ഇങ്ങനെ വളര്‍ത്തുമ്പോള്‍ ആഹാരപദാര്‍ത്ഥങ്ങളെ കൂടുതല്‍ ഉപയോഗപ്പെടുത്തി മത്സ്യോല്‍പ്പാദനം വര്‍ധിപ്പിക്കുവാന്‍ സാധിക്കുന്നു. സമ്മിശ്രമത്സ്യ കൃഷിക്കായി തിരഞ്ഞെടുക്കുന്ന മത്സ്യങ്ങള്‍ തമ്മില്‍ പൊരുത്തപ്പെടുന്നവയും ആഹാരരീതികളില്‍ വത്യസ്തവുമായിരിക്കണം. 

ആദ്യപടിയായി ഫിഷറീസിൽ നിന്നും ആറായിരം മലേഷ്യൻ വാള കുഞ്ഞുങ്ങളെയും., ഗിഫ്റ്റ് തിലോപ്പിയ കുഞ്ഞുങ്ങളെയും കുളത്തിൽ നിക്ഷേപിച്ചു. എട്ടു മാസം കൊണ്ട് മീനുകൾ ഓരോന്നും 700 ഗ്രാം വരെ വളർച്ചയിലെത്തി . 

ഈ വർഷം തന്നെ നാല് തവണ വിളവെടുപ്പ് നടത്തി. ഓരോ പ്രാവശ്യവും മുന്നൂറു , നാനൂറ് കിലോക്ക് മുകളിൽ മീൻ ലഭിക്കാറുണ്ട് . മൽസ്യ വിളവെടുപ്പ് നടത്തുമ്പോൾ നാട്ടുകാരും, സുഹൃത്തുക്കളും ഒക്കെ എത്തി ആഘോഷമായാണ് മീൻപിടുത്തം നടത്തുന്നത്. കുളത്തിന്റെ ഒരറ്റം മുതൽ വല വിരിച്ചു മീനുകളെ ഓടിച്ചു കുളത്തിന്റെ മറ്റേ മൂലയിൽ ആക്കിയ ശേഷം വല വലിച്ചു മീനുകളെ ഒരുമിച്ചു പിടിക്കുകയാണ് പതിവ് . 

പിടിക്കുന്ന മീനുകളെ ചെറിയ ഒരു കുളത്തിലേക്ക് മാറ്റിയ ശേഷം ആവശ്യക്കാർക്ക് അവിടെ നിന്നും ജീവനോടെ നേരിട്ട് പിടിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. വിളവെടുപ്പ് നടത്തിയാൽ പിന്നെ ഒരാഴ്ചത്തേക്കു വിൽക്കുവാനുള്ള മീനുകൾ കുളത്തിൽ ജീവനോടെ സൂക്ഷിക്കാറുണ്ട് . 

ജീവനുള്ളതും 100% വിഷരഹിതവുമായ മീനുകളെ വാങ്ങുവാൻ നിരവധിപേർ മൽസ്യവിളവെടുപ്പു സമയത്തു എത്താറുണ്ടെന്നു ജോസ് പറഞ്ഞു. ബക്കറ്റുമായി എത്തി ജീവനുള്ള മീനുകളുമായാണ് പലരും പോകുന്നത്, വീട്ടിലെത്തി ബക്കറ്റിൽ മീനുകളെ സൂക്ഷിച്ചശേഷം ആവശ്യാനുസരണം മീനുകളെ പിടിച്ചു കറി വയ്ക്കുകയാണ് പതിവ്. അതിനാൽ ഫ്രഷ് മീനിന്റെ രുചി ആസ്വദിക്കുവാൻ സാധിക്കും. 

കേരളത്തില്‍ ശുദ്ധജല മത്സ്യ കൃഷിക്ക് അവസരങ്ങള്‍ കൂടുതലാണ്. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളുടെയും ഇഷ്ടവിഭവങ്ങളില്‍ ഒന്നാണ് മത്സ്യം എന്നതു കൊണ്ട് തന്നെ മത്സ്യകൃഷി വളരെ ലാഭകരമായിരിക്കും എന്നതില്‍ സംശയമില്ല. നമ്മള്‍ ഉപയോഗിക്കുന്ന മത്സ്യത്തില്‍ ഭൂരിഭാഗം കടല്‍ മത്സ്യങ്ങളാണ്. എന്നാല്‍ കടലില്‍ നിന്ന് ലഭിക്കുന്ന മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ശുദ്ധജല മത്സ്യകൃഷിക്ക് വളരെ പ്രധാന്യമാണുള്ളത്. 

മാർക്കറ്റിൽ കിട്ടുന്ന കടൽ മത്സ്യങ്ങളിൽ നിറയെ രാസവസ്തുക്കൾ ആരെന്ന വിചാരത്തിൽ മീൻ വാങ്ങുവാൻ മടിക്കുന്നവർക്ക് ധൈര്യമായി 100% വിഷരഹിതവുമായ മീനുകളെ വാങ്ങുവാൻ അവസരമൊരുക്കുകയാണ് ഇത്തരം ജൈവ ഫിഷ് ഫാമുകൾ.

error: Content is protected !!