പൊൻകുന്നം-പ്ലാച്ചേരി റീച്ചിൽ മൂന്നിടത്തായി ഹൈവേ ടാറിങ് പുരോഗതിയിൽ
പൊൻകുന്നം: പുനലൂർ-പൊൻകുന്നം റോഡിന്റെ നവീകരണ ഭാഗമായി പ്ലാച്ചേരി റീച്ചിൽ മൂന്നിടത്തായി ടാറിങ് പുരോഗമിക്കുന്നു. പുനലൂർ-മൂവാറ്റുപുഴ ഹൈവേയുടെ തുടർഭാഗമായാണ് പൊൻകുന്നം-പുനലൂർ റോഡിന്റെ നിർമാണം കെ.എസ്.ടി.പി.നടത്തുന്നത്. ലോകബാങ്കിന്റെ സഹായത്തോടെ ആധുനിക നിലവാരത്തിലാണ് ടാറിങ് നടത്തുന്നത്.
പൊന്തൻപുഴ മുതൽ ചെറുവള്ളി വരെയുള്ള 10 കിലോമീറ്ററാണ് ടാറിങ് തുടങ്ങിയത്. പൊന്തൻപുഴ-കറിക്കാട്ടൂർ, മൂലേപ്ലാവ്-പഴയിടം, ചെറുവള്ളി ക്ഷേത്രം-തെക്കേത്തുകവല എന്നിങ്ങനെ മൂന്ന് ഭാഗത്തായാണ് ആദ്യഘട്ടം ടാറിങ് നടത്തുന്നത്.
ഏഴുമീറ്റർ വീതിയിൽ കാര്യേജ് വേയും ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയിൽ പേവ്ഡ് ഷോൾഡർ ഉൾപ്പെടെ 10 മീറ്റർ വീതിയിലാണ് ടാറിങ് നടത്തുന്നത്. റോഡ് നിരപ്പാക്കിയ ശേഷം ഗ്രാനുലാർ സബ് ബേസ് (ജിഎസ്ബി) ചെയ്യും. 6 സെന്റിമീറ്റർ കനത്തിൽ ഡിബിഎം ( ഡെൻസ് ബിറ്റുമെൻ മെക്കാർഡം) ആണ് ചെയ്യുന്നത്.
മറ്റുരണ്ടു റീച്ചുകളിലും ഉടൻ നിർമാണ ജോലികൾ ആരംഭിക്കും. എല്ലായിടത്തും ഏറ്റെടുത്ത സ്ഥലങ്ങളിലെ മണ്ണുനീക്കലും റോഡ് നിരപ്പാക്കലും നടക്കുന്നുണ്ട്. പൊൻകുന്നം ടൗണിലേക്ക് പ്രവേശിക്കുന്ന ഭാഗം അവസാനഘട്ടമായി ടാറിങ്ങ് നടത്തുന്നതിനാണ് ആലോചന.
പൊൻകുന്നം മുതൽ തെക്കേത്തുകവല വരെയുള്ള വിവിധ വളവുകൾ നിവർക്കുന്നതിന് ഏറ്റെടുത്ത സ്ഥലത്ത് ഉയരത്തിൽ സംരക്ഷണഭിത്തി നിർമിച്ച് മണ്ണിട്ടുനിറയ്ക്കുന്ന ജോലികളും പുരോഗമിക്കുന്നു. അപകടകരമായ വളവുകൾ ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ. റോഡിലെ കയറ്റിറക്കങ്ങളും കുറയ്ക്കും.